രചയിതാക്കള്‍ മാറി മറിയുന്ന സ്വാതന്ത്ര്യസമരകാല ഉറുദു കവിതകള്‍
ആഗോളാടിസ്ഥാനത്തില്‍ തന്നെ അനുവാചക പ്രീതി നേടിയാണ് ഉര്‍ദുഭാഷാസാഹിത്യം വളര്‍ന്നത്. അതില്‍ തന്നെ ഏറെ ഉദ്ധരിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും ഉര്‍ദു കവിതകളാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പല അംഗങ്ങളുടെയും പ്രസംഗമധ്യേ ഏറെ ആലപിക്കപ്പെടുന്നത് ഉര്‍ദു ഈരടികളാണ്. ഉര്‍ദു ഭാഷയെ വര്‍ഗീയതയുടെ മഞ്ഞക്കണ്ണട വച്ച് നോക്കുന്ന പലരും പ്രഭാഷണത്തിനിടെ ഉര്‍ദു കവിതകള്‍ ചൊല്ലാറുണ്ട്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് പോലും ഉര്‍ദു കവിതകള്‍ കുറിച്ചുവച്ചതും ആ ഭാഷയിലെ കാവ്യശാഖക്ക് ലഭിച്ച പൊതുസ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.
1994ല്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പി. അബ്ദുസ്സമദ് സമദാനി സത്യപ്രതിജ്ഞ ചൊല്ലിയത് ഉര്‍ദുവിലായിരുന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ 'ഫുനൂന്‍ലത്തീഫ' എന്ന കവിത ചൊല്ലിയായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്. പാര്‍ലമെന്റംഗങ്ങള്‍ക്ക് അത്ഭുതവും കൗതുകവുമായിരുന്നു ഈ സംഭവമുണ്ടാക്കിയത്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന നജ്മ ഹെപ്ത്തുള്ള ഒരിക്കല്‍ കൂടി അതേ വരികള്‍ ആലപിക്കാന്‍ സമദാനിയോട് അഭ്യര്‍ഥിക്കുകയുണ്ടായി. പിന്നീട് പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ പാര്‍ലമെന്റിനകത്ത് ഇഖ്ബാല്‍ കവിതകള്‍ മുഴങ്ങിക്കേട്ടു. അംഗങ്ങളാകെ ഉര്‍ദു കവിതകള്‍ ആസ്വദിക്കുന്ന അനുഭവമായിരുന്നു പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് ഉര്‍ദു കവിതകള്‍ പൊതുജനങ്ങളെ ആവേശഭരിതരാക്കുമായിരുന്നു. അന്നുയര്‍ന്നുകേട്ട പല ഈരടികളുടെയും രചയിതാക്കള്‍ പില്‍ക്കാലത്ത് മാറി മറിഞ്ഞാണ് അറിയപ്പെടുന്നത്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ഉര്‍ദു മുദ്രാവാക്യം മൗലാന ഹസ്‌റത്ത് മൊഹാനിയുടേതാണ്. വളരെ പ്രശസ്തമായ ഈ മുദ്രാവാക്യം പില്‍ക്കാലത്ത് പല സ്വാതന്ത്ര്യസമരസേനാനികളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1920ല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനലേബര്‍ തൊഴിലാളികളുടെ പ്രക്ഷോഭപ്രകടനത്തിന് നേതൃത്വം നല്‍കിയപ്പോഴായിരുന്നു ഹസ്‌റത്ത് മൊഹാനി ഈ മുദ്രാവാക്യം വിളിച്ചത്.
