മദ്റസാ അധ്യാപകർക്കുള്ള ക്ഷേമ പെൻഷൻ പുനഃസ്ഥാപിക്കണം മദ്റസാ ക്ഷേമനിധി ബോർഡ് സർക്കാരിന് കത്ത് നൽകി
മലപ്പുറം • മദ്റസാ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവരുടെ സാമൂഹികസുരക്ഷാ ക്ഷേമ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മദ്റസാ ക്ഷേമനിധി ബോർഡ് സർക്കാരിന് കത്തുനൽകി.
മറ്റുക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം പോലെയല്ല മദ്റസാ ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 28,100 മദ്റസകളിലായി ഒന്നേമുക്കാൽ ലക്ഷം അധ്യാപകരും,19 ലക്ഷം വിദ്യാർഥികളുമാണുള്ളത്. ഇതിൽ കൂടുതലും സമസ്തക്ക് കീഴിലുള്ളവയാണ്. നിലവിൽ 15,150 പേരാണ് ക്ഷേമനിധി അംഗങ്ങളായിട്ടുള്ളത്.
മദ്റസാ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് ലഭിച്ചിരുന്ന സാമൂഹികസുരക്ഷാ ക്ഷേമ പെൻഷൻ സർക്കാർ റദ്ദാക്കിയിരുന്നു.
മദ്റസാ ക്ഷേമനിധിയിൽ അംഗമായവരിൽ 60 വയസ് കഴിഞ്ഞ 1,391പേർക്കാണ് ബോർഡ് പെൻഷന് പുറമെ സാമൂഹികസുരക്ഷാ പെൻഷനും നൽകിയിരുന്നത്.
ഇവർക്കാണ് 1,600 രൂപയുടെ പെൻഷൻ നിഷേധിച്ചത്. കേരളാ പ്രവാസി കേരളീയ ക്ഷേമ ബോർഡ്, കേരള അഡ്വക്കേറ്റ് ക്ലാർക്‌സ് ക്ഷേമനിധി, കേരള ആധാരമെഴുത്ത് സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡിലും പെൻഷൻ റദ്ദാക്കിയിട്ടുണ്ട്.1,500 മുതൽ 2,550 വരേയാണ് മദ്റസ അധ്യാപകർക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ നൽകുന്നത്. ക്ഷേമനിധിയിൽ അംഗമായ ഓരോ അധ്യാപകനും 50രൂപയും, മദ്റസാ മാനേജിങ് കമ്മിറ്റി 50രൂപയും ഉൾപ്പടെ പ്രതിമാസം 100 രൂപ ബോർഡിലേക്ക് അടയ്ക്കണം.
അംഗങ്ങൾ ബോർഡിന് നൽകുന്ന തുക പലിശ രഹിത അക്കൗണ്ടായി കോഴിക്കോട് പുതിയറ സബ്ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്.
തുക നിക്ഷേപിക്കുന്നതിൽ നിന്ന് ലഭിക്കുന്ന ഇൻസെന്റീവാണ് ബോർഡ് പെൻഷനായി നൽകുന്നത്.
കുറഞ്ഞ കാലം മാത്രം ബോർഡിൽ അംശാദായം അടച്ചവർക്ക് കുറഞ്ഞ പെൻഷനാണ് നൽകുന്നത്.
ഇതിന് പുറമെ സാമൂഹികക്ഷേമ സുരക്ഷാ പെൻഷനും കൂടി നൽകിയതോടെയാണ് ജീവിതം രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന അധ്യാപകർക്ക് ആശ്വാസമായിരുന്നത്.
ഈ മാസം മുതൽ സാമൂഹികസുരക്ഷാ പെൻഷൻ നൽകേണ്ടെന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."