പുതു സ്വാതന്ത്ര്യാന്വേഷണങ്ങള്‍
കെ. സഹദേവന്‍
ബ്രിട്ടീഷ് അധിനിവേശ നുകത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിനാലാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യമിന്ന്. സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടാന്‍ പോകുന്ന ഒരു രാജ്യത്ത്, അവിടുത്തെ ജനങ്ങളില്‍ എത്ര ശതമാനം പേര്‍ക്ക് ആ സ്വാതന്ത്ര്യം അനുഭവവേദ്യമാകുന്നുണ്ട് എന്ന് പിന്തിരിഞ്ഞുനോക്കാന്‍ ഒരു ജനത എന്ന നിലയില്‍ നാം ബാധ്യസ്ഥരാണ്. കടന്നുപോയ ഈ ഏഴര പതിറ്റാണ്ട് കാലത്തിനിടയില്‍, ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഭൗതിക സാഹചര്യങ്ങളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ മനുഷ്യ സമൂഹത്തിന് സാധിച്ചുവെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍, ഒരു സമൂഹമെന്ന നിലയില്‍ നാം നേടിയെടുത്ത ഭൗതിക പുരോഗതികളും സാമ്പത്തിക വളര്‍ച്ചയും അത് അനുവദിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവിക്കാന്‍ തക്ക സാഹചര്യം ഒരുക്കുന്നതില്‍ നാം പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാകൂ. സമൂഹത്തിലെ കര്‍ഷകരും ആദിവാസികളും ദലിതരും അടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങളും ഇന്ന് അസ്വസ്ഥരാണ്. അവരുടെ അസ്വസ്ഥതകളുടെയും ആശങ്കകളുടെയും കാരണങ്ങളിലേക്ക്, അവയുടെ വേരുകളിലേക്ക് കടന്നുചെന്ന് അന്വേഷിക്കാന്‍ ഈയൊരു സന്ദര്‍ഭം നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഇന്ത്യ സൂപ്പര്‍ പവര്‍ ആകുന്നതിനെക്കുറിച്ചാണ് നാം വീമ്പുപറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ പ്രദര്‍ശിപ്പിച്ച് നാം രോമാഞ്ചം കൊള്ളുന്നു. ലോകത്തിലെ ആറാമത്തെ ആണവരാജ്യം, കരസൈന്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ ശക്തി. കംപ്യൂട്ടര്‍ പ്രൊഫഷണലുകളെയും വിദഗ്ധ ഡോക്ടര്‍മാരെയും സൃഷ്ടിക്കുന്ന നാട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യം!
അതിന്റെ മറുവശം?
270 ദശലക്ഷം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരുടെ സ്വന്തം രാജ്യം. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപതിറ്റാണ്ടായിട്ടും ഇന്ത്യയിലെ 40%ത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയാത്ത നാട്. പ്രതിവര്‍ഷം 15000ത്തിനും 20000ത്തിനും ഇടയില്‍ കര്‍ഷകര്‍ കടക്കെണിയില്‍ പെട്ട് ആത്മഹ്യചെയ്യുന്ന രാജ്യം. തങ്ങളുടെ ഭൂമിയും കൃഷിയും സംരക്ഷിക്കാന്‍ മാസങ്ങളായി തെരുവില്‍ കഴിയുന്ന പതിനായിരക്കണക്കായ കര്‍ഷകരുടെ നാട്! 'വിശാല രാജ്യതാല്‍പര്യങ്ങള്‍ക്ക്' വേണ്ടി പിറന്ന മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ട് നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കപ്പെട്ട നിസ്വരായ മനുഷ്യരുടെ സ്വന്തം രാജ്യം. ലോക്ക്ഡൗണ്‍ കാലത്ത്, ഭരണാധികാരികളാല്‍ ഉപേക്ഷിക്കപ്പെട്ട്, തെരുവുകളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്, സ്വന്തം വീടുകളില്‍ എത്തിപ്പെടേണ്ടിവന്ന ലക്ഷക്കണക്കായ കുടിയേറ്റ തൊഴിലാളികളുടെ കാഴ്ചകള്‍ നാമെല്ലാം നേരില്‍ കണ്ടതാണ്. പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ പോലും ഇല്ലാതെ, കൊവിഡിന് മുന്നില്‍ നിസ്സഹായരായി മരണം പൂകിയ ലക്ഷങ്ങള്‍. ആശുപത്രികളില്‍ പ്രാണവായുപോലും ലഭിക്കാതെ നരകിച്ച് മരിക്കേണ്ടി വന്ന ഹതഭാഗ്യര്‍. എവിടെയാണ് നമുക്ക് പിഴച്ചത്? അന്ത്യക്രിയകള്‍ പോലും നടത്താന്‍ സാധിക്കാതെ ഗംഗയുടെ വിരിമാറിലേക്ക് ഒഴുക്കിവിടപ്പെട്ട മനുഷ്യശരീരങ്ങള്‍!
തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് മറ്റൊന്നുമല്ല; ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ ഭൗതിക സാന്നിധ്യം മാത്രമേ ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിടവാങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. അധീശത്വ വര്‍ഗത്തിന്റെ വികസന ബോധ്യങ്ങള്‍, സാമ്പത്തിക നയങ്ങള്‍, ശ്രേണീബദ്ധമായ കൈകാര്യകര്‍തൃത്വങ്ങള്‍ എന്നിവ അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അവര്‍ ഇവിടം വിട്ടുപോയത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഇന്ത്യയടക്കമുള്ള തങ്ങളുടെ അധീശത്വത്തിലുള്ള കോളനികളായി എങ്ങനെ പരിഗണിച്ചുവോ അതേതലത്തില്‍ തന്നെയാണ് നാളിതുവരെയുള്ള ഇന്ത്യന്‍ ഭരണകൂടങ്ങള്‍ ഗ്രാമീണ മേഖലയെ ഉപയോഗപ്പെടുത്തി വന്നത്. നഗരങ്ങളുടെ വിഭവ കോളനികളായി ഇന്ത്യയിലെ ഗ്രാമങ്ങള്‍ പരിവര്‍ത്തിപ്പിക്കപ്പെടുകയും കേന്ദ്രവും പ്രാന്തപ്രദേശവും തമ്മിലുള്ള വൈരുധ്യങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യയിലെ ഇക്കാലയളവിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടുത്തെ ആദിവാസി-ദലിത്, കര്‍ഷക വിഭാഗങ്ങള്‍ ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കില്‍ കൊളോണിയല്‍ ഭരണകൂടം പോലും അവരോട് കാണിക്കാത്ത ക്രൂരതകളുടെ അമ്പരപ്പിക്കുന്ന കണക്കുകളായിരിക്കും ലഭിക്കുക. അണക്കെട്ടുകള്‍, വ്യവസായശാലകള്‍, സംരക്ഷിതവനങ്ങള്‍, ഖനനപദ്ധതികള്‍, ഊര്‍ജ്ജോത്പാദന പദ്ധതികള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത 'വികസന' പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഏഴരപ്പതിറ്റാണ്ട് കാലയളവില്‍ ജനിച്ച മണ്ണില്‍ നിന്നു നാം കുടിയിറക്കിയത് 60ദശലക്ഷം മനുഷ്യരെയായിരുന്നു. അതായത് ആറുകോടി ജനങ്ങളെ! കേരളത്തിന്റെ ജനസംഖ്യയുടെ രണ്ടിരട്ടിയോളം വരും ഇതെന്ന അമ്പരപ്പിക്കുന്ന കണക്കുകളാണ് നമ്മുടെ മുന്നിലെത്തുന്നത്. ആരാണീ അറുപത് ദശലക്ഷം ഹതഭാഗ്യര്‍. തീര്‍ച്ചയായും അത് ഇന്ത്യയിലെ മധ്യ-ഉപരി വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരല്ല. ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍, മലയോരങ്ങളില്‍, വനമേഖകളില്‍ താമസിക്കുന്ന, വിലപേശല്‍ ശക്തി ഒട്ടുമില്ലാത്ത സാധാരണ മനുഷ്യര്‍. ഈ അറുപത് ദശലക്ഷം ജനങ്ങളില്‍ 57%വും ആദിവാസി-ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരാണെന്നുകൂടി അറിയുമ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ നടത്തുന്ന ആസൂത്രിത ചതികള്‍ ഒന്നുകൂടി മറനീക്കി പുറത്തുവരുന്നു.
