HOME
DETAILS
MAL
തോല്പിച്ചവരും പുനഃസംഘടനാ പട്ടികയിലെന്ന് കെ.പി.സി.സി സെക്രട്ടറി; പിന്നാലെ സസ്പെന്ഷന്
backup
August 15 2021 | 00:08 AM
നെടുമങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന പി.എസ് പ്രശാന്തിനെതിരേയാണ് നടപടി
തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ, വാര്‍ത്താസമ്മേളനം നടത്തി നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ച കെ.പി.സി.സി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി.എസ് പ്രശാന്തിന് സസ്പെന്ഷന്.
പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്പിക്കാന് ശ്രമിച്ചവരെയും ഡി.സി.സി പുനഃസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണമാണ് പ്രശാന്ത് ഉന്നയിച്ചത്. തിരുവനന്തപുരം ജില്ലയിലെ പല പ്രധാനനേതാക്കളും പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്പിക്കാന് രംഗത്തുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നെടുമങ്ങാട് മണ്ഡലത്തിലെ തന്റെ മുന്‍ഗാമി പാലോട് രവിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും പി.എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ നെടുമങ്ങാട് എം.എല്‍.എ കൂടിയായ പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്നാണ് പ്രശാന്ത് പറയുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പെരുന്തച്ചന് മനോഭാവമാണെന്നും പ്രശാന്ത് തുറന്നടിച്ചു.
തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പാലോട് രവിയുടെ പേര് സജീവമായി പരിഗണിക്കുന്നതിനിടെയാണ് പരസ്യ എതിര്‍പ്പുമായി പ്രശാന്ത് രംഗത്തെത്തിയത്. പരസ്യ വിമര്‍ശനത്തിനു പിന്നാലെ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പി.എസ് പ്രശാന്തിനെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരന് പറഞ്ഞു. തലസ്ഥാന ജില്ലയില്‍ എ ഗ്രൂപ്പുകാരില്‍ പ്രമുഖനാണ് പി.എസ് പ്രശാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."