HOME
DETAILS

എണ്ണവിലയുടെ രാഷ്ട്രീയം

  
backup
October 24 2022 | 04:10 AM

oil-politics

എൻ.പി ചെക്കുട്ടി


യൂറോപ്പിൽ ഇപ്പോൾ രാഷ്ട്രീയ കോളിളക്കങ്ങളുടെ കാലമാണ്. സെപ്റ്റം
ബർ ആറിന് ബ്രിട്ടനിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ്സ് വെറും ആറാഴ്ച മാത്രമാണ് പദവിയിൽ നിലനിന്നത്. സത്യത്തിൽ അവർ പ്രധാനമന്ത്രിയെന്ന നിലയിൽ ചുമതലകൾ നിർവഹിച്ചത് വെറും ഒരാഴ്ച മാത്രമാണെന്ന് പ്രമുഖ ബ്രിട്ടിഷ് പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്ഞിയുടെ മരണത്തെ തുടർന്ന് പത്തു ദിവസം രാജ്യത്തു ദുഃഖാചരണമായിരുന്നു. അതിനാൽ പതിനാറിനാണ് അവർ ഔദ്യോഗിക ചുമതലകൾ ആരംഭിച്ചത്. ഒരാഴ്ച കഴിഞ്ഞു 23നു സർക്കാർ പുതിയ നികുതിനയങ്ങൾ പ്രഖ്യാപിച്ചു. അതോടെ ആകാശം ഇടിഞ്ഞുവീണ മട്ടിലായി കാര്യങ്ങൾ. അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ പിന്നീട് അവർ കുറെ ദിവസം വൃഥാശ്രമം നടത്തി എന്നുമാത്രം. ലിസ് ട്രസ്സിന്റെ ഭരണം ഫ്രിഡ്ജിൽ സൂക്ഷിച്ച പച്ചക്കറിയുടെ അത്രപോലും കാലം നിലനിന്നില്ല എന്നാണ് പത്രം ചൂണ്ടിക്കാട്ടിയത്.


ഇതേ തരത്തിലുള്ള ആഭ്യന്തരമാറ്റങ്ങൾ യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും കാണുന്നുണ്ട്. ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോൺ കടുത്ത വലതുപക്ഷ ആക്രമണത്തെയാണ് നേരിടുന്നത്. ജർമനിയിൽ ഈയിടെ അധികാരം ഏറ്റെടുത്ത ഒലോഫ് ഷോൾസ് പഴയ ചാൻസലർ ആൻജെല മെർക്കലിന്റെ നിഴൽ പോലും ആയി അനുഭവപ്പെടുന്നില്ല. അദ്ദേഹം പലപ്പോഴും മൗനിയായാണ് ലോകരംഗത്തു പ്രത്യക്ഷപ്പെടുന്നത്. അവിടെയും വലതുപക്ഷ തീവ്രവാദ ശക്തികളുടെ മുന്നേറ്റം പ്രകടമാണ്. ഇറ്റലിയിൽ പുതിയൊരു പ്രധാനമന്ത്രി അധികാരത്തിലേറുകയാണ്. മുസോളിനിക്ക് ശേഷം ഇറ്റലി കണ്ട ഏറ്റവും കടുത്ത ഫാസിസ്റ്റു ചിന്താഗതിക്കാരി എന്നാണ് അവരെ ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
എന്താണ് യൂറോപ്യൻ ജനാധിപത്യ സമൂഹങ്ങളിൽ നിലവിൽ കാണപ്പെടുന്ന അസ്വസ്ഥതകൾക്ക് കാരണം എന്നന്വേഷിച്ചാൽ പ്രധാനമായും എണ്ണവിലയുടെ രാഷ്ട്രീയത്തിലേക്കാണ് നമ്മൾ എത്തിച്ചേരുക. ലോകം ചലിക്കുന്നത് എണ്ണയുടെ പുറത്താണ്. ലോകം തണുപ്പിൽ നിന്ന് രക്ഷ നേടുന്നതും തൊഴിൽശാലകൾ പ്രവർത്തിക്കുന്നതും വാഹനങ്ങൾ ഓടുന്നതും എണ്ണയുടെ ശക്തിയിലാണ്. അതാകട്ടെ, ലോകത്തെ പരിമിതമായ ചില പ്രദേശങ്ങളിലാണ് ലഭ്യമാകുന്നത്. അതിൽ പ്രധാനം സഉൗദി അറേബ്യ അടക്കമുള്ള ഗൾഫ് പ്രദേശങ്ങളും റഷ്യ പോലുള്ള രാജ്യങ്ങളുമാണ്. ഗൾഫിൽ എണ്ണയാണ് പ്രധാനമെങ്കിൽ റഷ്യയിൽ പ്രകൃതിവാതകം ആണെന്നു മാത്രം.


കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യൻ സേനകൾ അയൽരാജ്യമായ ഉക്രൈനിലേക്കു കടന്നുകയറി ആക്രമണം തുടങ്ങിയതോടെ ആഗോള ശാക്തികബന്ധങ്ങളിൽ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ഉക്രൈനിന്റെ പത്തിരട്ടി സൈനിക ശേഷിയും യുദ്ധാനുഭവങ്ങളും ഉള്ള രാജ്യമാണ് റഷ്യ. ആക്രമണം തുടങ്ങി ഒരാഴ്ചയ്ക്കകം ആ രാജ്യത്തിൻ്റെ തലസ്ഥാനമായ കീവിൽ റഷ്യൻ കൊടി നാട്ടാമെന്ന പ്രതീക്ഷയിലാണ് വ്‌ലാദിമിർ പുടിൻ ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ ഉക്രൈൻ ചെറുത്തുനിന്നു. എന്നുമാത്രമല്ല, യുദ്ധം പത്തു മാസം തികയുന്ന ഈ വേളയിൽ റഷ്യ കനത്ത പ്രതിസന്ധിയിലാണ്. അവർ നേരത്തെ പിടിച്ചെടുത്ത പ്രദേശങ്ങൾ ഒന്നൊന്നായി ഉക്രൈൻ സേന തിരിച്ചുപിടിക്കുകയാണ്. റഷ്യയാകട്ടെ, പതിനായിരക്കണക്കിന് സൈനികരുടെയും ആയിരക്കണക്കിന് ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നഷ്ടത്തിൽ ഉഴലുകയും. ഒരുപക്ഷേ ഈ മഞ്ഞുകാലം കഴിയുമ്പോൾ റഷ്യയെ പുറത്താക്കി ഉക്രൈനിനു തങ്ങളുടെ അതിർത്തികൾ പൂർണമായും സംരക്ഷിച്ചു രാജ്യത്തിൻ്റെ അഭിമാനം കാത്തുസൂക്ഷിക്കാനാവും എന്ന പ്രതീക്ഷ പോലും ഇപ്പോൾ ഉയരുന്നുണ്ട്.
ഈ യുദ്ധത്തിലും എണ്ണ തന്നെയാണ് താരം. റഷ്യയുടെ തുരുപ്പുശീട്ടും അതുതന്നെയായിരുന്നു. യൂറോപ്പിൽ ജനജീവിതം തുടരാൻ ആവശ്യമായ എണ്ണയും പകൃതിവാതകവും എത്തിക്കുന്നത് റഷ്യയാണ്. ജർമനിയാണ് അവരുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി. അവിടെ ആവശ്യമായ ഇന്ധനത്തിന്റെ പകുതിയോളം റഷ്യയാണ് നൽകിക്കൊണ്ടിരുന്നത്. അതിനാൽ റഷ്യ ആക്രമണം അഴിച്ചുവിട്ടപ്പോൾ ജർമനി കുഴപ്പത്തിലായി. അവർക്കു റഷ്യയെ പിണക്കാൻ വയ്യ. എന്നാൽ യൂറോപ്പിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം ഉക്രൈൻ അതിർത്തിയിൽ അവസാനിക്കില്ല എന്നും അവർക്ക് അറിയാം. അതിനാൽ യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും ഭാഗമായി നിന്ന് റഷ്യയെ ചെറുക്കാൻ അവർ ബാധ്യസ്ഥരുമാണ്.