സമരകാല കവിതകള്‍
1857ലെ ഒന്നാം സ്വാതന്ത്ര്യസമരം സമരചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ബ്രിട്ടീഷുകാരോട് പൊരുതിത്തോറ്റ അവസാനത്തെ മുഗള്‍ചക്രവര്‍ത്തി ബഹാദുര്‍ഷാ സഫറിന്റെ പേരില്‍ പ്രശസ്തി നേടിയ ഗസലായിരുന്നു-
'നാ കിസീ കി ആന്‍ഖ് ക നൂര്‍ ഹു
നാ കിസീ കെ ദില്‍ ക ഖറാര്‍ ഹൂ
ജോ കിസി കേ കാം നാ ആ സക്ക
മൈ വോ ഏക് മുശ്‌ത്തെ ഗുബാര്‍ ഹൂ'
(ഒട്ടുമേ പ്രിയങ്കരനല്ല ഞാന്‍ ആര്‍ക്കും
ഹൃത്തിനാനന്ദ ഹേതുവായില്ല ഞാന്‍
ആര്‍ക്കും ഏനും ഉപകരിച്ചീടാത്ത
തുച്ഛമാമൊരു പിടി മണ്ണുമാത്രം'
ലാല്‍ഖിലാ എന്ന സിനിമയില്‍ മുഹമ്മദ് റഫി അതിമനോഹരമായിട്ടാണ് ഈ ഗസല്‍ ആലപിച്ചിട്ടുള്ളത്. മഹേന്ദ്ര കപൂര്‍, അഭിഷേക് കുമാര്‍ എന്നിവരും ഇത് ആലപിച്ചിട്ടുണ്ട്. ബഹദൂര്‍ഷാ സഫറിന്റെ പേരില്‍ ധാരാളം ഗ്രന്ഥങ്ങളിലും ആനുകാലികങ്ങളിലും ഇത് പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഉന്നത ശ്രേഷ്ഠനായ ഉര്‍ദു കവിയായിരുന്നു ബഹാദുര്‍ഷാ സഫര്‍.
പ്രശസ്ത കവിയായിരുന്ന ശേഖ് മുഹമ്മദ് ഇബ്രാഹിം സൗഖിനെ പോലെയുള്ളവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. എന്നാല്‍ മേല്‍ പരാമര്‍ശിച്ച ഗസല്‍ അദ്ദേഹത്തിന്റേതല്ല. ബഹദൂര്‍ഷാ സഫര്‍ പോലും അറിയാതെയായിരുന്നു ഈ ഗസല്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്റെ യഥാര്‍ഥ സ്രഷ്ടാവ് മുസ്ത്തര്‍ ഖൈറാബാദിയായിരുന്നു. 1869ല്‍ ഉത്തര്‍പ്രദേശിലെ സീത്താപൂരിലെ ഖൈറാബാദിലാണ് മുസ്ത്തര്‍ ഖൈറാബാദി എന്ന സയ്യദ് ഇഫ്ത്തിഖാര്‍ ഹുസൈന്‍ മുസ്ത്തറിന്റെ ജനനം. ഉര്‍ദു കവി അമീര്‍മീനായിയുടെ ശിഷ്യത്വം സ്വീകരിച്ചു. എങ്കിലും ഒരു കവിത മാത്രമാണ് ഗുരുവില്‍ നിന്ന് അദ്ദേഹം തിരുത്തിച്ചത്. പിന്നീട് സാഹിത്യലോകം അംഗീകരിച്ച കവിയായിട്ടാണ് ലോകം അദ്ദേഹത്തെ കണ്ടത്. 1862 നവംബര്‍ 7ന് മരണമടഞ്ഞ അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യകാലജീവിതത്തിനും ഈ കവിതക്കും സമാനതകള്‍ ഉണ്ടായതുകൊണ്ടായിരിക്കാം ഈ ഗസലിനെ ബഹാദൂര്‍ ഷാ സഫറിന്റെ പേരില്‍ പ്രചരിപ്പിച്ചത്. 1887ല്‍ നാല് വാള്യത്തിലായി ബഹദൂര്‍ഷാ സഫറിന്റെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പരാമര്‍ശ ഗസല്‍ കാണാന്‍ സാധിച്ചിട്ടില്ല.
മുസ്ത്തര്‍ ഖൈറാബാദിയുടെ പുത്രന്‍ ജാന്‍ നിസാര്‍ അഖ്ത്തര്‍ അറിയപ്പെടുന്ന പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകനും കവിയുമായിരുന്നു. പില്‍ക്കാലത്ത് ബോംബെയിലെത്തിയ അദ്ദേഹം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കൂടിയായി. പിതാവിന്റെ കവിതകള്‍ മുഴുവന്‍ അദ്ദേഹം ശേഖരിച്ചിട്ടുണ്ടായിരുന്നു. ജാന്‍ നിസാര്‍ അഖ്ത്തറിന്റെ മകന്‍ ജാവേദ് അഖ്ത്തര്‍ ഈ കവിതകളും തന്റെ പിതാമഹനെ കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട്. 'ഖിര്‍മന്‍' എന്ന നാമത്തില്‍ നാല് വാള്യങ്ങളിലായി പിതാമഹന്‍ മുസ്ത്തര്‍ ഖൈറാബാദിയുടെ രചനകള്‍ ജാവേജ് അഖ്ത്തര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ഗസല്‍ ഇതിന്റെ ഒന്നാം വാള്യത്തില്‍ ഉണ്ടുതാനും. ബോളിവുഡില്‍ ഇന്ന് അതിപ്രശസ്തനായ ജാവേദ് അഖ്ത്തര്‍ ചലച്ചിത്രഗാനരചയിതാവും കവിയുമാണ്.
