നശീകരണ ബുദ്ധിയോടെ യുദ്ധം ചെയ്യുന്നു; നിയമനം ചട്ടവിരുദ്ധമെങ്കില്‍ ഉത്തരവാദി ഗവര്‍ണര്‍: മുഖ്യമന്ത്രി
പാലക്കാട്: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നേടിയ മികവിന് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്നും അത്തരം ദുരുപയോഗങ്ങള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അതിന് വേണ്ടിയുള്ള അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസളനത്തില്‍ പറഞ്ഞു.
അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇല്ലാത്ത പദവി ദുരുപയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നു മാത്രമല്ല, ജനാദിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേവലസാങ്കേതികതയില്‍ തൂങ്ങിയാണ് 9 വിസിമാരോട് ഗവര്‍ണര്‍ ഇറങ്ങിപോകാന്‍ പറഞ്ഞത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചുനിര്‍ത്തുന്നത് താനാണെന്ന് തോന്നുന്ന മൗഢ്യമായിരിക്കും അത്. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് നിയമപരമായ സാധൂകരണം ഇല്ല. സര്‍വകലാശലയിലെ ഫണ്ട് ദുരുപയോഗം, മോശമായ പെരുമാറ്റം എന്നിവയുണ്ടെങ്കിലേ ഒരു വിസിയെ നീക്കം ചെയ്യാന്‍ പറ്റുകയുള്ളു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ പദവി സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. സര്‍ക്കാരിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. സംസ്ഥാനത്തിന്റെയും ജനങ്ങളുടേയും ഭരണഘടനയുടേയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്. കേരള സാങ്കേതിക സര്‍വകലാശാല വിസി സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറ പിടിച്ചാണ് 9 സര്‍വകലാശാല വിസിമാരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണര്‍ സംഘപരിവാര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്.
സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് നിയമന അധികാരി. ഈ ഒമ്പതു സര്‍വകലാശാലകളിലും വി സി നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടന്നതെങ്കില്‍ പ്രാഥമികമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കു തന്നെയല്ലേ. അതു പ്രകാരം പദവിയില്‍ നിന്നും ഒഴിയേണ്ടത് വിസിമാരാണോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയമപരമായ അധികാരമില്ല.
കേരള സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ അക്കാദമിക വിഷയമല്ല കോടതി ചൂണ്ടിക്കാട്ടിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയമാണ് ഉയര്‍ത്തിയത്. ഇതില്‍ പുനഃപരിശോധനയ്ക്ക് ഇനിയും അവസരമുണ്ട്. ഇക്കാര്യം പരിഗണിക്കാതെ, സര്‍വകലാശാലകളെ അസ്ഥിരപ്പെടുത്താന്‍ സാഹചര്യം ഉപയോഗിക്കുകയാണ്. സുപ്രീംകോടതി വിധി കെടിയു വിസിക്ക് മാത്രം ബാധകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വകലാശാലകളെ മാറ്റിയെടുക്കലാണ് ലക്ഷ്യം. ഇത് ഇപ്പോള്‍ കേരളത്തില്‍ സാധ്യമാകുന്നില്ല. അത് സാധ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജുഡിഷ്യറിയില്‍ അടക്കം ഇടപെടുന്നതാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ അടക്കം പിടിച്ചുവെക്കുന്നു. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരത്തിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാലകളെ സ്തംഭിപ്പിക്കാനുള്ള ചുമതലയല്ല ചാന്‍സലര്‍ സ്ഥാനം. നോട്ടീസ് പോലും നല്‍കാതെ വിസിമാരെ പിരിച്ചുവിടുമെന്ന് പറയുന്നത് സ്വേച്ഛാധിപത്യപരമാണ്. എന്തുതന്നെയായാലും ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും മോഹിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."