സതീശന്‍ പാച്ചേനി അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ ആദര്‍ശമുഖങ്ങളിലൊന്ന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയും ഏതാനും സമയം മുമ്പ് മരിക്കുകയുമായിരുന്നു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് സംസ്‌കരിക്കും.
ഭാര്യ: റീന. മക്കള്‍: ജവഹര്‍, സാനിയ (രണ്ടുപേരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സുരേശന്‍ (ആലക്കോട് കാര്‍ഷിക വികസന ബേങ്ക്), സിന്ധു, സുധ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനിയുടെ ജനനം.
വിദ്യാര്‍ഥിയായിരിക്കെ തന്നെ കെ.എസ്.യുവില്‍ സജീവമായി. സ്‌കൂളിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ.പോളി ടെക്നിക്കിലും പഠിക്കുമ്പോള്‍ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായി. കെ.എസ്.യു കണ്ണൂര്‍ താലൂക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, 1993 മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സതീശന്‍, 1999ല്‍ കെ.എസ്.യു പ്രസിഡന്റായി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് കെ.എസ്.യു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഏകനേതാവും സതീശനാണ്.
സതീശന്‍ മത്സരിച്ചതൊക്കെയും സി.പി.എമ്മിന്റെ വമ്പന്‍മാരോടായിരുന്നു. 1996ല്‍ ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ തളിപ്പറമ്പ് മണ്ഡലത്തില്‍ ആദ്യം മത്സരിച്ചു. 2001 ല്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനെതിരെയും. ഈ മത്സരത്തില്‍ കഷ്ടിച്ചാണ് വി.എസ് രക്ഷപ്പെട്ടത്. ഇതോടെ കേരളാ രാഷ്ട്രീയത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട പേരുകളൊന്നായി സതീശന്‍ മാറി. 2006 ലും സാക്ഷാല്‍ വി.എസിനെതിരെ മലമ്പുഴയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തിറക്കിയത് സതീശനെയായിരുന്നു. 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു.
സതീശന്റെ നിര്യാണത്തോടെ കോണ്‍ഗ്രസിലെ ആദര്‍ശമുഖങ്ങളിലൊന്നിനെയാണ് നഷ്ടമായത്.
Senior Congress leader Satheesan Pacheni passes away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."