എണ്ണയുടെ മേലുള്ള തങ്ങളുടെ നിയന്ത്രണവും യുദ്ധത്തിൽ റഷ്യ ആയുധമായി പ്രയോഗിക്കുന്നുണ്ട്. തങ്ങളുടെ എതിരാളികൾക്ക് ഇന്ധനം നൽകുകയില്ല എന്നാണ് പുടിൻ പറയുന്നത്. ജർമനി അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ഇന്ധനം അദ്ദേഹം പല തവണ നിർത്തിവച്ചു. കടലിലൂടെ പോകുന്ന നോർഡ് സ്ട്രീമെന്ന കൂറ്റൻ കുഴൽ വഴിയാണ് വാതകം പ്രവഹിക്കുന്നത്. അതിലൂടെയുള്ള എണ്ണവിതരണം പലതവണ നിർത്തി. പുട്ടിന്റെ ഭീഷണി നേരിടാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വിലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിശ്ചയിച്ചു. റഷ്യൻ എണ്ണക്കും വാതകത്തിനും പകരമായി ഗൾഫ് രാജ്യങ്ങൾ അടങ്ങുന്ന ഒപെക്കിനോട് ഉത്പാദനം വർധിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. വില പിടിച്ചുനിർത്താൻ അത് അനിവാര്യമാണ്. എന്നാൽ സഉൗദിയടങ്ങുന്ന ഒപെക് രാജ്യങ്ങളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചത് ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ്. അതായത് യൂറോപ്പും അമേരിക്കയും ശീതകാലത്തു കൂടുതൽ ഇന്ധനം തേടി അലയുമ്പോൾ കമ്പോളത്തിൽ ഉള്ളതും കൂടി കുറയും എന്നതാണ് അവസ്ഥ.
അത് വലിയൊരു പ്രതിസന്ധിയാണ് പാശ്ചാത്യരാജ്യങ്ങൾക്കു മേൽ ഉണ്ടാക്കുന്നത്. അവരുടെ ഇന്ധനോൽപാദന സംവിധാനങ്ങൾ നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ മാത്രം ശക്തമല്ല. ജർമനിയടക്കം പല യൂറോപ്യൻ രാജ്യങ്ങളിലും ആണവ ഇന്ധനത്തിന്റെ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അവ വീണ്ടും പ്രവർത്തനക്ഷമമാക്കുകയാണ് ഒരു വഴി. പക്ഷേ അത് എളുപ്പത്തിൽ സാധ്യമല്ല. അതിനാൽ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനം കൂട്ടി തൽക്കാലം കരകയറാം എന്നാണ് അവർ കരുതിയത്. എന്നാൽ എണ്ണയുൽപാദക രാജ്യങ്ങളുടെ നിലപാട് അവരെ മറ്റൊരു പ്രതിസന്ധിയിൽ എത്തിക്കുന്നുമുണ്ട്.


ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് പ്രധാനം. എണ്ണയുടെയും വാതകത്തിന്റെയും വില ക്രമാതീതമായി ഉയർന്നാൽ അത് മിക്ക പാശ്ചാത്യ രാജ്യങ്ങളിലും കടുത്ത ജനരോഷത്തിനു കാരണമാകും. വരുംമാസങ്ങൾ കൊടും തണുപ്പിന്റെ കാലമാണ്. മാർച്ചുവരെയെങ്കിലും പിടിച്ചുനിൽക്കാൻ ആവശ്യമായ ഇന്ധനം കിട്ടിയേ പറ്റൂ. അല്ലെങ്കിൽ മിക്ക രാജ്യങ്ങളിലും ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടും എന്നതാണ് നിലവിലെ അവസ്ഥ.


ആഗോള വ്യവസ്ഥയുടെ അസ്തിവാരം കിടക്കുന്നത് എണ്ണയും പ്രകൃതിവാതകവും അടക്കമുള്ള ഇന്ധനങ്ങളുടെ നിയന്ത്രണം കൈവശംവയ്ക്കുന്ന ശക്തികളിലാണ്. അമേരിക്കയും സഉൗദിഅറേബ്യയും തമ്മിലുള്ള അടുത്ത ബന്ധങ്ങളുടെ കാരണം അതുതന്നെയാണ്. എന്നാൽ ഇപ്പോൾ ആഗോള ബന്ധങ്ങളിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനു പ്രധാന കാരണമായി മാറിയത് ഉക്രൈനിനു നേരെയുള്ള റഷ്യൻ ആക്രമണമാണ്. റഷ്യയെ നേരിട്ട് എതിർക്കാൻ പാശ്ചാത്യശക്തികൾക്ക് പ്രയാസമുണ്ട്. കാരണം അങ്ങനെ വന്നാൽ അത് അവസാനിക്കുക ഒരു മൂന്നാം ലോകമഹായുദ്ധത്തിൽ ആയിരിക്കും. വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കാനും തങ്ങൾ മടിക്കില്ല എന്ന് പുടിൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. അത് വെറുംവാക്ക് ആവാനിടയില്ലെന്ന് അമേരിക്കയ്ക്കും അറിയാം. അതിനാൽ യുദ്ധത്തിൽ ഉക്രൈനെ സഹായിക്കാനും അതേസമയം തങ്ങളുടെ രാജ്യങ്ങളിൽ സമാധാനം ഉറപ്പിക്കാൻ ആവശ്യമായ ഇന്ധനം നേടിയെടുക്കാനും വഴി നോക്കുകയാണ് പാശ്ചാത്യശക്തികൾ. അത് എങ്ങനെ പരിണമിക്കുമെന്ന് ഇത്തവണത്തെ ശീതകാലം കഴിയുമ്പോൾ അറിയാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago