കടുപ്പിച്ച് ഗവര്‍ണര്‍; രണ്ട് സര്‍വകലാശാല വി.സിമാര്‍ക്ക് കൂടി നോട്ടിസ് നല്കാന് നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിവെക്കാന്‍ നോട്ടീസ് നല്‍കിയേക്കും. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസിമാര്‍ക്ക് കൂടിയാണ് നോട്ടീസ് നല്‍കുക. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച വി.സിമാരാണ് ഇവര്‍.
ഗവര്‍ണര്‍ രാജി വെക്കാന്‍ നിര്‍ദ്ദേശം നല്കിയ 9 വി.സിമാരില്‍ ആരും ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ല. ഗവര്‍ണര്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് നോട്ടീസ് ലഭിച്ച ഒന്‍പത് വിസിമാരുടേയും തീരുമാനം.
രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വി.സിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുവദിച്ച സമയം ഇന്ന് 11.30ഓടെ അവസാനിക്കും. വി.സി.മാരെ പുറത്താക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ, സുപ്രിംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വി.സിമാര്‍ക്ക് രാജി വെക്കാനുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."