ബഹദുര്‍ഷാ സഫറിന്റെ പേരില്‍ അറിയപ്പെടുന്ന മറ്റൊരു ഈരടിയാണ്
'ഉമ്രേ ദരാസ് മാങ്ക് കെ ലായേ
ഥെ ചാര്‍ ദിന്‍
ദോ ആര്‍സു മെ കട്ട് ഗയെ ദോ
ഇന്‍ത്തസാര്‍ മെ'
(ദീര്‍ഘജീവിതം തേടി നേടിയ
നാലുനാള്‍
മോഹത്താല്‍ തീര്‍ന്നുപോയ്
ആദ്യത്തെ രണ്ട് കാത്തിരിപ്പില്‍
കഴിഞ്ഞുപോയ് ശേഷിച്ച രണ്ടും)
1882 ജൂണ്‍ 5ന് ആഗ്രയില്‍ ജന്മംകൊണ്ട പ്രശസ്ത ഉര്‍ദുകവി അല്ലാമ സീമാബ് അക്ബറാബാദിയാണ് ഈ വരികളുടെ രചയിതാവ്. ശായര്‍ മാസികയുടെ പത്രാധിപരും പ്രശസ്തനായ ഉര്‍ദുകവിയുമായിരുന്നു അദ്ദേഹം. ആശിഖ് ഹുസൈന്‍ സിദ്ദീഖ് എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണനാമം. അദ്ദേഹത്തിന്റെ 'കലീമെ അജം' എന്ന കവിതാ സമാഹാരത്തില്‍ ഈ കവിത ഉണ്ട്. മലബാറിനെ കുറിച്ചും അദ്ദേഹം ഈരടികള്‍ രചിച്ചിട്ടുണ്ട്.
1857ല്‍ മീററ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കലാപത്തെയാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നതെങ്കിലും അതിന്റെ നൂറ് വര്‍ഷം മുമ്പായിരുന്നു, അതായത് 1757ല്‍ ബ്രിട്ടീഷുകാരോട് പോരാടി ബംഗാളിന്റെ നവാബായിരുന്ന സിറാജ്ജുദ്ദൗല രക്തസാക്ഷിത്വം വരിച്ചത്. ഈ മരണവാര്‍ത്ത കേട്ടപ്പോള്‍ അസീമാബാദിന്റെ സുബേദാറും പേര്‍ഷ്യന്‍ കവിയും കൂടിയായ രാം നാരായണന്‍ മോസോ പെട്ടെന്ന് ചൊല്ലിയ ഈരടികളായിരുന്നു.
'ഗസാലാ തും തൊ വാഖ്ഫ് ഹോ കഹോ മജ്‌നു കെ മര്‍നെ കി
ദീവാനാ മര്‍ ഗയാ ആഖിര്‍ കൊ വീരാനെ പെ ക്യാ ഗുസ്‌രി'
ഉര്‍ദുവില്‍ കവിത രചിക്കുകയോ ആലപിക്കുകയോ ചെയ്തിട്ടില്ലാത്ത റാം നാരാണന്‍ മോസോ സുബേദാര്‍ ആയതുകൊണ്ട് അദ്ദേഹം ചൊല്ലിയ ഈ ഈരടികള്‍ കൂടെയുള്ളവര്‍ അദ്ദേഹത്തിന്റെ പേരില്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ വരികള്‍ അധികമാരുമറിയാത്ത ബനാറസിലെ ഉര്‍ദു കവി മിര്‍സാ ഇബ്രാഹിം മുശ്ത്താഖിന്റെയാണ്.
