HOME
DETAILS

മറക്കരുത് കവി ഹമീദിനെ

  
backup
October 08 2023 | 08:10 AM

dont-forget-poet-hamid

മറക്കരുത് കവി ഹമീദിനെ

ജമാല്‍ കൊച്ചങ്ങാടി
മലയാള സാഹിത്യ പ്രണയിനികളില്‍ എത്രപേര്‍ എ.കെ ഹമീദ് എന്ന പേരു കേട്ടിട്ടുണ്ട്. കേരളത്തിലെ പ്രധാന ദിവ്യന്മാരില്‍ ആരുമല്ല. എങ്കിലും ഈ മനുഷ്യന്റെ ഔദാര്യപൂര്‍ണമായ സൗഹൃദം ഇല്ലായിരുന്നെങ്കില്‍ പ്രചാരത്തില്‍ ചരിത്രംസൃഷ്ടിച്ച രമണന്‍ എന്ന മധുരമനോഹര കാവ്യം എന്ന് വെളിച്ചം കാണുമായിരുന്നുവെന്ന് പറയാന്‍ പ്രയാസമാണ്. ചങ്ങമ്പുഴ സ്മരണകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ പ്രശസ്ത കവി ജി. കുമാരപിള്ള എഴുതിയ വരികള്‍ ഇന്നും പ്രസക്തമാണ്. ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെട്ട രമണന്‍ എന്ന വിലാപകാവ്യത്തിന്റെ ആദ്യ പ്രസാധകനായ ഹമീദിന്റെ കവിതകള്‍ വെളിച്ചം കാണാന്‍, അദ്ദേഹം മരിച്ച് മൂന്നു പതിറ്റാണ്ടുകള്‍ വേണ്ടിവന്നു എന്നത് കുറ്റകരമായ സാമൂഹ്യ വിസ്മൃതിയാണ് സൂചിപ്പിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പച്ചക്കറിയുടെയും നേന്ത്രക്കായുടെയും വ്യാപാരം നടത്തിയിരുന്ന ആലിംഗപ്പറമ്പില്‍ കുഞ്ഞിക്കാദറിന്റെ മകനായിരുന്ന ഹമീദിന്റെ- എറണാകുളം ബ്രോഡ്വെയില്‍ പ്രശസ്തമായിരുന്ന- കൊച്ചിന്‍ ഹൗസ് എന്ന വസ്ത്രക്കട ഒരുകാലത്ത് പ്രസിദ്ധ സാഹിത്യകാരന്മാര്‍ ഒത്തുകൂടുന്ന സങ്കേതമായിരുന്നു. ചങ്ങമ്പുഴയും ഇടപ്പള്ളിയും ബഷീറും ദേവും പോഞ്ഞിക്കര റാഫിയും എല്ലാം അവിടെ നിത്യസന്ദര്‍ശകരായിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലകളില്‍ ഒന്നായിരുന്ന മുനവ്വിറുല്‍ ഇസ്ലാം വായനശാലയുടെ സഹകാര്യദര്‍ശി കൂടിയായിരുന്നു ഹമീദ്. വസ്ത്രശാലയോടൊപ്പം വോള്‍ഗ കണ്‍ഫെക്ഷനറി എന്ന മിഠായിക്കമ്പനിയും നടത്തിയിരുന്നു. അങ്ങനെ സാമ്പത്തികമായി മെച്ചപ്പെട്ട സമയത്ത് കായക്കച്ചവടം സഹോദര പുത്രന്മാരെ ഏല്‍പ്പിച്ചു. സ്വന്തമായി വീടുണ്ടായി വിവാഹിതനായി, ഭാര്യയും 10 മക്കളുമുള്ള വലിയ കുടുംബത്തിന്റെ നാഥനായി.

കാവ്യജീവിതവും സമ്പത്തും പുഷ്‌കലമാകുന്ന കാലത്താണ് ചങ്ങമ്പുഴയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇടപ്പള്ളിയിലെ ഒരു വാര്യരുടെ വീട്ടില്‍ ചങ്ങമ്പുഴയും ഇടപ്പള്ളി രാഘവന്‍പിള്ളയും ഉള്‍പ്പെടെയുള്ള യുവകവികള്‍ ഒത്തുകൂടി കാവ്യചര്‍ച്ചകള്‍ നടത്തിയിരുന്ന കാലം. ആ ഘട്ടത്തിലാണ് രാഘവന്‍പിള്ള തൂങ്ങിമരിക്കുന്നത്. ആത്മസുഹൃത്തിന്റെ മരണം ഉളവാക്കിയ ദുഃഖമാണ് ചങ്ങമ്പുഴയുടെ രമണന്റെ രചനയിലേക്കു നയിച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കലും രമണന്‍ വെളിച്ചം കണ്ടില്ല. എറണാകുളത്ത് പ്രകാശ് പ്രിന്റിങ് വര്‍ക്സ് എന്ന സ്ഥാപനം നടത്തിക്കൊണ്ടിരുന്ന പാപ്പച്ചന്‍ ഹമീദിന്റെ സുഹൃത്തായിരുന്നു. ആ പ്രസിലാണ് രമണന്റെ ആദ്യത്തെ ആയിരം കോപ്പികള്‍ അച്ചടിക്കപ്പെടുന്നത്. 1938ലായിരുന്നു അത്. ഒരു രൂപയായിരുന്നു വില. കവി തന്നെ കൊണ്ടുനടന്നു വില്‍ക്കുകയായിരുന്നു. പിന്നീടാണ് മംഗളോദയവും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവുമൊക്കെ രമണന്റെ പ്രസാധനം ഏറ്റെടുക്കുന്നത്. ഒരു ദശകത്തിനകം 15 പതിപ്പിറങ്ങിയ ആദ്യത്തെ ഖണ്ഡകാവ്യമായിരുന്നു രമണന്‍.

ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും പോലെ അക്കാലത്തെ കാല്‍പനിക കവികളില്‍ ഒരാളായിരുന്നു ഹമീദും. എന്നാല്‍, അദ്ദേഹം ആളും ആരവങ്ങളും പ്രശസ്തിയും ആഗ്രഹിക്കാത്ത ഏകാന്ത പഥികനായിരുന്നു. ഹമീദിന്റെ കവിതകള്‍ ജീവിതകാലത്തു വെളിച്ചം കാണാതെ പോയതിന്റെ കാരണങ്ങളിലൊന്ന് തന്റെ ഈ അനാസ്ഥ തന്നെയായിരിക്കണം. എഴുതിയതാവട്ടെ, വളരെ കുറച്ചു കവിതകളും. ജോലിതേടി ചങ്ങമ്പുഴ മദിരാശിയില്‍ പോകുമ്പോള്‍ ഒരു സ്വര്‍ണമോതിരം നല്‍കിയാണ് ഹമീദ് തന്റെ സുഹൃത്തിനെ അയച്ചത്.
എണ്‍പതുകള്‍ ഹമീദിന് അപചയങ്ങളുടെ കാലമായിരുന്നു. സ്വന്തം കച്ചവട സ്ഥാപനങ്ങളും വീടും നഷ്ടപ്പെട്ടു. വാടകവീടുകള്‍ കയറിയിറങ്ങേണ്ടി വന്നു. പലവിധത്തിലുള്ള അസുഖങ്ങള്‍… എന്നാല്‍ കഷ്ടപ്പാടും ദാരിദ്ര്യവും കാവ്യാര്‍ച്ചനയ്ക്കു വളമായെന്ന് കവിയും ചിത്രകാരനുമായ മകന്‍ ഡോക്ടര്‍ മുഹമ്മദ് ഫൈസി വിലയിരുത്തുന്നു. 1975ല്‍ സി.എച്ച് മുഹമ്മദ് കോയ മന്ത്രിയായിരിക്കുമ്പോള്‍ പത്താം ക്ലാസുകാരനായ ഹമീദിനെ കൊച്ചിന്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമാക്കിയതാണ് ആകെക്കൂടി ലഭിച്ച അംഗീകാരം. തുരങ്കത്തിനറ്റത്തെ വെളിച്ചം പോലെയായിരുന്നു ആ പദവിയുടെ വരവ് എന്ന് മകന്‍ എഴുതുന്നു.

1988 ഒക്ടോബര്‍ 12നു കൊച്ചിന്‍ ആശുപത്രിയിലായിരുന്നു മരണം. അതിനകം കാക്കനാട് സ്വന്തം വീടുവയ്ക്കാനും ക്ലേശിച്ചാണെങ്കിലും മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിലാക്കാനും കഴിഞ്ഞു. 77ാം വയസിലായിരുന്നു മരണം. അതിനുശേഷം മാത്രമാണ് ഹമീദിന്റെ വിവര്‍ത്തന കാവ്യമായ ബുര്‍ദ പ്രസിദ്ധീകരിക്കുന്നത്. 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ, ഇപ്പോഴാണ് കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ നിരന്തര ഗവേഷണത്തിന്റെ ഫലമായി തയാറാക്കിയ പര്യായ നിഘണ്ടു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്നുണ്ട്.

പ്രവാചകനെക്കുറിച്ച് രചിക്കപ്പെട്ട ലോകകവിതകളില്‍ ഏറ്റവും പ്രശസ്തമാണ് ഇമാം ബൂസൂരിയുടെ ഖസീദത്തുല്‍ ബുര്‍ദ. ഇംഗ്ലീഷ്, ഫ്രഞ്ച്, തുര്‍ക്കിഷ് തുടങ്ങി വിവിധ ഭാഷകളിലേക്കു പരിഭാഷ ചെയ്യപ്പെട്ട ബുര്‍ദയ്ക്ക് മലയാളത്തിലും ഭാഷാന്തരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 160 ഖണ്ഡങ്ങളിലായി ദ്വിതീയാക്ഷര പ്രാസദീക്ഷയോടെ എ.കെ ഹമീദ് രചിച്ച വിവര്‍ത്തനം അതിന്റെ കാവ്യമാധുര്യംകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്നു. നാതോന്നത വൃത്തത്തിലുള്ള തുടക്കം ഇങ്ങനെയാണ്.

