വിഷ്ണുപ്രിയയെ കൊന്നത് സ്വന്തമായുണ്ടാക്കിയ കത്തികൊണ്ട് ജീവപര്യന്തം ശിക്ഷ ഗൂഗിൾ തിരഞ്ഞ് മനസിലാക്കി, 'അഞ്ചാം പാതിര' സിനിമ പ്രചോദനം
സ്വന്തം ലേഖകൻ
പാനൂർ (കണ്ണൂർ) • പ്രണയപ്പകയിൽ വള്ള്യായിയിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതു സ്വന്തമായുണ്ടാക്കിയ കത്തികൊണ്ടാണെന്ന് അറസ്റ്റിലായ പ്രതി ശ്യാംജിത്ത്. ഇരു ഭാഗവും മൂർച്ചയുള്ള കത്തികിട്ടാനുള്ള വിഷമവും ആർക്കും സംശയവും തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഇയാൾ അന്വേഷണ സംഘത്തിനു മൊഴിനൽകി. 'എനിക്കിപ്പോൾ 25 വയസ്. 14 വർഷമല്ലേ ജീവപര്യന്തം തടവുശിക്ഷ. ഞാൻ ഈ കാര്യം ഗൂഗിളിൽ നിന്നു മനസിലാക്കിയിട്ടുണ്ട്. ശിക്ഷ അനുഭവിച്ച് 39ാം വയസിൽ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല.' ശ്യാംജിത്ത് ചോദ്യംചെയ്യുന്നതിനിടെ അന്വേഷണ സംഘത്തോടു പറഞ്ഞു. തികച്ചും നിർവികാരനായാണ് അറസ്റ്റിലായപ്പോഴും തെളിവെടുപ്പിനായി എത്തിച്ചപ്പോഴുമൊക്കെയുള്ള പെരുമാറ്റം.
ഇന്നലെ രാവിലെയാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിനായി മാനന്തേരിയിൽ എത്തിച്ചത്. കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റികയും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ ശ്യാംജിത്തിന്റെ വീടിനു സമീപം വയലിൽ ഒളിപ്പിച്ചനിലയിൽ പൊലിസ് കണ്ടെടുത്തു. കൃത്യത്തിന് ഉപയോഗിച്ച കത്തി, ചുറ്റിക, കുത്തിരുമ്പ്, ഇടിക്കട്ട എന്നിവയും കൊലപാതക സമയത്ത് ഈയാൾ ധരിച്ച വസ്ത്രങ്ങൾ, ഷൂ, സോക്‌സ്, മാസ്‌ക്ക്, തൊപ്പി, ഗ്ലൗസ്, മുളക് പൊടി എന്നിവയും ബാഗിൽ നിന്നു കണ്ടെത്തി.
കൊലയാളിയുടെ കഥ പറയുന്ന അഞ്ചാം പാതിര സിനിമയാണു കൊലപാതകത്തിനു പ്രചോദനമായതെന്നു ശ്യാംജിത്ത് പൊലിസിനു മൊഴിനൽകി. ഇതിനായി 20 തവണയാണ് സിനിമ കണ്ടത്. അതുകണ്ടാണ് സ്വയം കത്തി നിർമിച്ചത്. കത്തി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പ് ആക്രിക്കടയിൽ നിന്നു ശേഖരിച്ചു. ഇരുഭാഗവും മൂർച്ചയാക്കാൻ ഓൺലൈൻ വഴി മെഷിനും കരസ്ഥമാക്കി. പൊലിസിന്റെ അന്വേഷണം വഴിതെറ്റിക്കാനായി ബാർബർ ഷോപ്പിൽ നിന്നു ശേഖരിച്ച മുടിയും ഇയാൾ ബാഗിനകത്ത് വച്ചിരുന്നു. കൊലപാതക ശേഷം വീടിനു സമീപമുള്ള കുളത്തിൽനിന്നു കുളിച്ച് വസ്ത്രംമാറി പറമ്പിലെ ചതുപ്പിൽ ആയുധങ്ങളും മറ്റും ഉപേക്ഷിച്ച പ്രതി പിതാവിന്റെ റസ്റ്ററന്റിലെത്തി ഭക്ഷണം വിളമ്പാനും സഹായിച്ചെന്നു പൊലിസ് പറഞ്ഞു.
കൊലപാതകം നടത്താൻ ഉപയോഗിച്ച ബൈക്കും വീട്ടുമുറ്റത്തു നിന്നു പൊലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനുള്ള കത്തി നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സി.ഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അതേ സമയം വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയ്ക്കു 2.30ഓടെ വീട്ടിലെത്തിച്ചു. വീടിനുസമീപത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനത്തിനു വച്ചശേഷം 3.30ഓടെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."