HOME
DETAILS
MAL
അഫ്ഗാന്റെ ഭാവി?
backup
August 15 2021 | 19:08 PM
ഡോ. സനന്ദ് സദാനന്ദന്‍
'ദൈവം നിങ്ങളെ മൂര്‍ഖന്റെ വിഷത്തില്‍ നിന്നും കടുവയുടെ പല്ലുകളില്‍ നിന്നും അഫ്ഗാനികളുടെ പ്രതികാരത്തില്‍ നിന്നും രക്ഷിക്കട്ടെ' - അലക്‌സാണ്ടര്‍ ചക്രവര്‍ത്തി. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മുന്നേറ്റം കാ
ബൂള്‍ കീഴടക്കുന്നതിലേക്ക് എത്തി. അഫ്ഗാന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജ്യം വിട്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണ്ഡഹാര്‍, ഹറാത്ത് എന്നീ വലുപ്പത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള നഗരങ്ങളും ഒട്ടുമിക്ക അതിര്‍ത്തി പ്രവേശന മേഖലകളും അവര്‍ കീഴടക്കിയിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് കണക്കാക്കിയിരുന്ന ഈ കീഴടക്കലിന് ദിവസങ്ങള്‍ മാത്രമാണ് താലിബാന് വേണ്ടി വന്നത്. സര്‍ക്കാര്‍ സൈന്യം ഒട്ടുമിക്ക മേഖലകളിലും പോരാട്ടം കാഴ്ചവയ്ക്കാതെ കീഴടങ്ങുകയാണുണ്ടായത്. അഭയാര്‍ഥികളുടെ വലിയ പ്രവാഹം അയല്‍ രാജ്യങ്ങളിലേക്ക് ഒഴുകുന്നു. ഈ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന്റെയും താലിബാന്റെയും രാഷ്ട്രീയം പരിശോധിക്കുകയാണ്.
ചരിത്രത്തിലെ സംഘര്‍ഷ ഭൂമി
ലോക ചരിത്രത്തില്‍ സാമ്രാജ്യങ്ങളുടെ ശവപറമ്പായി അറിയപ്പെടുന്ന പ്രദേശമാണ് ഇന്നത്തെ അഫ്ഗാനിസ്ഥാന്‍. ഗോത്ര വംശീയതയും സാമ്രാജ്യത്വ താല്‍പര്യങ്ങളും ആ മണ്ണിനെ എക്കാലത്തും കലാപങ്ങളുടെ വിളഭൂമിയാക്കി. ഇതിന്റെ തുടര്‍ ചിത്രങ്ങളാണ് ഇരുപത് വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ പിന്‍വാങ്ങലിനുശേഷം അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. സാമ്രാജ്യ വ്യാപനത്തിന്റെ ഭാഗമായുള്ള ബ്രിട്ടീഷ് ആക്രമണങ്ങള്‍, തുടര്‍ന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തെ സംരക്ഷിക്കാനെന്ന പേരില്‍ 1979ലെ സോവിയറ്റ് യൂണിയന്റെ കടന്നുകയറ്റം. ശീതസമരത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനെതിരേ അമേരിക്കന്‍ സഹായത്തോടെയുള്ള മുജാഹിദീന്‍ വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍. ഓപറേഷന്‍ സൈക്ലോണ്‍ വഴി അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ഒഴുക്കിയ കോടികളിലും ആയുധങ്ങളിലും തഴച്ചുവളര്‍ന്ന മുജാഹിദീനുകള്‍ 1989 ലെ സോവിയറ്റ് പിന്‍വാങ്ങലിനു ശേഷം അമേരിക്കക്ക് തന്നെ എതിരേ തിരിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ 1996 ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തു. 2001 സെപ്റ്റംബര്‍ 11 ന് ശേഷം ഉസാമ ബിന്‍ലാദന് അഭയം കൊടുത്തതിന്റെ പേരില്‍ അഫ്ഗാന്‍ മണ്ണില്‍ അമേരിക്കയുടെ കടന്നാക്രമണം. ഇരുപത് വര്‍ഷങ്ങള്‍ നീണ്ട അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശത്തിന് ശേഷം ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കന്‍ സേന ഒരു സുപ്രഭാതത്തില്‍ പിന്‍വാങ്ങുന്നു. വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളിലെന്നപോലെ വിജയം അവകാശപ്പെടാനില്ലാത്ത അമേരിക്കയുടെ ഒരു മുഖം രക്ഷിക്കല്‍ പിന്‍മാറ്റം. ഇതിനു മുന്‍പായി 2020 ഫെബ്രുവരിയില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ വഞ്ചിച്ച് താലിബാനുമായി അമേരിക്ക കരാറുണ്ടാക്കുന്നുണ്ട്. അഷ്‌റഫ് ഗനിയുടെ അഫ്ഗാന്‍ ഭരണകൂടത്തെ തകര്‍ത്ത് താലിബാന്‍ ഭരണകൂടം രൂപീകരിക്കുമ്പോള്‍ അവരുടെ ഈ മുന്നേറ്റം സന്തോഷിക്കാന്‍ വക നല്‍കുന്നതാണോ?