'സര്‍ഫറോശി'യുടെ ഹൃത്തടം
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ഏറ്റവും അധികം ആവേശം പകര്‍ന്ന ഒരു ഗസല്‍ ആയിരുന്നു
'സര്‍ഫറോശി കീ തമന്ന
അബ് ഹമാരേ ദില്‍ മെ ഹൈ
ദേഖ്‌ന ഹൈ സോര്‍ കിത്‌ന
ബാസുയെ ഖാത്തില്‍ മെ ഹൈ'
(ഹൃത്തടമേറെ കൊതിക്കുന്നതിപ്പോള്‍
ആത്മബലി ചെയ്തു ധന്യനാകാന്‍
ഏറെ കരുത്താലെ
ദുഷ്ടന്‍ ഹനിക്കിലും
നേരിടാം ഉള്‍ക്കരുത്തിനാലെ)
പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിന്റെ പേരില്‍ അറിയപ്പെടുന്ന ഗസലാണ് ഇത്. ഗോപിചന്ദ് നാരംഗിനെ പോലുള്ള പ്രശസ്ത ഉര്‍ദു സാഹിത്യകാരന്‍ ഉള്‍പ്പെടെ പലരും പല ഗ്രന്ഥങ്ങളിലും അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഉര്‍ദുകവിതകളും ലേഖനങ്ങളും രേഖകളുമെല്ലാം പറയുന്നതു പ്രകാരമാണ് ഈ ഗസല്‍ റാം പ്രസാദ് ബിസ്മിലിന്റെ പേരില്‍ അറിയപ്പെട്ടത്. 1927 ഡിസംബര്‍ 19ന് കാക്കോരി കേസില്‍ ബ്രിട്ടീഷുകാര്‍ റാം പ്രസാദ് ബിസ്മിലിനെ തൂക്കിലേറ്റുന്ന സമയത്ത് അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഈ വരികള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ ഗസല്‍ അദ്ദേഹത്തിന്റെ പേരില്‍ എഴുതിവച്ചതു കൊണ്ടുതന്നെ യഥാര്‍ഥ രചയിതാവ് വിസ്മരിക്കപ്പെട്ടു. വലിയ അംഗീകാരവും സ്വീകാര്യതയും നേടിയ ഈ വരികള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പരിചിതമായിരുന്നു. പല ഹിന്ദി സിനിമകളിലും ഇതിന്റെ പൂര്‍ണരൂപം ആലപിക്കപ്പെട്ടിട്ടുണ്ട്. ശഹീദ്, ഠവല ഘലഴമിറ ീള ആവമഴമ േടശിഴവ ടീേൃ്യ എന്നിവ അവയില്‍ രണ്ടെണ്ണം മാത്രമാണ്. മുഹമ്മദ് റഫി, ലതാമങ്കേഷ്‌ക്കര്‍, മന്നഡേ, സോനുനിഗം, ഹരിഹരന്‍ എന്നിവരും ഈ വരികള്‍ ആലപിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ യഥാര്‍ഥ രചയിതാവ് സയ്യദ് ശാ മുഹമ്മദ് ഹസന്‍ ബിസ്മില്‍ ആണ്. 1901ല്‍ ബിഹാറിലെ ഖുസ്രുപുരിയില്‍ ജനിച്ച സയ്യദ് ശാ മുഹമ്മദ് ഹസന്റെ പിതാവ് ബാരിസ്റ്റര്‍ സയ്യദ് ശാ ആലെ ഹസന്‍ 1894ല്‍ പറ്റ്‌നയിലെ അസീമാബാദില്‍ പ്രക്ടീസിന് വരികയും പിന്നീട് സകുടുംബം ഇവിടെ താമസിക്കുകയും ചെയ്തു. ശാ മുഹമ്മദ് ഹസന്‍ കുട്ടിക്കാലം മുതല്‍ തന്നെ കവിതാ രചനയില്‍ തല്‍പരനായിരുന്നു. ശാദ് അസീമാബാദി ആയിരുന്നു തന്റെ ഗുരു. രചനയിലെ പ്രാഗത്ഭ്യം കൊണ്ടും വലിയ കവിയരങ്ങുകളില്‍ പങ്കെടുക്കുന്നതുകൊണ്ടും തൂലികാനാമം ബിസ്മില്‍ എന്നായിരുന്ന അദ്ദേഹം ബിസ്മില്‍ അസീമാബാദി എന്ന പേരില്‍ പ്രശസ്തനായി.
