പഞ്ചാബില്‍ വേര്, ഇന്ത്യയുടെ മരുമകന്‍; ഋഷി സുനകിന്റെ ഇന്ത്യന്‍ ബന്ധങ്ങള്‍
പഞ്ചാബിലാണ് ഋഷി സുനക്കിന്റെ കുടുംബ വേരുകള്‍. പഞ്ചാബില്‍ ജനിച്ച്, തുടക്കത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. ബ്രിട്ടനില്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു അവര്‍. ഋഷിയുടെ മാതാപിതാക്കള്‍ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ബ്രിട്ടനില്‍ അവര്‍ സര്‍ക്കാര്‍ ജോലിക്കാരായി. അച്ഛന്‍ ഡോക്ടറാണ്. അമ്മ ഫാര്‍മസിസ്റ്റും. ഇവരുടെ മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്റ്റണില്‍ ആണു ഋഷിയുടെ ജനനം. രണ്ടു ഇളയ സഹോദരങ്ങളുണ്ട്. അമ്മയുടെ അച്ഛന്‍ (നാനാജി എന്നാണ് ഋഷി വിളിക്കുന്നത്) മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട്.
ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഋഷി സുനകിന്റെ ഭാര്യ. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് അക്ഷതയെ പരിചയപ്പെട്ടത്. സഹപാഠികളായിരുന്ന ഇരുവരുടെയും സൗഹൃദം തീവ്രപ്രണയമായി വളരുകയായിരുന്നു. 2009 ആഗസ്റ്റില്‍ വിവാഹിതരായി. ഇവര്‍ക്കു രണ്ടു മക്കളാണ് കൃഷ്ണയും അനൗഷ്‌കയും. മരുമകന്റെ രാഷ്ട്രീയപ്രവേശത്തിനു നാരായണ മൂര്‍ത്തിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. ഋഷിയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അനൗഷ്‌കയും കൃഷ്ണയും.
42 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയായിരുന്നു ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.
യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ടില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദേഹം രഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത്. 2020 ഫെബ്രുവരിയില്‍ കാബിനറ്റ് പോസ്റ്റായ എക്സ്ചിക്കറിന്റെ ചാന്‍സലറായി നിയമിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസിനും ജീവനക്കാര്‍ക്കും അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍, കുടുംബങ്ങള്‍ക്ക് മതിയായ ജീവിതച്ചെലവ് നല്‍കാത്തതിന് വിമര്‍ശിക്കപ്പെട്ടു. യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചെങ്കിലും അദേഹം പരാജയപ്പെട്ടിരുന്നു.
ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ടാമനും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനും എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഋഷി കണ്‍സര്‍വേറ്റുകളുടെ ഭാവി പടത്തലവന്‍ എന്നു മുന്‍പേ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതിനിടെ, ഭാര്യ അക്ഷത മൂര്‍ത്തി വരുമാനത്തിനനുസരിച്ചു നികുതി അടക്കുന്നില്ലെന്ന വിവാദം തലപൊക്കിയത് ഋഷി സുനാക്കിന്റെ ജനപ്രീതിക്ക് അല്‍പം മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം അദ്ദേഹം കൃത്യമാക്കി.
യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ മുന്‍നിര രാഷ്ട്രീയക്കാരനാണ് ഋഷി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതെ ഇരുഭാഗത്തേക്കും കൂടുതല്‍ സജീവമാക്കുകയാണു തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി പറഞ്ഞിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയിലെത്താനും പഠിക്കാനും പ്രവര്‍ത്തിക്കാനും സംവിധാനങ്ങള്‍ എളുപ്പമാക്കാനും അദേഹം പ്രധാനമന്ത്രിയായാല്‍ മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."