ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയേറുന്നു; തെലങ്കാനയിലെ പദയാത്ര മൂന്നാംദിനത്തിലേക്ക്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനപഥങ്ങള്‍ താണ്ടി മുന്നേറുന്നു. മാസങ്ങള്‍ നീണ്ട ഭാരത പദയാത്ര ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്ര 50 ദിവസം പിന്നിട്ടു.
തെലങ്കാനയിലെ പദയാത്ര ഇന്ന് മൂന്നാംദിനത്തിലേക്ക് കടന്നു. വ്യാഴാഴ്ച 26.7 കിലോമീറ്ററാണ് നടന്നത്. ഇന്ന് വെള്ളിയാഴ്ച നാരായന്‍പേട്ട് ജില്ലയിലെ യെലിഗണ്ട്‌ലയില്‍ നിന്നാണ് യാത്ര പുനരാംരംഭിച്ചത്. 23.3 കിലോ മീറ്റര്‍ താണ്ടി രാത്രിയോടെ മഹബൂബ് നഗറില്‍ ഇന്നത്തെ യാത്ര സമാപിക്കും. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികളടക്കം വഴിയോരങ്ങളില്‍ തനിക്കായി കാത്തുനില്‍ക്കുന്നവരെ അഭിവാദ്യം ചെയ്തും ആശ്ലേഷിച്ചും ആശയവിനിമയം നടത്തിയുമാണ് യാത്ര മുന്നേറുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകരോടും കര്‍ഷക സംഘടനാ പ്രതിനിധികളോടും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളോടും രാഹുല്‍ സംസാരിച്ചു. സര്‍ക്കാര്‍ സഹായധനം അനുവദിച്ചില്ലെന്ന് കുടുംബങ്ങള്‍ പരാതിപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രക്ക് മികച്ച സ്വീകരണമാണ് കിട്ടിയത്. നവംബര്‍ ഒന്നിന് ഹൈദരാബാദ് നഗരത്തില്‍ പ്രവേശിക്കും. ചാര്‍മിനാറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോര്‍ണര്‍ യോഗത്തില്‍ പ്രസംഗവും നിശ്ചയിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ 19 നിയമസഭാ മണ്ഡലങ്ങളും ഏഴ് ലോക്‌സഭാ മണ്ഡലങ്ങളും പിന്നിട്ട് 375 കിലോമീറ്ററാണ് പദയാത്ര. നവംബര്‍ നാലിന് വിശ്രമദിനമാണ്. നവംബര്‍ ഏഴിന് യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിക്കും. എന്‍.സിപിയും ശിവസേന ഉദ്ദവ് പക്ഷവും പങ്കുചേരും. എന്‍.സി.പി നേതാവ് ശരത് പവാര്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്നിവര്‍ യാത്രയില്‍ അണിചേരുന്നുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ യോജിച്ച് മുന്നേറുന്നതിനുള്ള തുടക്കമായിരിക്കും യാത്രയെന്ന് വിലയിരുത്തപ്പെടുന്നു. 382 കിലോമീറ്ററാണ് മഹാരാഷ്ട്രയിലെ പദയാത്ര. നന്ദേഡ് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ ബഹുജന റാലിയും നിശ്ചയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."