ഐ.എസ്.ആർ.ഒയുടേത് ബഹുമുഖ നേട്ടം, ഇനിയും ഉയരട്ടെ യശസ്
ഇന്ത്യയുടെ അഭിമാനം എന്നും വാനോളമുയർത്തുന്ന ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ. ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് എന്നും പൊൻതൂവലുകൾ സമ്മാനിക്കാറുള്ള ഐ.എസ്.ആർ.ഒ ഞായറാഴ്ച പുലർച്ചെ സാക്ഷാത്കരിച്ചത് രാജ്യത്തിൻ്റെയും ഐ.എസ്.ആർ.ഒയുടെയും എക്കാലത്തെയും വലിയ സ്വപ്‌നം കൂടിയാണ്. 36 ഉപഗ്രഹങ്ങളുമായി ജി.എസ്.എൽ.വി മാർക്ക്-3 കുതിച്ചുയർന്നു എല്ലാ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചുവെന്നത് ലോകത്ത് തന്നെ വലിയ ബഹിരാകാശ ദൗത്യമാണ്. ഒപ്പം ഈ ദൗത്യം അന്താരാഷ്ട്ര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയെ പുതിയ ശക്തി കൂടിയാക്കി. ബഹിരാകാശ ഗവേഷണത്തിൽ എക്കാലത്തും ഐ.എസ്.ആർ.ഒ മികവു തെളിയിച്ചിട്ടുണ്ട്. തുടക്കകാലം മുതൽ ഇന്നേവരെ ഐ.എസ്.ആർ.ഒയിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ അർപ്പണബോധമാണ് ഈ വിജയങ്ങൾക്കു പിന്നിലെ ചാലകശക്തി. ഗവേഷണത്തിനപ്പുറം ബഹിരാകാശം പോലെ അതിരുകളില്ലാത്ത സാധ്യതയാണ് സ്‌പേസ് സയൻസിനുള്ളത്. ആ സാധ്യത കൂടി മുന്നിൽക്കണ്ട് ഐ.എസ്.ആർ.ഒ വിജയക്കൊടി പാറിച്ചിരിക്കുന്നു ഇന്നലെ പുലർച്ചെയുള്ള വിക്ഷേപണത്തോടെ.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും(എൻ.എസ്.ഐ.എൽ) ബ്രിട്ടിഷ് സ്റ്റാർട്ടപ്പായ വൺ വെബുമായുള്ള ആദ്യ വാണിജ്യ കരാറിന്റെ ഭാഗമാണ് വിക്ഷേപണം. എൻ.എസ്.ഐ.എല്ലിന്റെ ഏറ്റവും വലിയ വാണിജ്യ കരാറാണ് ഇന്നലത്തെ വിക്ഷേപണത്തിലൂടെ വിജയിച്ചത്. 150 കിലോ ഭാരമുള്ള 36 ഉപഗ്രഹങ്ങളെയും കൃത്യമായ ഭ്രമണപഥത്തിലെത്തിച്ചു. വൺ വെബ് ഇന്ത്യ-1 ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പുലർച്ചെ 12.07 നാണ് ആരംഭിച്ചത്. ഒന്നരയോടെ എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയെന്ന് ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചു. 19 മിനുട്ടിനുള്ളിൽ റോക്കറ്റിൽ നിന്ന് 4 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. 34ാം മിനുട്ടിൽ എട്ടു ഉപഗ്രഹങ്ങളും വേർപ്പെട്ടു. ഒരു മണിക്കൂറും 15 മിനുട്ടുമാണ് ദൗത്യത്തിന് എടുത്ത സമയം. എല്ലാ ഉപഗ്രഹങ്ങളിൽ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി. കഴിഞ്ഞ ജൂലൈയിലായിരുന്നു ന്യൂ സ്‌പേസ് ഇന്ത്യയുടെ ആദ്യ വാണിജ്യ വിക്ഷേപണം. അന്ന് ഉപയോഗിച്ചത് പി.എസ്.എൽ.വി റോക്കറ്റാണ്. ഏറ്റവും കരുത്തുറ്റ ജി.എൽ.വി ശ്രേണിയിലെ റോക്കറ്റാണ് ഇത്തവണ ഉപയോഗിച്ചത്.
വൺ വെബ് യു.എസിലെ ഫ്‌ളോറിഡയിലാണ് ഉപഗ്രഹങ്ങൾ നിർമിച്ചത്. ചരക്കുവിമാനം വഴിയാണ് ചെന്നൈയിൽ ഇവ എത്തിച്ചത്. വൺ വെബിന്റെ പദ്ധതിയിൽ 648 ഉപഗ്രങ്ങളുടെ വിക്ഷേപണമാണുള്ളത്. 2019 ലാണ് ഈ ശ്രേണിയിലെ ആദ്യ വിക്ഷേപണം നടത്തിയത്. ലോകത്താകമാനം അതിവേഗ ഇന്റർനെറ്റിനു വേണ്ടിയാണ് ഇത്. അടുത്ത വർഷത്തോടെ ഉപഗ്രഹ വിക്ഷേപണങ്ങൾ പൂർത്തിയാക്കും. 2023 ജനുവരിയിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി ഐ.എസ്.ആർ.ഒ വിക്ഷേപിക്കും. ഇതിനകം ഇവർ 428 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. 13 വിക്ഷേപണങ്ങളാണ് ഇതുവരെ നടത്തിയത്. അടുത്ത വർഷത്തോടെ ഇന്ത്യയിലും വൺവെബിന്റെ ഇന്റർനെറ്റ് സേവനം ലഭിക്കും.
