വണ്ടാനം മെഡി.കോളേജിനെതിരെ വീണ്ടും ഗുരുതര പരാതി; രോഗി മരിച്ച വിവരം അറിയിച്ചത് നാലുദിവസം കഴിഞ്ഞ്; അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന് എതിരെ വീണ്ടും ഗുരുതരമായ പരാതി. ഇന്നലെ കൊവിഡ് രോഗി മരിച്ച വിവരം രണ്ടു ദിവസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ഇന്ന് മരിച്ചു നാലു ദിവസം കഴിഞ്ഞിട്ടാണ് വിവരം അറിയിച്ചതെന്ന പരാതിയുമായാണ് ബന്ധുക്കളെത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്റെ(55) ബന്ധുക്കളാണ് പരാതിയുമായെത്തിയിരിക്കുന്നത്.
ഐ.സി.യുവില്‍ കഴിഞ്ഞ തങ്കപ്പന്‍ മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നാണ് പരാതി. ഈ മാസം ഏഴിനാണ് ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. എന്നിട്ടും മരിച്ച വിവരമറിയിച്ചില്ല.
രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോള്‍ ഐ.സി.യുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് ദിവസം കഴിഞ്ഞെന്ന വിവരം പറയുന്നത്.
ഇന്നലെ ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണം വിവരം രണ്ട് ദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്നായിരുന്നു കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്.
അതേ സമയം സംഭവത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."