പണ്ഡിറ്റ് റാം പ്രസാദ് ബിസ്മില്‍ കവി അല്ലായിരുന്നെങ്കിലും ഇഷ്ടപ്പെട്ട വരികള്‍ ചൊല്ലുകയും അവ ഡയറിയില്‍ കുറിച്ചിടുകയും ചെയ്യുമായിരുന്നു. മാത്രമല്ല ബിസ്മില്‍ എന്ന തൂലികാനാമം സ്വീകരിക്കുകയും ചെയ്തിരുന്നു. രക്തസാക്ഷ്യം വരിച്ച ശേഷം പിടിച്ചെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ഡയറികളില്‍ നേരത്തെ പരാമര്‍ശിച്ച ഗസല്‍ വരികള്‍ കാണപ്പെട്ടതിനാലാവണം യഥാര്‍ഥ സ്രഷ്ടാവ് മാറിപ്പോയത്.
1921ലാണ് സര്‍ഫറോശി കി തമന്ന എന്ന ഗസല്‍ സയ്യദ് ശാ മുഹമ്മദ് ഹസന്‍ ബിസ്മില്‍ അസീമാബാദി രചിച്ചത്. സബാഹ് എന്ന മാഗസിനില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. മാഗസിന്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മൗലാനാ ആസാദിന്റെ സാന്നിധ്യത്തില്‍ ഈ ഗസല്‍ ആലപിക്കുകയുണ്ടായി. ഈ ഗസല്‍ രചിച്ച ശേഷം ബിസ്മില്‍ തന്റെ ഗുരു ശാദ് അസീമാബാദിക്ക് അയച്ചുകൊടുക്കുകയും അതില്‍ തന്നെ ശാദ് തിരുത്തി തിരിച്ചയക്കുകയും ചെയ്ത കോപ്പി ഇന്നും പാറ്റ്‌നയിലെ ഖുദാബഖ്ശ് പബ്ലിക് ഓറിയന്റല്‍ ലൈബ്രറിയില്‍ ഉണ്ട്. ബിസ്മില്‍ തന്റെ കവിതാ സമാഹാരമായ 'ഹിക്കായത്തെ ഹസ്തി'യിലും ഈ ഗസല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1973 മാര്‍ച്ച് 25ന് പ്രസിദ്ധീരിച്ച 'മിലാപ്പ്' (ലണ്ടന്‍) പത്രത്തിന്റെ ഭഗത്‌സിങ് വിശേഷാല്‍ പതിപ്പിന്റെ എഡിറ്റോറിയലില്‍ പത്രാധിപര്‍ എഴുതിയത് ഇങ്ങനെയായിരുന്നു. 'കാക്കോരി സംഭവത്തിലെ രക്തസാക്ഷികള്‍ക്ക് സമ്മാനമായിട്ട് മൗലാനാ ഹസ്‌റത്ത് മൊഹാനി എഴുതിക്കൊടുത്തതായിരുന്നു സര്‍ഫറോശി കി തമന്ന എന്ന വരികള്‍. പിന്നീട് അദ്ദേഹം ആ കവിതയുടെ അവകാശത്തില്‍ നിന്ന് പിന്മാറുകയായിരുന്നു'. എന്നാല്‍ പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന് തെളിയുകയായിരുന്നു.
ഇഖ്ബാലിനും 'സ്വന്തമല്ലാത്ത' കവിതകള്‍
ധാരാളം കവിതകളും ഈരടികളും ഇപ്രകാരം യഥാര്‍ഥ രചയിതാക്കളെ വിസ്മരിച്ചുകൊണ്ട് പലരുടെയും പേരില്‍ അറിയപ്പെട്ടിട്ടുണ്ട്. അല്ലാമാ ഇഖ്ബാലിന്റെ പേരില്‍ നൂറ് കണക്കിന് വ്യാജ ഉര്‍ദു ഈരടികള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്.
