താലിബാന് അഫ്ഗാനില്‍ വഴിയൊരുക്കുന്നതാര്?
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തിരിച്ചുവരവ് ലോകരാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്. യു.എസ് ഈയിടെ അഫ്ഗാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്‍ ഭീകരര്‍ വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുന്നത്. ഇനി അഫ്ഗാനിസ്ഥാന്റെ ഭാവി അവരുടെ സ്വന്തം ഉത്തരവാദിത്വമാണെന്നും സേനാ പിന്മാറ്റത്തില്‍ കുറ്റബോധമില്ലെന്നുമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതോടെ അഫ്ഗാന്‍ വിഷയത്തില്‍ യു.എസ് പിന്‍വാങ്ങുകയാണെന്ന് ഉറപ്പായി.
ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കു കൂടി ആശങ്ക സൃഷ്ടിച്ചാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. കാണ്ഡഹാറും ലോഗറും ഉള്‍പ്പെടെ 18 അഫ്ഗാന്‍ പ്രവിശ്യകളാണ് ഇതിനകം താലിബാന്‍ കീഴടക്കിയത്. ഒരു മാസത്തിനകം തലസ്ഥാനമായ കാബൂള്‍ നഗരം കൂടി ഭീകരരുടെ അധീനതയിലാകുമെന്ന ആശങ്കയിലാണ് വിദേശ രാജ്യങ്ങള്‍. എന്നാല്‍ ഒരാഴ്ചക്കകം അഫ്ഗാനിസ്ഥാന്‍ കീഴടക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഇന്നലെ കാണ്ഡഹാറും ലോഗറും കീഴടക്കിയതോടെ അഫ്ഗാന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായെന്നു വേണം കരുതാന്‍. ഹെറാത്തും താലിബാന്‍ കീഴടക്കിയിട്ടുണ്ട്. ലോഗര്‍ പിടിച്ചെടുത്തതോടെ കാബൂളിന് 50 കിലോമീറ്റര്‍ അടുത്ത് ഭീകരസേന എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളില്‍ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടി. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ചു. ഇന്ത്യ പ്രത്യേക വിമാനത്തില്‍ അവിടെയുണ്ടായിരുന്ന പൗരന്മാരെ നാട്ടിലെത്തിച്ചു. യു.എസ് സേന അഫ്ഗാന്‍ വിട്ടെങ്കിലും താലിബാന്‍ കേന്ദ്രങ്ങളിലെ വ്യോമാക്രമണം അവര്‍ നിര്‍ത്തിയിരുന്നില്ല. ഇതാണ് ഈയിടെ താലിബാനു നേരിട്ട തിരിച്ചടി. അഫ്ഗാന്‍ സൈന്യത്തിന്റെ ആക്രമണങ്ങളെ താലിബാന്‍ അതിജീവിക്കുന്നുവെന്നതാണ് ഏറെ പരിതാപകരം.
യു.എസ് സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ താലിബാന്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് ആക്രമണം തുടങ്ങിയിരുന്നു. പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത് ലോക രാജ്യങ്ങളെ ഞെട്ടിച്ചു. ഭീകരസംഘടനകളുമായി ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ ചങ്ങാത്തം കൂടുന്നത് അപകടകരവും ദുഃസൂചനയുമാണ്. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ച താലിബാനോട് ചൈന പുലര്‍ത്തുന്ന മമത ഇന്ത്യയുള്‍പ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളോടുള്ള വെല്ലുവിളിയാണ്. തങ്ങള്‍ക്ക് പാക് സഹായം ലഭിക്കുന്നില്ലെന്നാണ് താലിബാന്‍ അവകാശപ്പെടുന്നതെങ്കിലും താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ പാക് മണ്ണ് ഉപയോഗിക്കുന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി മേഖലകളിലെ പര്‍വത പ്രദേശങ്ങളിലാണ് ഭീകരരുടെ താവളമെന്ന് വിദേശ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനയുടെ സാന്നിധ്യമുള്ളപ്പോള്‍ താലിബാന്‍ ഭീകരര്‍ പാകിസ്താനിലേക്ക് മാറുകയും പിന്നീട് തിരിച്ചെത്തുകയുമായിരുന്നുവെന്ന നിഗമനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് താലിബാന്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങള്‍. പാകിസ്താനുമായി സൗഹൃദമുള്ള ചൈനയ്ക്ക് മേഖലയില്‍ അഫ്ഗാനിസ്ഥാനെയും കൂടെക്കൂട്ടാനായാല്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാകും. ചെറു രാജ്യങ്ങളെ ചൈന വരുതിയിലാക്കുന്നത് വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുമാണ്. ഈ തന്ത്രം ചൈന പയറ്റുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണ്.
