അതിജീവനത്തിന്റെ നൊബേല്‍; 'കാറ്റി'യുടെയും മനുഷ്യരാശിയുടെയും
അതിജീവനത്തിന്റെ നൊബേല്‍; 'കാറ്റി'യുടെയും മനുഷ്യരാശിയുടെയും
ഡോ. അബേഷ് രഘുവരന്‍
വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ നേടിയ കാറ്റലിന്‍ കരിക്കോയുടെ ജീവിതം വിസ്മയങ്ങള്‍ നിറഞ്ഞതാണ്. പലതവണ ഗവേഷണത്തില്‍ നിന്നും പഠനത്തില്‍ നിന്നും വഴിത്തിരിഞ്ഞുപോകേണ്ടിവന്ന സാഹചര്യത്തിലും ഈ രംഗത്തുതന്നെ ഉറച്ചുനിന്നത് ഒരുപക്ഷേ, കാലം കൊവിഡിനെതിരേ അവരെ കാത്തുവച്ചതുകൊണ്ടാവാം. ഡ്രോ വൈസ്മാനുമായി പുരസ്‌കാരം പങ്കിടുമ്പോള്‍ അവരുടെ വഴികള്‍ നാം അറിയേണ്ടതുണ്ട്. കാരണം ആ വഴികളിലൊക്കെ മനുഷ്യരാശിയുടെ അതിജീവനം കൂടി അലിഞ്ഞിരിക്കുന്നുണ്ട്.
നൂറ്റാണ്ടിന്റെ മഹാമാരിയെന്ന് കരുതപ്പെടുന്ന കൊവിഡ് 19 ഒരറ്റത്തുനിന്നു പടര്‍ന്നുപന്തലിച്ചപ്പോള്‍, അതുമെല്ലെ ലോകത്തിന്റെ ഗതിയെവരെ നിയന്ത്രിച്ചപ്പോള്‍ ശാസ്ത്രലോകത്തേക്ക് പ്രതീക്ഷയോടെ ലോകം കണ്ണയച്ചത് അതിനുവേണ്ടിയുള്ള വാക്സിന്‍ എപ്പോള്‍ ജന്മമെടുക്കും എന്നറിയുന്നതിനുവേണ്ടിയായിരുന്നു. ഇതുവരെ പരിചിതമല്ലാത്ത, അതിനെക്കുറിച്ച് ഒന്നുമറിയാത്ത ശാസ്ത്രലോകം, ആ വൈറസിനെപ്പറ്റി പഠിച്ചു, ഗവേഷണം നടത്തി ഒരു വാക്സിന് രൂപം നല്‍കുമ്പോള്‍ കാലമെത്രയെടുക്കും? അന്നുവരെ മനുഷ്യര്‍ ജീവിച്ചിരിക്കുമോ? കൊവിഡ് പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങിയ കാലത്ത് ഈ ചിന്തകള്‍ക്കപ്പുറം ഒരു പ്രതിവിധിക്കായി ശാസ്ത്രലോകം പോലും സജ്ജരല്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ വാക്സിന്‍ ഏറെ പെട്ടെന്ന് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ രണ്ടുപേരുടെ കൈകളില്‍ ഉണ്ടായിരുന്നു. കാലം ഇങ്ങനെയാണ്. ഏതൊരു പ്രശ്നത്തിനും ഒരു പരിഹാരം പ്രശ്നത്തിനൊപ്പമോ അതിനും ഏറെ മുമ്പുതന്നെയോ പ്രകൃതി കരുതിവയ്ക്കുന്നതുപോലെ അവര്‍ ആ സാങ്കേതികവിദ്യയുമായി ഫൈസര്‍ ബയോഇന്‍ടെക്ക്, മോഡര്‍ന എന്നീ കമ്പനികളെ സമീപിച്ചു. അത്രയേറെ പ്രശസ്തരല്ലെങ്കിലും ഈ വലിയ ചരിത്രദൗത്യത്തിനായി കമ്പനികള്‍ അവരെ വിശ്വാസത്തിലെടുത്തു. അങ്ങനെ അവര്‍ കൊവിഡിനെ തോല്‍പ്പിച്ചുകൊണ്ടു വാക്സിന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു.