വികസനത്തെയും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച പുതുനിര്‍വചനങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്. 'ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതരത്തില്‍ യഥാര്‍ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം' എന്ന് അമര്‍ത്യാസെന്‍ 'ഡവലപ്പ്‌മെന്റ് ഈസ് ഫ്രീഡം' എന്ന തന്റെ പുസ്തകത്തില്‍ വികസനത്തെ നിര്‍വചിക്കുന്നുണ്ട്. ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയെയും 'വികസനം' എന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ല. എന്താണ് വികസനം എന്ന ചോദ്യത്തിന്റെ ഉത്തരം, അത് മനുഷ്യന്റെ വിവേചനബുദ്ധിയെ പരിപോഷിപ്പിക്കുന്ന, അവന്റെ ചോദ്യം ചെയ്യാനുള്ള കഴിവിനെ ഉത്തേജിപ്പിക്കുന്ന, അവന്റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ മാനിക്കുന്ന, ലോകത്തുള്ള എല്ലാവിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിടുന്ന, മനുഷ്യന്റെയും പ്രകൃതിയുടെയും സുസ്ഥിരതയെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഒന്നായിരിക്കണം എന്നാണ്.
വര്‍ധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരേ, അസന്തുലിതമായ വിഭവ പ്രവാഹത്തിനെതിരേ, തകര്‍ന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക സന്തുലനത്തിനെതിരേ, മനുഷ്യന്റെ സര്‍ഗശേഷിയെയും അധ്വാനത്തെയും ചൂഷണം ചെയ്തു കൊഴുക്കുന്ന കോര്‍പറേറ്റ് രാജിനെതിരേ പുത്തന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കാഹളങ്ങള്‍ ഉയരേണ്ട സമയമായിരിക്കുന്നു. ഡല്‍ഹിയിലെ അതിര്‍ത്തി കേന്ദ്രങ്ങളില്‍ തമ്പടിച്ച് താമസിക്കുന്ന കര്‍ഷകരില്‍, നര്‍മ്മദയിലും, കോയല്‍ കാരോയിലും അടക്കം പിറന്നമണ്ണിനെ സംരക്ഷിക്കാനുള്ള ആദിവാസികളുടെയും ദലിതരുടെയും പോരാട്ടങ്ങളില്‍ അത്തരമൊരു സ്വാതന്ത്ര്യ വാഞ്ഛ കണ്ടെത്താന്‍ കഴിയും. ദിശതെറ്റിയ ഒരു രാജ്യത്തിന് ശരിയായ പാത ചൂണ്ടിക്കാണിക്കുവാനുള്ള ദിശാസൂചകങ്ങളാണവര്‍.
'കണങ്ങളാലല്ല; കഥകള്‍ കൊണ്ടാണ് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്' എന്ന് പ്രശസ്ത അമേരിക്കന്‍ കവിയും ആക്ടിവിസ്റ്റുമായ മ്യൂറിയല്‍ റുകെയ്‌സര്‍ തന്റെ 'ദ സ്പീഡ് ഓഫ് ഡാര്‍ക്‌നസ്' എന്ന കവിതയിലൂടെ പറയുന്നുണ്ട്. വികസനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പുതിയ നരേഷനുകളിലൂടെ പുതുയൊരു ഇന്ത്യയെ കെട്ടിപ്പെടുക്കാനുള്ള ആലോചനകള്‍ കൊണ്ട് സമൃദ്ധമാകട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിനാചരണങ്ങള്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."