എന്തായിരുന്നു താലിബാന്‍?
പഷ്തൂണ്‍ ഭാഷയില്‍ വിദ്യാര്‍ഥികള്‍ എന്നാണ് താലിബാനുള്ള അര്‍ഥം. ആശയപരമായി രൂപമുണ്ടാക്കുന്നത് പാകിസ്താനിലെ ബലൂചിസ്ഥാന്‍, നോര്‍ത്ത് വെസ്റ്റ് ഫ്രൊണ്ടെയര്‍ പ്രവിശ്യ എന്നിവിടങ്ങളിലെ മദ്‌റസകളിലാണ്. പാക് ഭരണം പിടിച്ചെടുത്ത പട്ടാള മേധാവിയായിരുന്ന സിയാഉല്‍ ഹക്കിന്റെ ഭരണം ഇതിന് അടിത്തറയൊരുക്കി. അരാജകത്വംമൂലം അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും പരിശീലനവും ഇവിടെ നല്‍കി. ശരീഅത്തിന് അവര്‍ കൊടുത്ത വികല വ്യാഖ്യാനങ്ങളാണ് പിന്നീട് താലിബാന്റെ ആശയ പ്രമാണങ്ങളായി വര്‍ത്തിച്ചത്. പാകിസ്താനകത്ത് ഈ വിഭാഗം ബേനസീര്‍ ഭൂട്ടോയുടെ സര്‍ക്കാരിന്റെ ഭാഗമാകുന്നതോടു കൂടി പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി അടുക്കുന്നു. ഇത് പിന്നീടുള്ള വളര്‍ച്ചക്ക് വലിയ വളമായി.
നാഥനില്ലാ കളരിയായ തൊണ്ണൂറുകളുടെ ആദ്യം മുജാഹിദീന്‍ ഗോത്ര വിഭാഗ സംഘര്‍ഷങ്ങളാല്‍ അഫ്ഗാന്‍ പൂര്‍ണമായും അസ്ഥിരമായി. ഇവിടെ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്ന കണികയായി മതത്തെ മാറ്റുന്നതില്‍ താലിബാന്‍ വിജയിച്ചു. ഇത് താലിബാനെ 1996 ല്‍ അധികാരം പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്നു. ഗോത്ര സംഘര്‍ഷങ്ങളുടെ അശാന്തിയുടെ നിരാശയില്‍ താലിബാന്‍ വിരുദ്ധത അഫ്ഗാനിസ്ഥാനില്‍ നേരിടേണ്ടിവന്നില്ല. ഇത് 1996 ലെ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ സംസ്ഥാപനത്തിലേക്ക് വഴിവച്ചു. ആരംഭത്തില്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ഒരു അറുതിവരുത്തി ചിലയിടത്ത് സമാധാനം കൊണ്ടുവരാന്‍ സാധിച്ചു. പക്ഷേ പിന്നീട് മത വ്യാഖ്യാനങ്ങളെ വികലമാക്കി പൊതുജീവിതത്തിലേക്ക് അടിച്ചേല്‍പ്പിച്ചു. ഐക്യരാഷ്ട്രസംഘടനയുമായുള്ള ബന്ധം, എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം ഇങ്ങനെ താലിബാന്‍ ഇടപെടാത്ത മേഖലകള്‍ ഇല്ലെന്നായി. ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ഷീഈ വിഭാഗങ്ങള്‍ വലിയ വിവേചനങ്ങള്‍ക്ക് ഇരകളായി. 