'ഫാനൂസ് ബന്‍ കെ ജിസ് കി
ഹിഫാസത്ത് ഹവാ കറേ
വോ ശമ്മ ക്യാ ബുത്ഥേ ജിസേ
റോശന്‍ ഖുദാ കറേ'
ഈ ഈരടി പലയിടത്തും ഇഖ്ബാലിന്റെ പേരില്‍ വന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇതിന്റെ രചയിതാവ് ജോന്‍പൂരിലെ ശഹീര്‍ മച്ഛലി ശഹ്‌റിയാണ്. അതുപോലെ തന്നെ മീര്‍സാ മുഹമ്മദ് റസാ ഖാന്‍ ബര്‍ഖ് ലഖ്‌നവിയുടെ
'മുദ്ദഈ ലാഖ് ബുരാ ചാഹേ
തൊ ക്യാ ഹോത്താ ഹൈ
വഹി ഹോത്ത ഹൈ ജോ മന്‍സൂറെ ഖുദാ ഹോത്താ ഹൈ'
എന്ന ഈരടിയും പലരും ഇഖ്ബാലിന്റെ നാമത്തില്‍ ചാര്‍ത്തിക്കൊടുക്കാറുണ്ട്.
'ഖുദാ നെ ആജ് തക്ക് ഉസ് ഖൗം
കി ഹാലത്ത് നഹീ ബദ്‌ലി
നാ ഹോ ജിസ് കൊ ഖയ്യാല്‍ ആപ്പ് അപ്‌നി ഹാലത്ത് കെ ബദല്‍ നെ ക'
സമീന്ദാര്‍ പത്രത്തിന്റെ പത്രാധിപരും കവിയുമായ മൗലാന സഫര്‍ അലിഖാന്റെ വരികളാണിത്. കേരളം സന്ദര്‍ശിച്ച അദ്ദേഹം മലബാറിനെക്കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്. 'ബഹാറിസ്താന്‍' എന്ന അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിലുള്ള ഈ കവിത പലരും ഇഖ്ബാലിന്റെ പേരില്‍ പ്രചരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചരണം വളരെ സജീവമാണ്.
നെഹ്‌റുവിനും കിട്ടി ഒരെണ്ണം
ഒരിക്കല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രോഗബാധിതനായി കിടക്കുമ്പോള്‍, സുനില്‍ദത്തിന്റെ ഭാര്യ നര്‍ഗീസ് അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ നെഹ്‌റു ചൊല്ലിയ ഈരടികള്‍ ഇങ്ങനെയായിരുന്നു.
'ഉന്‍ കെ ദേ ഖെ സെ ജോ ആജിത്തി ഹൈ മൂപ്പര്‍ റൗനബ്
വോ സമത്ധ നെ ഹൈ കെ ബീമാര്‍ കഹാല്‍ അച്ഛാ ഹൈ'
(അവരെ ദര്‍ശിച്ചതിനാല്‍
വര്‍ണാഭമായെന്‍ വദനം
രോഗി സൗഖ്യത്തിലായെന്നവര്‍
ധരിച്ചിരിക്കുന്നു)
നെഹ്‌റുവിന്റെ മാതൃഭാഷ ഉര്‍ദു ആയതിനാലായിരിക്കണം ഉര്‍ദു സാഹിത്യത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ ഇത് നെഹ്‌റുവിന്റെ സ്വന്തം വരികളാണെന്ന് ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് മിര്‍സാഗലിബിന്റെ പ്രശസ്തമായ വരികളാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.
ഉര്‍ദുഭാഷയിലെ കവിതാശകലങ്ങള്‍ പലരും സ്ഥാനത്തും അസ്ഥാനത്തും ധാരാളമായി ഉപയോഗിക്കാറുണ്ട്. ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലതെല്ലാം രചയിതാവിനെ മറന്ന് പ്രശസ്തമാകും. ഒരു കവിയുടെ രചനകള്‍ മറ്റൊരു പ്രശസ്ത കവിയുടെ പേരില്‍ പ്രചരിപ്പിക്കുന്നതും സാധാരണമാണ്. ഇതെല്ലാം ബോധപൂര്‍വ്വമല്ലാതെയും ശ്രദ്ധക്കുറവിനാലും സംഭവിക്കുന്നവയാണ്. രചയിതാക്കളെ മറന്ന് ആസ്വാദക വൃന്ദത്തിനകത്ത് ചിരകാലത്തേക്ക് ഓര്‍മിക്കപ്പെടുന്ന നിരവധി ഈരടികള്‍ സൗന്ദര്യ, കവിഭേദമന്യേ സാഹിത്യ സംഗീതപ്രേമികളെ സ്വാധീനിച്ചിരിക്കുന്നു എന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."