ഇന്ത്യ അഫ്ഗാനില്‍ നടത്തിയ വികസന, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ചൈനയ്ക്കും പാകിസ്താനും വിയോജിപ്പുണ്ട്. താലിബാനുമായി ശക്തമായ വിയോജിപ്പുള്ള ഇന്ത്യയ്ക്ക് സന്ദേശം നല്‍കുകയാണ് ചൈനയുടെ താലിബാന്‍ അനുകൂല സമീപനം. ഭൂമിശാസ്ത്രപരമായി ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പലപ്പോഴായി ചൈന ശ്രമിച്ചിട്ടുമുണ്ട്. അഫ്ഗാനിലെ ഇന്ത്യയുടെ സാന്നിധ്യം പാകിസ്താനു ഭീഷണിയാകുമെന്ന കണക്കുകൂട്ടലാണ് താലിബാന് പിന്തുണ നല്‍കാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ നീക്കത്തിനു പിന്നില്‍.
പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുടെ സഹായമില്ലാതെ പുറംലോകവുമായി ബന്ധം പുലര്‍ത്താനും ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടാനും താലിബാന് കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. ആരാണ് അഫ്ഗാനിസ്ഥാനെ താലിബാന്റെ കൈകളിലേക്ക് വച്ചുകൊടുക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ താലിബാനെ പരാജയപ്പെടുത്തി അഫ്ഗാനില്‍ സര്‍ക്കാരുണ്ടാക്കിയ യു.എസ് സൈന്യം മതിയായ സുരക്ഷാ പരിശീലനം അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയില്ലെന്നാണ് വ്യക്തമാകുന്നത്. അഫ്ഗാനില്‍ മാസങ്ങളോളം സൈന്യവുമായി ഏറ്റുമുട്ടിയായിരുന്നു താലിബാന്‍ ഭരണം പിടിച്ചതെങ്കില്‍ ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. സൈന്യത്തിന്റെ ചെറുത്തുനില്‍പ് പലപ്പോഴും ദുര്‍ബലമാണ്. ഇവിടെ വര്‍ഷങ്ങളോളം തുടര്‍ന്ന യു.എസ് സൈന്യം അഫ്ഗാന്‍ സേനയെ ശക്തമാക്കാന്‍ എത്രത്തോളം പരിശീലനം നല്‍കിയെന്നത് പരിശോധിക്കപ്പെടണം. പരിശീലനവും പരിചയവും ആയുധശേഷിയുമാണ് ഏതൊരു സൈന്യത്തിന്റെയും കരുത്ത്. പ്രാദേശികമായ അറിവും പരിചയവും അത്യാവശ്യവുമാണ്. അഫ്ഗാന്‍ സേനക്ക് യു.എസ് മതിയായ പരിശീലനം നല്‍കിയില്ലെങ്കില്‍ അവര്‍ അത് മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ആര്‍ജിച്ചെടുക്കണമായിരുന്നു. അതുമുണ്ടായില്ല.
സൈനിക പരിശീലനത്തിനു പുറമേ, ഇന്റലിജന്‍സ് വിവരങ്ങളും ഒരു രാജ്യത്തിന്റെ സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. എന്നും യു.എസിന്റെ തണലുണ്ടാകുമെന്ന് അവര്‍ കരുതിക്കാണണം. കൊവിഡിനു പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് തങ്ങള്‍ക്ക് 'ലാഭമല്ലാത്ത' ഇടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യു.എസ് തടിതപ്പാന്‍ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനു പുറത്ത് നികുതിപ്പണം അനാവശ്യമായി ചെലവഴിക്കുന്നതിനെതിരേ യു.എസിലും പ്രതിഷേധമുണ്ട്. പ്രകൃതി വിഭവങ്ങളുടെ സമ്പന്ന കലവറയൊന്നും അഫ്ഗാനിസ്ഥാനിലില്ല. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര കലാപത്തിലും താലിബാന്‍ ആക്രമണത്തിലും ഭരണത്തിലും തകര്‍ന്നുപോയ ഏറെ ചരിത്ര പ്രാധാന്യമുള്ള ആ രാജ്യത്തിന് ഒന്നു നടുനിവര്‍ത്താനുള്ള സാവകാശം പോലും നല്‍കാതെയാണ് ഭീകര സംഘടനയുടെ സംഹാര താണ്ഡവം. താലിബാന്റെ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ആ രാജ്യത്തെ സാമാന്യജനത പലായനം ചെയ്യേണ്ടിവരുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."