ഒരു തലമുറയെത്തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ, ലക്ഷക്കണക്കിന് ആളുകളുടെ ജീവനപഹരിച്ച കൊവിഡിനെതിരേ വാക്സിന്‍ കണ്ടെത്തിയ സാങ്കേതികവിദ്യയ്ക്ക് നൊബേല്‍ സമ്മാനം വൈകുന്നതെന്ത് എന്നുമാത്രമായിരുന്നു ശാസ്ത്രലോകത്തിന്റെ ചോദ്യവും ആശങ്കയും. എന്നാല്‍ അര്‍ഹിച്ച കരങ്ങളില്‍ തന്നെ ആ മഹത്തായ പുരസ്‌കാരം എത്തുമ്പോള്‍ അത് കൈകളില്‍ പേറി ആ രണ്ടുപേര്‍ക്കും ചിലതു പറയാനുണ്ട്. സ്വപ്നത്തിന്റെയും നഷ്ടത്തിന്റെയും,അവഗണനയുടെയും ഒക്കെ നീണ്ട വഴികള്‍ താണ്ടി അവരെത്തുമ്പോള്‍ ആ ഭൂതകാലത്തിന് ഏറെ തിളക്കമുണ്ടെന്നു പറയാതെവയ്യ.
ആശാവഹമല്ലാത്ത ബാല്യം
കുട്ടിക്കാലത്തുതന്നെ ഒരു ശാസ്ത്രജ്ഞയാവാന്‍ ആഗ്രഹിച്ച കാറ്റലിന്‍ കരിക്കോയുടെ വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇരുപതാമത്തെ വയസില്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിയ കാറ്റലിന്‍ കരിക്കോയ്ക്ക് അവിടെ തൊഴില്‍ നേടാനായില്ല. എന്നുമാത്രമല്ല, ഗവേഷണത്തിനായി ഫണ്ട് കണ്ടെത്തുന്നതില്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവന്നത്. ലാബുകളില്‍ നിന്നു ലാബുകളിലേക്കു മാറിമാറി ഗവേഷണം നടത്തുമ്പോഴും സ്ഥിരവരുമാനമുള്ള ഒരു തൊഴില്‍ എന്നത് സ്വപ്നമായി അവശേഷിക്കുമ്പോഴും കാറ്റലിന്‍ നിരാശപ്പെട്ടില്ല. തന്റെ ഗവേഷണവുമായി മുന്നോട്ടുതന്നെ പോയിക്കൊണ്ടിരുന്നു. പരമ്പരാഗത ജ്ഞാനം മുറുകെപ്പിടിച്ചുകൊണ്ടിരുന്ന മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്കുമുന്നില്‍ കാറ്റലിന്‍ കരിക്കോയുടെ ആധുനികശാസ്ത്രത്തിന് അവര്‍ ചെവികൊടുത്തില്ല. പരമ്പരാഗത ജ്ഞാനത്തെ തകര്‍ത്തെറിയുകകൂടിയാണ് കാറ്റലിന്‍ കരിക്കോ ചെയ്യുന്നതെന്നതും അവരെ ചൊടിപ്പിച്ചിരിക്കാം.