2001 ല്‍ ചരിത്രസ്മാരകമായിരുന്ന ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് താലിബാന്‍ തീവ്രതയുടെ നേര്‍ചിത്രമായി ചരിത്രം രേഖപ്പെടുത്തുന്നു. എഴുപതുകള്‍ മുതല്‍ അഫ്ഗാന്‍ പൊതുമണ്ഡലത്തിന്റെ സാന്നിധ്യമായിരുന്ന സ്ത്രീകളായിരുന്നു താലിബാന്റെ മുഖ്യ ഇരകള്‍. അതുകൊണ്ടുതന്നെ താലിബാന്റെ രണ്ടാംവരവില്‍ മുഖ്യമായും ആശങ്കപ്പെടുന്നത് നാലു കോടിയുള്ള അഫ്ഗാന്‍ ജനസംഖ്യയില്‍ പകുതിയുള്ള സ്ത്രീകളാണ്. താലിബാന്‍ പതനത്തിനുശേഷം 70 ലക്ഷം പെണ്‍കുട്ടികളാണ് പ്രൈമറി തലത്തില്‍ സ്‌കൂളുകളില്‍ പഠിക്കുന്നത്, അത് സെക്കന്‍ഡറി തലത്തില്‍ പൂജ്യത്തില്‍ നിന്ന് ഇന്ന് 40 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നു. വിദ്യാഭ്യാസത്തെ പോലും എതിര്‍ക്കുന്ന നാളുകളിലേക്കുള്ള തിരിച്ചുപോക്ക് അങ്ങേയറ്റം ആശങ്കാജനകമാണ്.
താലിബാന്റെ രണ്ടാം വരവ്
അമേരിക്കന്‍ സേന പിന്‍വാങ്ങിയതിനുശേഷം നടന്ന സംഘര്‍ഷ സംഭവങ്ങളുടെ സൂചനകള്‍ മുന്‍ താലിബാന്‍ അനുഭവങ്ങളെ പിന്‍പറ്റുന്നവയാണ്. റോഹിംഗ്യ പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിനു കാണിച്ചു കൊടുത്ത, പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ദാനിഷ് സിദ്ദീഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ്. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ആകസ്മികമായല്ല, ആളെ തിരിച്ചറിഞ്ഞ് തന്നെ താലിബാന്‍ കൊന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ച വാര്‍ത്തകള്‍ പിന്നീടാണ് പുറത്തുവന്നത്. ഇതേ മാസത്തിലാണ് മേഖലയിലെ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായ കൊമേഡിയന്‍ നാസര്‍ മുഹമ്മദിനെ വീട്ടില്‍നിന്ന് താലിബാന്‍ അണികള്‍ പിടിച്ചിറക്കി കൊണ്ടുപോകുന്നത്. അദ്ദേഹത്തെ കാറില്‍ കൈ പുറകില്‍ കെട്ടി കൊണ്ടുപോകുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും വിഡിയോകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ശേഷം വെടിയേറ്റ് കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മൃതശരീരമാണ് കുടുംബത്തിന് ലഭിച്ചത്. 1996 ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത്, നജീബുല്ലയെ തൂക്കിലേറ്റിയ ശേഷം നേതാവായിരുന്ന മുല്ല ഒമര്‍ പ്രഖ്യാപിച്ചത്, താലിബാന്‍ ശുദ്ധമായ ഇസ്‌ലാമിക സമ്പ്രദായം നടപ്പിലാക്കാന്‍ പോകുന്നു എന്നാണ്. ഇതേ പദപ്രയോഗങ്ങള്‍ തന്നെയാണ് കഴിഞ്ഞദിവസം ദോഹയില്‍ നടന്ന ചര്‍ച്ചകളില്‍ താലിബാന്‍ വക്താവ് നടത്തിയത് എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.
