കൂട്ടപ്പലായനം
കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെ കൂട്ടപ്പലായനം ചെയ്യുന്ന ജനങ്ങളെ കണ്ട് മരവിച്ചിരിക്കുകയാണ് ലോകം.
താലിബാന്‍ കാബൂളിലെത്തിയപ്പോള്‍ത്തന്നെ പരിഭ്രാന്തരായ ജനങ്ങള്‍ കിട്ടുന്ന വിമാനത്തില്‍ കയറി നാടുവിടാന്‍ കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പായുന്ന കാഴ്ച ദയനീയമായിരുന്നു.
രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടായേക്കുമെന്നും തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും എതിര്‍ത്തവരെയും യു.എസ് സേനയെ സഹായിച്ചവരെയും വകവരുത്തുമെന്നും ഭയപ്പെട്ടാണ് പലായനം.
ബസുകളില്‍ തൂങ്ങിക്കയറുന്നതിനു സമാനമായി വിമാനങ്ങളില്‍ എങ്ങനെയും കയറിപ്പറ്റാന്‍ തിരക്കുകൂട്ടുന്നവരുടെ ചിത്രം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാസ്‌പോര്‍ട്ടും വിസയുമൊന്നുമില്ലാത്തവര്‍ വിമാനത്താവളത്തിലേക്ക് ഒഴുകി. ജനക്കൂട്ടം റണ്‍വേയിലൂടെ വിമാനത്തിനു പിന്നാലെ ഓടുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.യു.എസ് വിമാനത്തിന്റെ ചിറകിലും ചക്രത്തിലും അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ചുപേരാണ് അതിദാരുണമായി മരിച്ചത്.
മൂന്നുപേര്‍ സ്വന്തം ശരീരം വിമാനത്തിന്റെ ചക്രത്തില്‍ കെട്ടിയതായിരുന്നുവെന്നും വിമാനമുയര്‍ന്നപ്പോള്‍ താഴെ വീണാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടു സായുധര്‍ യു.എസ് സേനയുടെ വെടിയേറ്റാണ് മരിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വിമാനത്താവള സുരക്ഷ നോക്കുന്ന യു.എസ് സൈനികര്‍ ആകാശത്തേക്ക് വെടിവച്ചു.
ജനങ്ങള്‍ വിമാനത്താവളത്തില്‍ തിക്കിത്തിരിക്കിയതോടെ വിമാന സര്‍വിസുകളെല്ലാം റദ്ദാക്കി.
ആളുകളോട് വീടുകളിലേക്കു മടങ്ങാന്‍ താലിബാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. പാക്, ചൈനീസ് അതിര്‍ത്തികളില്‍ താലിബാന്‍ കര്‍ശന നിരീക്ഷണത്തിലാണ്.
ഗനി അനുകൂലികള്‍ രാജ്യത്തിനു പുറത്തു കടക്കുന്നതും വിദേശ ശക്തികള്‍ പ്രവേശിക്കുന്നത് തടയാനുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."