കാറ്റലിന്റെ ഭര്‍ത്താവ്, ഒരു അപ്പാര്‍ട്മെന്റ് കോംപ്ലക്സിന്റെ മാനേജര്‍ ബേല ഫ്രാന്‍സിയ നിരന്തരം പറയുമായിരുന്നു, നീ തൊഴിലെടുക്കാന്‍ പോകുന്നതല്ല, വെറുതെ തമാശയ്ക്ക് ലാബില്‍ പോകുന്നതാണ് എന്ന്. കാറ്റലിന്‍ കരിക്കോ കഷ്ടപ്പെടുന്നതിനുള്ള പ്രതിഫലം കിട്ടാതെവന്നത് കണ്ടപ്പോഴാണ് അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്. തീര്‍ന്നില്ല, അദ്ദേഹം കാറ്റിയുടെ (കാറ്റലിന്‍ കരിക്കോയെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത് 'കാറ്റി' എന്നായിരുന്നു) വരുമാനം വെറുതെയൊന്ന് അളന്നു. ഒരുമണിക്കൂറില്‍ കാറ്റിന് കിട്ടുന്നത് വെറും ഒരു ഡോളര്‍ മാത്രം… ഓരോ ലോകോത്തര കണ്ടുപിടിത്തങ്ങളും ഓരോ ശാസ്ത്രജ്ഞനും പണമുണ്ടാക്കാനുള്ള വഴികളും ലോകശ്രദ്ധ നേടുവാനുള്ള കാരണങ്ങളും മാത്രമാകുമ്പോള്‍ കാറ്റിനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല. അങ്ങനെയെങ്കില്‍ mRNA എന്നേ പേറ്റന്റ് ചെയ്യപ്പെടുകയും കാറ്റി ഒരു പണക്കാരിയായി മാറുകയും ചെയ്യുമായിരുന്നു.
കയറ്റിറക്കങ്ങളിലൂടെ പഠനം
കാറ്റലിന്‍ കരിക്കോ ഒരു ഇറച്ചിവെട്ടുകാരന്റെ മകളായി 1955 ജനുവരി 17നു ഹംഗറിയില്‍ ജനിച്ചു. സ്‌കൂള്‍ പഠനത്തിനുശേഷം സീജെഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. അതിനുശേഷം അവിടെത്തന്നെ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി ഗവേഷണം തുടര്‍ന്നു. എന്നാല്‍ ഹംഗറി സര്‍ക്കാര്‍ കാറ്റിന് നല്‍കിയ ഗവേഷണ ഫണ്ട് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായി. അവിടെനിന്നു 1985ല്‍ കാറ്റി ഭര്‍ത്താവും രണ്ടുവയസുള്ള മകള്‍ സൂസനുമായി ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂനിവേഴ്സിറ്റിയിലേക്ക് യാത്രയാകുകയും അവിടെ ഗവേഷകയായി ചേരുകയും ചെയ്തു. ഹംഗറി രാജ്യത്തിന്റെ അന്നത്തെ നിയമം വച്ച് 100 ഡോളറില്‍ കൂടുതല്‍ രാജ്യത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ആവശ്യത്തിന് പണമില്ലാതെ ഫിലാഡല്‍ഫിയയില്‍ എത്തിയാല്‍ പിന്നെ പട്ടിണിയിലുമാകും. കാറ്റി ഒരു വഴി കണ്ടെത്തി. സൂസന്റെ ടെഡി ബിയറിന്റെ പാവയില്‍ കുറച്ചുപണം തുന്നിക്കെട്ടുക. അന്ന് ആ പാവയെ നെഞ്ചോടുചേര്‍ത്തു കൊണ്ടുപോയ സൂസന്‍ പിന്നീട് രണ്ടു തവണ ഒളിമ്പിക് സ്വര്‍ണം അതേ നെഞ്ചോട് ചേര്‍ത്തു. റോവിങ്ങില്‍ 2008 ലും 2012ലും സൂസന്‍ ഫ്രാന്‍സിയ വിജയിയായി.