താലിബാന്‍ പാകിസ്താന്റെ അരുമയാണെന്നു പറയുമ്പോള്‍ തന്നെ താലിബാന്റെ ഈ രണ്ടാം വരവ് പാകിസ്താനെയും പലരീതിയിലും ആശങ്കപ്പെടുത്തുന്നതാണ്. പാകിസ്താനകത്ത് പാക് താലിബാന്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രചോദനമാകും. മലാല യൂസഫ് സായിയെ ആക്രമിച്ചതും പെഷവാറില്‍ സ്‌കൂള്‍ ആക്രമിച്ചു നിരവധി വിദ്യാര്‍ഥികളെ കൊന്നൊടുക്കിയതിന് പിറകിലും താലിബാന്റെ പാക് വിഭാഗമായിരുന്നു. ഈ വരവ് ഇന്ത്യ അടങ്ങുന്ന മേഖലയിലെ രാജ്യങ്ങള്‍ക്ക് തീവ്രവാദത്തിന്റെ നിരവധി ഭീഷണികള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പോപ്പി കൃഷി കൊണ്ട് വരുമാനമുണ്ടാക്കുന്ന, ഹെറോയിന്‍ കയറ്റുമതി ചെയ്ത് സമ്പത്ത് സ്വരുക്കൂട്ടുന്നത് എങ്ങനെയാണ് ഹലാലായ പണമാകുന്നത് എന്ന ചോദ്യം താലിബാന്‍ അനുകൂലികള്‍ അന്വേഷിക്കുന്നില്ല. ജനതയെ നൂറ്റാണ്ടുകള്‍ പുറകോട്ട് അടിക്കുന്ന, ജനാധിപത്യ വിരുദ്ധമായ, വിശ്വാസവിരുദ്ധമായ ഒരു തീവ്രവാദ സംഘടന എങ്ങനെയാണ് വിസ്മയം ആകുന്നതെന്നതാണ് ഈ രണ്ടാം വരവിലെ പ്രധാന ചോദ്യം.
ഇരുപത് വര്‍ഷം നീണ്ടുനിന്ന അമേരിക്കന്‍ അധിനിവേശം എതിര്‍ക്കപ്പെടേണ്ടതാണ്, പക്ഷേ അത് ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തെ ആഘോഷിച്ചു കൊണ്ടാവരുത്. ആത്യന്തികമായി ഫലസ്തീനിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇരകളാകുന്നത് മനുഷ്യരാണ്, പ്രത്യേകിച്ച് നിഷ്‌കളങ്കരായ കുട്ടികളാണ്. ആക്ഷന്‍ ഓണ്‍ ആംഡ് വയലന്‍സിന്റെ കണക്കനുസരിച്ചു അഫ്ഗാനില്‍ കൊല്ലപ്പെടുന്നതില്‍ 37 ശതമാനത്തിലധികവും കുട്ടികളാണ്. അംഗഭംഗം വന്നിട്ടുള്ളവരില്‍ 44 ശതമാനവും അവര്‍ തന്നെ. ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ട അഫ്ഗാന്‍ ബാലന്‍ ആദ്യമായി കൃത്രിമ കാല്‍വച്ച് നടക്കാന്‍ തുടങ്ങിയ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന വിഡിയോ കണ്ട് ലോകത്തിന്റെ കണ്ണ് നിറഞ്ഞതാണ്. ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണര്‍ എന്ന നോവലില്‍ പറയുന്ന പോലെ അഫ്ഗാനിസ്ഥാനില്‍ ഇന്ന് ബാലന്‍മാര്‍ നിരവധിയാണ്. പക്ഷേ ബാല്യം വളരെ കുറച്ചേ ഉള്ളൂ. കഴിഞ്ഞദിവസം പുറത്തുവന്ന അഫ്ഗാന്‍ ചലച്ചിത്ര സംവിധായികയായ സഹ്‌റ കരിമിയുടെ ലോക ജനതയോട് ഉള്ളുതുറന്ന കത്തില്‍ അവര്‍ എഴുതുന്നു, 'അവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി, പെണ്‍കുട്ടികളെ അവരുടെ ഭാര്യമാരാക്കി വിറ്റു, സര്‍ക്കാര്‍ ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, ലക്ഷക്കണക്കിന് കുടുംബങ്ങളെ അഭയാര്‍ഥികളാക്കി, ഇതൊരു പ്രതിസന്ധിയാണ്. എന്നിട്ടും ലോകം നിശബ്ദമാണ്. ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്'. ഈ രണ്ടാം വരവില്‍ മാനവികതയാകട്ടെ, മനുഷ്യത്വമാകട്ടെ ലോകത്തിന്റെ ശബ്ദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."