അമിതമീ ചുടുനിണം കലര്‍ന്നിടും അശ്രുപൂരം
അവിരാമം നീ പൊഴിപ്പതെന്തിന്നധീരം?
നന്മയുറ്റ 'ദീസല'മില്‍ അയല്‍ക്കാരായി വസിച്ചോര്‍
നിന്നോര്‍മയില്‍ വരികയാലോ തെളിഞ്ഞു പാരം!

വിസ്മൃതിയില്‍ മറഞ്ഞുപോകുമായിരുന്ന ഹമീദിന്റെ 74ഓളം കവിതകള്‍ ബുര്‍ദയോടൊപ്പം പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടുവന്ന ഗ്രേസ് ബുക്സും അവ തിരഞ്ഞെടുത്ത അബ്ദുറഹ്‌മാന്‍ മങ്ങാടും വളരെ ചിട്ടയോടെ പല ഭാഗങ്ങളായി തിരിച്ച് വിശദമായ പഠനത്തോടെ എഡിറ്റിങ് നടത്തിയ ഡോ. ജമീല്‍ അഹമ്മദും മലയാള കവിതയ്ക്ക് വിലപ്പെട്ട സംഭാവനയാണു നല്‍കിയിരിക്കുന്നത്. ഒരുപിടി കവിതകളേ എ.കെ ഹമീദ് എഴുതിയിട്ടുള്ളതെങ്കിലും അവയില്‍ മനോഹരമായ പ്രകൃതി നിരീക്ഷണങ്ങളും ദാര്‍ശനിക തീക്ഷണതയും പ്രകടമാണ്. പിടിമണ്ണ് എന്ന ചെറുകവിതയില്‍ മനുഷ്യജന്മത്തിന്റെ സത്ത നിറഞ്ഞുനില്‍ക്കുന്നു.

'പിടി മണ്ണെടുത്തേനെന്‍ കയ്യില്‍ ഞാനും
സിരകളില്‍ പെട്ടെന്നുറഞ്ഞു രക്ത
മൊരു മിന്നല്‍ മിന്നിയെന്‍ ഹൃത്തടത്തില്‍:
മരണമൊരിക്കല്‍ ഉടച്ചെറിഞ്ഞ
മനുജനല്ലി മണ്ണെന്നാര്‍ക്കറിയാം.

-ശവസംസ്‌കാര വേളയില്‍ ഖബറിലേക്ക് മൂന്നുപിടി മണ്ണിടുക സെമറ്റിക് സംസ്‌കാരത്തിലെ സവിശേഷതയാണ്. മരിച്ചു മണ്ണടിഞ്ഞു ഭൂമിയില്‍ ലയിച്ചുചേര്‍ന്ന് ഏതോ മനുഷ്യന്റെ ഉടല്‍ഭാഗം തന്നെയല്ലേ അന്ത്യമായി നല്‍കുന്ന തന്റെ കൈയിലിരിക്കുന്നതെന്ന് ശങ്കിക്കുകയാണ് കവി. ഈ മണ്ണ് ഹമീദിന്റെ കവിതകളില്‍ പലതിലും ആവര്‍ത്തിച്ചു വരുന്നുണ്ട്.

'പറയാമോ താങ്കള്‍ക്കിനിയെന്‍ പാഴുറ്റ
പശിമണ്ണാല്‍ എന്തുപണി ചെയ്യപ്പെടും?' - എന്ന് കുശവനോട് ചോദിക്കുന്നുണ്ട് സര്‍ഗമേഖല എന്ന കവിതയില്‍.
'വിടര്‍ന്ന പുഷ്പങ്ങളഖിലവും മണ്ണി-
ലടിഞ്ഞന്നെന്നേയ്ക്കും നശിച്ചു പോകുന്നു'- എന്ന് ഉമര്‍ ഖയ്യാമിന്റെ മുന്തിരിച്ചഷകത്തില്‍.
'വിയല്‍പഥത്തോളം അലൗകികാഭ
ചേര്‍ന്നുയര്‍ന്നു നില്‍പ്പൊരു മഹാ ഖബര്‍ നീയും'- എന്ന് ഹിമഗിരിയെ ഓര്‍മപ്പെടുത്തുന്നു കവി. നരനെ പോലും നടക്കുന്ന ഖബറായിട്ടാണ് കവി വിശേഷിപ്പിക്കുന്നത്. ക്ഷണികമായ ഈ ജീവിതത്തില്‍ കാലം പോലുമില്ലെന്ന്, നിലനില്‍ക്കുന്നില്ല എന്ന് ഓര്‍മപ്പെടുത്തുന്നു. അലിഫ്, ജിഹാദ്, അസ്ഹാബുല്‍ ബദര്‍, സുജൂദ് തുടങ്ങിയ ഇസ്ലാമിക പരികല്‍പനകളും ഇഹ്റാം കെട്ടിയ മുല്ലപ്പൂക്കള്‍ പോലെയുള്ള ബിംബങ്ങളും ഹമീദ് കവിതകളെ വേറിട്ടതാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago