അൽ അഖ്സക്കും വിശ്വാസികൾക്കും നേരെ വീണ്ടും ഇസ്‌റാഈലികളുടെ ആക്രമണം; പ്രതിഷേധവുമായി ഖത്തർ
അൽ അഖ്സക്കും വിശ്വാസികൾക്കും നേരെ വീണ്ടും ഇസ്‌റാഈലികളുടെ ആക്രമണം; പ്രതിഷേധവുമായി ഖത്തർ
ദോഹ: അൽ അഖ്‌സ മസ്ജിദിലെ പ്രകോപനപരമായ ഇസ്‌റാഈൽ ആക്രമണത്തെ ഖത്തർ അപലപിച്ചു, മുസ്‌ലിം, ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെയുണ്ടായ കുടിയേറ്റക്കാരുടെ ആക്രമണത്തിലും ഖത്തർ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ തടയാൻ ആഗോള ഇടപെടൽ ഉണ്ടാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
നിലവിൽ ഇസ്‌റാഈൽ സൈന്യം ഫലസ്തീനിലെ മുസ്‌ലിം വിശ്വാസികളെ അൽ അഖ്‌സ ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണെന്ന് ഖത്തർ ആരോപിച്ചു. പകരം അനധികൃത കുടിയേറ്റക്കാരായ ജൂതന്മാർക്ക് പ്രദേശങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയാണ് ചെയ്യുന്നത് എന്നും ഖത്തർ വ്യക്തമാക്കി.
"നൂറുകണക്കിന് കുടിയേറ്റക്കാർ അൽ-അഖ്‌സ മസ്ജിദ് ആക്രമിച്ചതിനെയും, ഇസ്‌റാഈൽ അധിനിവേശ അധികാരികൾ വിശ്വാസികൾക്ക് കടുത്ത പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെയും, തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കാൻ ജറുസലേമിലെയും ഹൈഫയിലെയും പള്ളികളിൽ നിന്നുള്ള അഭ്യർത്ഥന നിരസിച്ചതിനെയും ഖത്തർ ശക്തമായി അപലപിക്കുന്നു.” പ്രസ്താവനയിൽ ഖത്തർ അറിയിച്ചു. "ഈ നടപടികളും തീരുമാനങ്ങളും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും വികാരങ്ങളെ പ്രകോപിപ്പിക്കുന്നതായി കണക്കാക്കുന്നു" എന്ന് പ്രസ്താവന വ്യക്തമാക്കി.
അൽ-അഖ്‌സ മസ്ജിദിന്റെയും ജറുസലേമിന്റെയും അതിന്റെ വിശുദ്ധികളുടെയും ചരിത്രപരവും നിയമപരവുമായ സ്ഥിതിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനെതിരെ ഖത്തർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ഈ വിശുദ്ധ സ്ഥലങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാനും അന്താരാഷ്ട്ര നിയമത്തെയും പ്രമേയങ്ങളെയും മാനിക്കണമെന്ന് ഇസ്‌റാഈലിനോട് ഖത്തർ ആവശ്യപ്പെട്ടു.
തങ്ങളുടെ മതപരമായ ആചാരങ്ങൾ നിയന്ത്രണങ്ങളില്ലാതെ ആചരിക്കാനുള്ള പൂർണ്ണ അവകാശം ഉൾപ്പെടെ, സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്ന ഖത്തർ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
അതേസമയം, ഇസ്‌റാഈൽ അധിനിവേശ സേന (ഐഒഎഫ്) യുടെ സംരക്ഷണത്തോടെ നൂറുകണക്കിന് കുടിയേറ്റക്കാർ ജൂതന്മാരുടെ അവധിക്കാലമായ സുക്കോട്ടിന്റെ ആറാം ദിവസം പ്രമാണിച്ച് ബുധനാഴ്ച അൽ അഖ്സ മസ്ജിദിന്റെ വളപ്പിലേക്ക് അതിക്രമിച്ചു കയറി. ഫലസ്തീനിലെ വാർത്താ ഏജൻസിയുടെ (വഫ) റിപ്പോർട്ട് പ്രകാരം ഐഒഎഫ് ഫലസ്തീനികളെ ആക്രമിക്കുകയും ഹ്രസ്വമായി തടവിലിടുകയും ചെയ്തു.
ജറുസലേമിൽ പ്രായമായ പലസ്തീൻ സ്ത്രീകളെ സായുധരായ ഐഒഎഫ് സൈനികർ ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഫലസ്തീൻ ക്രിസ്ത്യാനികൾക്കും ജറുസലേമിലെ പഴയ നഗരത്തിലെ പള്ളികൾക്കും നേരെ കുടിയേറുന്നവർ തുപ്പുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞതായി വഫ റിപ്പോർട്ട് ചെയ്തു. ക്രിസ്ത്യാനികളുടെ മേൽ തുപ്പുന്നത് പഴയ ജൂത പാരമ്പര്യമാണെന്ന് ഇസ്‌റാഈൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ തുടങ്ങിയ ഫാസിസ്റ്റ് പറഞ്ഞത് ഏറെ വിദ്വേഷം വളർത്താൻ കാരണമായി.
വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഫലസ്തീനികൾക്ക് നേരെ ഈ വർഷം നിരവധി തവണയാണ് ഇസ്‌റാഈലിന്റെ ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."