ഇനി ഗവർണർമാർ വേണ്ട
കെ.എൻ.എ ഖാദർ
ഗവർണർ പദവി ആവശ്യമില്ലാത്ത ഒരു ആഡംബരമാണ്. ഭരണസംവിധാനത്തിലെ പൊങ്ങച്ച സഞ്ചിയാണ്. അജഗളസ്തനമാണെന്ന് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കാമരാജ് പറഞ്ഞിരുന്നു. എന്നാൽ ആ പദവി എടുത്തുകളയുന്ന കാര്യം അത്ര എളുപ്പം നടപ്പാക്കാൻ ദേശീയകക്ഷികൾക്ക് താൽപ്പര്യം കാണാനിടയില്ല. കേന്ദ്രഭരണം കൈയിലുള്ളവർക്ക് അതുകൊണ്ട് ഏറിയ പ്രയോജനങ്ങളുണ്ട്. അതാത് കാലങ്ങളിൽ കേന്ദ്രഭരണത്തിലെത്തുന്നവർക്കും അതിനു സാധ്യതയുള്ളവർക്കും ഇന്നത്തെ സാഹചര്യത്തിൽ അത് ആവശ്യമുള്ളതായി തോന്നും. ഏതുകാലത്തും അങ്ങനെ അവർ ചിന്തിച്ചേക്കുമെന്ന് കരുതുന്നില്ല. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം പൂർണമായി നഷ്ടമാകുന്ന സാഹചര്യം വന്നാലും രാജ്യം വിവിധ സംസ്ഥാനങ്ങളും ജനവിഭാഗങ്ങളുമാണെന്ന നാനാത്വബോധവും ബഹുസ്വരതയും നഷ്ടമായിപ്പോയാലും ഈ പദവി പിന്നെ അത്രക്ക് ആവശ്യമുള്ളതല്ലെന്ന തോന്നൽ ആ സാഹചര്യത്തിലെ കേന്ദ്രസർക്കാരിനു തോന്നിയേക്കാം. ഇന്നത്തെ സാഹചര്യം തുടരുന്നുവെങ്കിൽ ഈ പദവി കേന്ദ്രഭരണകക്ഷിക്കും സർക്കാരിനും പ്രയോജനപ്രദമാണ്. സ്വതന്ത്രമായി ചിന്തിച്ചാൽ ഇതൊരത്യാവശ്യ പദവിയല്ല. ഇതുപോലെ അത്യാവശ്യമല്ലാത്ത പലഭാരങ്ങളും രാജ്യം ചുമക്കുന്നുണ്ട്. അതെല്ലാം ബ്രിട്ടിഷ് ഭരണകാലത്ത് നമ്മുടെ തലയിൽ വച്ചുകെട്ടിയതാണ്.
600 നാട്ടുരാജ്യങ്ങളിലായിരുന്നു പഴയ ഇന്ത്യ. ബ്രിട്ടിഷുകാർ അവയെ പ്രോവിൻസുകളെന്ന് വിളിച്ചു. പ്രോവിൻസുകളിൽ നടക്കുന്ന ഭരണത്തെ നേരിട്ടു നിയന്ത്രിക്കാൻ അസൗകര്യമായിരുന്നതിനാൽ അവിടങ്ങളിലെല്ലാം തങ്ങളുടെ ഇഷ്ടാനുസരണം നോക്കിനടത്താൻ അവർ ഗവർണർമാരെ നിയമിച്ചുതുടങ്ങി. നാട്ടുരാജ്യങ്ങളിൽനിന്നു കപ്പം പിരിക്കാനും രാജ്യം ഭരിക്കുന്ന സായിപ്പന്മാരുടെ ഇംഗിതം സാമന്ത രാജ്യങ്ങൾ മറികടക്കാതിരിക്കാനും അവർക്ക് ഗവർണർമാർ അത്യന്താപേക്ഷിതമായിരുന്നു. അന്നു ജനാധിപത്യമോ ജനഹിതമോ ശരിയായ അർഥത്തിൽ നിലനിന്നിരുന്നില്ല. പിന്നീട് പരിമിതമായ തോതിൽ ജനഹിതം അംഗീകരിക്കുകയും ബ്രിട്ടിഷ് ഭരണത്തിനു കീഴിൽതന്നെ ചില തെരഞ്ഞെടുപ്പുകൾ നടത്തുകയും മറ്റും ചെയ്തുതുടങ്ങി. മന്ത്രിസഭകളും നിലവിൽവന്നു. എങ്കിലും പൂർണ സ്വാതന്ത്യം ഉണ്ടായിരുന്നില്ല. അന്നു തുടർന്നുപോന്ന ഗവർണർ പദവി, സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനയിൽ 153-ാം വകുപ്പായി സ്ഥാനം പിടിച്ചു. ഗവർണർ പദവി അലങ്കരിക്കാൻ രണ്ടു യോഗ്യതകൾ മതി; (1) ഇന്ത്യൻ പൗരനായിരിക്കുക. (2) മുപ്പത്തിയഞ്ച് വയസ് പൂർത്തിയായിരിക്കുക. ഗവർണർമാരെ സാധാരണ സംസ്ഥാനത്തിന്റെ വെളിയിൽനിന്നു നിയമിക്കലാണ് കീഴ്‌വഴക്കം. അതും നിയമപരമായി നിർബന്ധമല്ല. ഗവർണർമാർക്കുള്ള സുപ്രധാന അധികാരങ്ങൾ തെരഞ്ഞെടുപ്പിനുശേഷം നിയമസഭ വിളിച്ചുചേർക്കുക, ഭൂരിപക്ഷകക്ഷിയുടെ തലവനെ മുഖ്യമന്ത്രിയായി നിയമിക്കുക, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാരെ നിയമിക്കുക, നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകി ഒപ്പുവയ്ക്കുക, തടവറയിൽ കഴിയുന്ന ചില കുറ്റവാളികൾ അപേക്ഷിച്ചാൽ പരിശോധിച്ചു ശിക്ഷ ഇളവുചെയ്യുക, അതിനായി സർക്കാരിന്റെ ഉപദേശം തേടുക, ചില പ്രത്യേക സാഹചര്യങ്ങളിൽ സർക്കാരിനെ പിരിച്ചുവിടുക, രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുക എന്നിവയാണ്. ഒരേ ആളിനെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേസമയം ഗവർണറാക്കുന്നതിൽ തെറ്റില്ല. ഗവർണർമാരെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റായിരിക്കും. അതും കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം മാത്രമാണ്. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നിർദേശപ്രകാരം ഗവർണർമാർ അതേ പാർട്ടിയിൽ നിന്നുള്ളവർ തന്നെയായിരിക്കുമെന്ന് ഉറപ്പാണല്ലോ. കേന്ദ്രത്തിനു ഇഷ്ടമല്ലാത്ത സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ഗവർണർ ശ്രമിക്കാറുണ്ട്. കേരള സർക്കാരും ഗവർണരും തമ്മിലുള്ള തർക്കങ്ങളിൽ പുതുമയൊന്നുമില്ല. പല സംസ്ഥാനങ്ങളിലും ഇതൊക്കെ സംഭവിക്കാറുണ്ട്. ഗവർണർ കേന്ദ്രസർക്കാരിന്റെ ഏജന്റുതന്നെയാണ്. അതെല്ലാം ആരോപണങ്ങളല്ല, യാഥാർഥ്യങ്ങളാണ്.
