തുലാമഴയ്ക്ക് മുന്‍പു തന്നെ അണക്കെട്ടുകള്‍ വെള്ളത്താല്‍ സമൃദ്ധം; 83 ശതമാനം വെള്ളം, മഴ ശക്തമായാല്‍ തുറന്നുവിടേണ്ടി വരും
തൊടുപുഴ: തുലാമഴയ്ക്ക് മുമ്പെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ സമൃദ്ധം. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് എല്ലാ അണക്കെട്ടുകളിലുമായി 83ശതമാനം വെള്ളമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തുലാമഴ ശക്തമായാല്‍ പല അണക്കെട്ടുകളും തുറന്ന് വെള്ളം ഒഴുക്കികളയേണ്ടി വരും.
രാജ്യത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) 29ന് എത്തുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം (ഐ.എം.ഡി) അറിയിച്ചിട്ടുണ്ട്. 23ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വിടവാങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. തെക്ക് കിഴക്കന്‍ മേഖലയായ തമിഴ്‌നാട്ടിലാകും ആദ്യം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എത്തുക. നാളെ മുതല്‍ കേരളത്തില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 81ശതമാനം വെള്ളം നിലവിലുണ്ട്. മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് പമ്പ 83, ഇടമലയാര്‍ 81, കുണ്ടള 94, മാട്ടുപെട്ടി 93, കുറ്റ്യാടി 67, തര്യോട് 78, പൊന്‍മുടി 91, കല്ലാര്‍കുട്ടി 73, പെരിങ്ങല്‍കുത്ത് 58, ലോവര്‍പെരിയാര്‍ 47 ശതമാനവും വെള്ളമുണ്ട്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സെപ്റ്റംബര്‍ 30ന് ഔദ്യോഗികമായി വിടവാങ്ങി. പിന്നീട് ലഭിക്കുന്ന മഴ തുലാമഴയുടെ കണക്കിലാണ് ഉള്‍പ്പെടുത്തുക. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 202.2 മി.മീ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 271 മി.മീ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. 25ശതമാനം മഴക്കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ സാധാരണ മഴ ലഭിച്ചപ്പോള്‍ മറ്റ് ജില്ലകളില്‍ മഴക്കുറവാണ്.
കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 66 ശതമാനവും തൃശൂരില്‍ 63 ശതമാനവും മഴക്കുറവുണ്ട്. ഡിസംബര്‍ 31നാണ് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഔദ്യോഗികമായി വിടവാങ്ങുന്നത്.
തമിഴ്‌നാട്ടില്‍ ഇക്കുറി തുലാമഴ തകര്‍ത്തു പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ചെന്നൈ ഉള്‍പ്പെടെ എല്ലായിടത്തും നല്ല മഴ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം കേരളത്തോട് ചേര്‍ന്നുകിടക്കുന്ന തെക്കന്‍ തമിഴ്‌നാട്ടില്‍ മഴ താരതമ്യേന കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."