mRNA യെ പ്രണയിച്ചുതുടങ്ങുന്നു
1989ല്‍ യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ ഡോ. എലിയട്ട് ബര്‍നാഥനുമായി ചേര്‍ന്ന് mRNA (മെസഞ്ചര്‍ ആര്‍.എന്‍.എ) യില്‍ ഗവേഷണം ആരംഭിച്ചു. അവിടെവച്ചാണ് കോശങ്ങളില്‍ പ്രോട്ടീന്‍ നിര്‍മിതിയില്‍ mRNA യുടെ സ്വാധീനം തിരിച്ചറിയുന്നത്. mRNA യുടെ നിര്‍ദേശപ്രകാരം ഏതു കോശത്തിനും ഏതു പ്രോട്ടീന്‍ നിര്‍മിക്കുവാനും കഴിയും എന്ന് അവര്‍ കണ്ടെത്തി. ഈ രംഗത്ത് അതൊരു വഴിത്തിരിവായിരുന്നു. പിന്നീട് അവര്‍ mRNA ഉപയോഗിച്ചുകൊണ്ട് ഹൃദയത്തിന്റെ ബൈപാസ് സര്‍ജറിയില്‍ രക്തധമനികളെ കൂടുതല്‍ ശക്തമാക്കാമെന്നും കണ്ടെത്തി. എന്നാല്‍ ഡോ. ബര്‍നാഥന് മറ്റൊരു പ്രൈവറ്റ് ബയോടെക് കമ്പനിയുടെ ഓഫര്‍ ലഭിക്കുകയും അദ്ദേഹം പെന്‍സില്‍വാനിയ വിടുകയും ചെയ്തതോടെ കാറ്റിയ്ക്ക് ഗവേഷണത്തിനുള്ള ഫണ്ട് സര്‍വകലാശാല നിര്‍ത്തലാക്കി. പിന്നെയും ഗവേഷണം പ്രതിസന്ധിയിലേക്ക് പതിച്ചു.
വൈസ്മാനെ കണ്ട വഴിത്തിരിവ്
അതിനുശേഷമാണ് കാറ്റി യാദൃച്ഛികമായി ഡോ. ഡ്രോ വൈസ്മാനെ പരിചയപ്പെടുന്നത്. 'ഞാന്‍ ഒരു mRNA ശാസ്ത്രജ്ഞയാണ്. എനിക്ക് അതുപയോഗിച്ചു പലതും ചെയ്യാന്‍ കഴിയും'- വൈസ്മാന് കാറ്റിയിലെ ശാസ്ത്രജ്ഞയെ പെട്ടെന്ന് തിരിച്ചറിയാനായി. അദ്ദേഹം തിരിച്ചു ചോദിച്ചു. 'എനിക്ക് എച്ച്.ഐ.വി വാക്സിന്‍ നിര്‍മിക്കണമെന്നുണ്ട്. കഴിയുമോ?'
ഒരുനിമിഷംപോലും വൈകാതെ കാറ്റി മറുപടി പറഞ്ഞു. 'കഴിയും, നമുക്ക് അത് നിര്‍മിക്കാം'. പിന്നീട് അതിനുള്ള ശ്രമമായിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. അവര്‍ പിന്നോക്കം പോയില്ല. ഗ്രാന്റിനായി അപേക്ഷ അയച്ചുകൊണ്ടിരുന്നു. മറുപടി പലതും ഇങ്ങനെ ആയിരുന്നു, 'mRNA ഒരു നല്ല മരുന്നല്ല, ആ ശ്രമം ഉപേക്ഷിക്കുക'. അന്നവര്‍ അത് ഉപേക്ഷിച്ചിരുന്നെങ്കില്‍ കൊവിഡ് വാക്സിന്‍ ഒരുപക്ഷേ, ഈ നിമിഷം വരെ കണ്ടുപിടിക്കപ്പെടില്ലായിരുന്നു.
mRNA ഗവേഷണത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന അവര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ഫണ്ടിനായി കയറിയിറങ്ങി. എവിടെയും തിരിച്ചടിയായിരുന്നു ഫലം. ഒടുവില്‍ ഏതൊരു നല്ല ആശയവും ഒരിക്കല്‍ തിരിച്ചറിയപ്പെടുമെന്ന തിരിച്ചറിവുമായി മോഡര്‍ന എന്ന അമേരിക്കന്‍ കമ്പനിയും ബയോ എന്‍ടേക് എന്ന ജര്‍മന്‍ കമ്പനിയും അവരുടെ ഗവേഷണത്തിന് ഗ്രാന്‍ഡ് നല്‍കാന്‍ തീരുമാനിച്ചു.
കൊവിഡ് കാലത്തേക്ക്
കൊവിഡ് പിടിമുറുക്കിയ സമയമായിരുന്നു അത്. കൊവിഡിനെതിരേ mRNA ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് കാറ്റിയും വൈസ്മാനും കണ്ടെത്തി. കൊവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ നിര്‍മിക്കുവാനുള്ള സന്ദേശം mRNA കോശത്തിന് നല്‍കുകയും കൊവിഡ് അക്രമിക്കുന്നതിനു മുമ്പുതന്നെ അതിനെതിരേയുള്ള ആന്റിബോഡികള്‍ നിര്‍മിക്കുകവഴി കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് അവര്‍ കണ്ടെത്തിയതോടെ കമ്പനികള്‍ക്ക് വാക്സിന്‍ നിര്‍മിക്കുക എന്ന ജോലിമാത്രമേ ഉണ്ടായിരുന്നുള്ളൂ.
2020 നവംബര്‍ 8ന് വാക്സിന്റെ റിസള്‍ട്ട് എത്തി. വാക്സിന്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഫൈസര്‍-ബയോ എന്‍ടെക് കമ്പനി റിസള്‍ട്ട് പുറത്തുവിട്ടു. കാറ്റി ആസമയം വീട്ടിലായിരുന്നു. അവര്‍ അലമാരിയില്‍നിന്ന് ചോക്കളേറ്റ് പൊതിഞ്ഞ കപ്പലണ്ടി മുഴുവനായും കഴിച്ചുകൊണ്ട് ഭര്‍ത്താവിന്റെ അരികിലിരുന്നു. ആദ്യത്തെ വിജയാഘോഷം.
വൈസ്മാനാവട്ടെ കുടുംബവുമായി പുറത്തെ റസ്റ്ററന്റില്‍ പോയി ആഘോഷിച്ചു. അദ്ദേഹം പറഞ്ഞു. 'എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാബില്‍ ഞങ്ങള്‍ കണ്ടുപിടിക്കുന്നത് ലോകത്തിന് ഉപകാരപ്രദമാവണമെന്ന്. അത് സംഭവിച്ചിരിക്കുന്നു'. പിന്നെ നാം കണ്ടതെല്ലാം ചരിത്രമായിരുന്നു. കൊവിഡ് പിടിതരാതെ പടര്‍ന്നപ്പോള്‍, അതിനുമുന്നില്‍ ലോകം തരിച്ചുനിന്നപ്പോള്‍ വാക്സിനുമായി കാറ്റിയും വൈസ്മാനും ലോകത്തിനെ ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പിടാന്‍ സഹായിച്ചു. നാം വാക്സിന്‍ പങ്കിട്ടുകൊണ്ട് കൊവിഡിനെ പ്രതിരോധിച്ചു.
കാറ്റിയും വൈസ്മാനും ഒരിക്കല്‍ കാറ്റിയ്ക്ക് ഗവേഷണം നടത്താന്‍ ഗ്രാന്‍ഡ് നിഷേധിച്ച യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് നവംബര്‍ 18 നു വാക്സിന്‍ സ്വീകരിച്ചു. ഒരു നിശബ്ദപ്രതികാരത്തിന്റെ മധുരത്തോടെ. അതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാറ്റിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിഞ്ഞു. അതെ, ആ കണ്ണുനീരുകള്‍ പറഞ്ഞിട്ടുണ്ടാവും, 'ഇതുപോലെ അവസാനനിമിഷം വിജയതീരമണയും വരെ പരാജയപ്പെട്ട എത്രയോ പേര്‍ ഈ ലോകത്ത് ഉണ്ടായിരിക്കും' എന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."