നേരത്തെ റഷ്യൻ സ്‌പേസ് ഏജൻസിയാണ് വൺ വെബിനു വേണ്ടി വിക്ഷേപണം നടത്തിയിരുന്നത്. ഉക്രൈൻ അധിനിവേശത്തെ തുടർന്നാണ് റഷ്യയുമായുള്ള കരാർ റദ്ദാക്കിയതും ഇന്ത്യയ്ക്ക് കരാർ ലഭിച്ചതും. സ്‌പേസ് വെബിന്റെ ഇന്റർനെറ്റ് സേവനം അക്ഷാംശ രേഖയുടെ വടക്കൻ മേഖലയെ പ്രധാനമായും ഉദ്ദേശിച്ചുള്ളതാണ്.
1999 മെയ് 26 നാണ് ഐ.എസ്.ആർ.ഒ ആദ്യമായി വാണിജ്യ ഉപഗ്രഹം വിക്ഷേപിക്കുന്നത്. പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) ആയിരുന്നു അന്ന് 45 കിലോ ഭാരമുള്ള ജർമൻ ഉപഗ്രഹവും 110 കിലോ ഭാരമുള്ള കൊറിയൻ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് ഇങ്ങോട്ട് പി.എസ്.എൽ.വി ഉപയോഗിച്ച് 343 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒക്ക് കഴിഞ്ഞു. ഇത്തവണ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം നിലനിൽക്കെയുള്ള കാലാവസ്ഥ ആശങ്കയ്ക്കിടെയാണ് ജിയിസിൻക്രോണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ - മാർക്-3 (ജി.എസ്.എൽ.വി) ഉപയോഗിച്ചുള്ള വിക്ഷേപണം. പി.എസ്.എൽ.വി ഉപയോഗിച്ചുള്ള വിക്ഷേപണത്തേക്കാൾ ഇരട്ടി ലാഭമാണ് ജി.എസ്.എൽ.വി രാജ്യത്തിനുണ്ടാക്കുക. വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിന് പി.എസ്.എൽ.വിയും ജി.എസ്.എൽ.വിയും ഉപയോഗിച്ച പരിചയം അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യക്ക് ഇനി മുതൽക്കൂട്ടാകും. 2019 ജൂണിൽ ജി.എസ്.എൽ.വി -മാർക് 3 ഉപയോഗിച്ചാണ് ചാന്ദ്രയാൻ-2 വിക്ഷേപിച്ചത്. എന്നാൽ ഈ റോക്കറ്റിന്റെ ആദ്യ വാണിജ്യ മൾട്ടി സാറ്റ്‌ലൈറ്റ് വിക്ഷേപണം എന്ന റെക്കോർഡാണ് ഇപ്പോഴുണ്ടായത്. ക്രയോജനിക് സാങ്കേതിക വിദ്യയെ കുറിച്ചുള്ള മോശം അഭിപ്രായവും ഈ വിക്ഷേപണം മാറ്റിക്കുറിച്ചു. ജി.എസ്.എൽ.വിക്ക് ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിലും (എൽ.ഇ.ഒ) ഉപഗ്രഹങ്ങളെ എത്തിക്കാനാകുമെന്നും ഇന്നലത്തെ വിക്ഷേപണം തെളിയിച്ചു.
ഏറെ അഭിമാനമുണ്ടെങ്കിലും ഇനിയും ഐ.എസ്.ആർ.ഒക്ക് ഈ മേഖലയിൽ മുന്നേറാനുണ്ട്. മാർക്-3 റോക്കറ്റിന്റെ ശേഷി വർധിപ്പിക്കുകയാണ് മുന്നിലുള്ള വെല്ലുവിളി. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് എൽ.ഇ.ഒയിൽ 23,000 കിലോ ഭാരം വരെ എത്തിക്കാൻ ശേഷിയുള്ളപ്പോൾ മാർക്- 3 ന് 8,000 കിലോ ശേഷിയേ ഉള്ളൂ. അന്താരാഷ്ട്ര ബഹിരാകാശ വാണിജ്യ വിപണിയിൽ നിർണായക ശക്തിയായി ഐ.എസ്.ആർ.ഒ വളരുമ്പോൾ ഇത്തരം വെല്ലുവിളികളെയും അതിജീവിക്കാനാകുമെന്നത് തീർച്ചയാണ്. ആദ്യ കാലത്ത് സൈക്കിളിൽ റോക്കറ്റിന്റെ ഭാഗങ്ങൾ കൊണ്ടുപോയ ഐ.എസ്.ആർ.ഒ ഇന്ന് ലോകത്തെ പ്രധാന ബഹിരാകാശ സ്ഥാപനമായി എന്നതു തന്നെയാണ് ഈ ഉറപ്പിനു പിന്നിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."