സിദ്ദീഖ് കാപ്പന്‍ കേസില്‍ യു.പി പൊലിസിന് തിരിച്ചടി
മഥുര: ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസില്‍ യു.പി പൊലിസിന് തിരിച്ചടി.
കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലിസിന്റെ ആവശ്യം മഥുര അഡിഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളി.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിതെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന പൊലിസ് നിലപാട് ദുരുദ്ദേശ്യപരമാണെന്നുമുള്ള സിദ്ധിഖ് കാപ്പന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയാറാണെന്ന് നേരത്തെ സിദ്ധിഖ് കാപ്പന്‍ തന്നെ കോടതി മുമ്പാകെ അറിയിച്ചതാണെന്നും കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയില്‍ വാദിച്ചു.
പ്രമേഹ രോഗിയായ കാപ്പന്‍ ജയിലില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഷുഗറിന്റെ അളവ് കൂടിയതിനു പുറമെ, വീഴ്ചയില്‍ പല്ലിനു തകരാര്‍ സംഭവിച്ചിരുന്നു. കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ജയില്‍ അധികാരികളുടെ റിപ്പോര്‍ട്ട് തേടാന്‍ കോടതി തീരുമാനിച്ചു.
കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരേയും പൊലിസ് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച് നാലു മാസം കഴിഞ്ഞിട്ടും പകര്‍പ്പ് കൈമാറാത്തത് വ്യക്തിപരമായ അവകാശത്തിന്റെ ലംഘനമാണ്.
പത്തു മാസത്തിലേറെയായി കാപ്പന്‍ ജയിലില്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പൊലിസിന്റെ പ്രതികരണം തേടി.
കേസ് 23ന് വീണ്ടും പരിഗണിക്കും. കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെത്തുടര്‍ന്ന്, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു മുന്നോടിയായി കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജൂലൈ 23ന് പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, കോടതി കേസെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."