ഏതുകാലത്തും അത് അങ്ങനെയായിരുന്നു, കേന്ദ്രം ഭരിക്കുന്നവർ ഭരണത്തിന്റെ കുഞ്ചികസ്ഥാനങ്ങളിൽ അവരുടെ രാഷ്ട്രീയസ്വഭാവമുള്ളവരെ നിയമിക്കുമ്പോൾ ഏതു പാർട്ടി ഭരിച്ചാലും സംസ്ഥാനങ്ങളിലും അതേ നിലപാടുതന്നെ പിന്തുടരുന്നു. കേരളത്തിലെ സകല വൈസ് ചാൻസലർമാരും തങ്ങളുടെ അംഗങ്ങളോ അനുഭാവികളോ തങ്ങളുടെ അഭീഷ്ടം നിർവഹിക്കുന്നവരോ ആകണമെന്ന് ഇവിടെ ഭരിക്കുന്നവർ കരുതുന്നു. അതനുസരിച്ച് അവർ നിയമനം നടത്തുന്നു. അതിലും ഒരു പുതുമയുമില്ല. അവരെയെല്ലാം കോടതി ഉത്തരവിന്റെ സഹായത്തോടെ പിരിച്ചുവിട്ടാൽ ഗവർണർ കേന്ദ്രഭരണ കക്ഷിയുടെ അനുഭാവികളെ നിയമിക്കുമെന്നും ഉറപ്പാണ്. ആളു തികഞ്ഞില്ലെങ്കിൽ ഒരാളെയൊക്കെ നിഷ്പക്ഷമെന്ന പ്രചാരണ സഹായത്തിനു നിയമിച്ചുവെന്നും വരാം. ഇതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയരീതികൾ. അതുകൊണ്ടുതന്നെ ഗവർണറും സർക്കാരും തമ്മിലുള്ള പോരുകൾ ശക്തമാക്കുന്നവരും ശാന്തമാക്കുന്നവരും അവരുടെ നിലപാടുകൾ ഉറപ്പാക്കുകയാണെന്ന് കരുതിയാൽ മതി. കോടതി വിധിയെയും കീഴ്‌വഴക്കങ്ങളെയും സാധ്യതകളെയും കുറിച്ചു ധാരാളമായി ചർച്ചകൾ നടന്നു കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തെയും ഇവിടെ നടമാടുന്ന ദൈനംദിന സംഭവങ്ങളെയും വേണ്ടത്ര പ്രയോജനപ്പെടുത്തി ആവുന്നത്ര അലങ്കാരങ്ങളും ഉപമകളെയും ചേർത്ത് വൈകാരികതയുടെ അഗ്നിയിൽ ഹോമിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങൾക്കു നരബലിക്കു ശേഷം കൈവന്ന നല്ല അവസരങ്ങളിൽ ഒന്നാണിത്. സമാന്തരമായി മറ്റു വിഷയങ്ങളും വേണ്ടത്രയുണ്ട്.
ഗവർണർ പദവി നിർത്തലാക്കാനുള്ള നടപടികൾ ആരെങ്കിലും സ്വീകരിക്കുന്നതായാൽ അതു കുറച്ചുകൂടെ കൊളോണിയൽ ഭാരം ഇറക്കിവയ്ക്കാൻ നമ്മെ സഹായിക്കുമെന്നാണ് തോന്നുന്നത്. ഈ തർക്കത്തിൽ ഗവർണറോടൊപ്പം നിൽക്കുക പ്രയാസകരമാണ്. മന്ത്രിസഭകൾ മാറിവരും, അന്നും ഏതെങ്കിലുമൊരു മുപ്പത്തിയഞ്ച് വയസു തികഞ്ഞ ഇന്ത്യൻ പൗരൻ ഇവിടെ ഗവർണറായി ഉണ്ടാകും. ഭരിക്കുന്നവർക്കും വാതിൽപ്പടിയിൽ ഭരണം കാത്തുനിൽക്കുന്നവർക്കും ഗവർണർമാർ ഇല്ലാതിരിക്കുന്നതാണ് ഉത്തമം. ഇവിടെ മാത്രമല്ല, എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും അതായിരിക്കും അഭികാമ്യം. പറ്റുമെങ്കിൽ രാഷ്ട്രീയകക്ഷികളുടെ പ്രകടനപത്രികകളിലും ഇന്നുവരെ വന്നിട്ടില്ലെങ്കിലും ദേശീയതലത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രകടനപത്രികയിലും ഇതൊരു ഇനമായി ചേർക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."