സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞാലും തീരില്ല
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങി എല്ലാവര്‍ക്കും ഇത്തവണ ഓണം ഉണ്ണാനാകില്ല. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്കുപോലും കിറ്റ് പൂര്‍ണമായി വിതരണം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഓണം കഴിഞ്ഞാലും കിറ്റ് കൊടുത്തുകൊണ്ടിരിക്കേണ്ട അവസ്ഥയാണുള്ളത്.
ഇതോടെ സമയത്ത് കിറ്റ് വിതരണം ചെയ്യാനാകാതെ റേഷന്‍കടക്കാരും പ്രതിസന്ധിയിലായി.
സപ്ലൈകോയാണ് റേഷന്‍കടകളില്‍ കിറ്റെത്തിക്കുന്നത്. ജൂലൈ 31ന് ആരംഭിച്ച കിറ്റ് വിതരണം ഓഗസ്റ്റ് 16ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. മുന്‍ഗണനാ പട്ടികയനുസരിച്ച് മഞ്ഞ, പിങ്ക് കാര്‍ഡുള്ള 35 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ കിറ്റ് എത്തിച്ചില്ലെന്നു മാത്രമല്ല ഓണത്തിനു മുമ്പ് നീല, വെള്ള കാര്‍ഡുകാര്‍ക്കു കൂടി കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതോടെ മിക്ക റേഷന്‍ കടകള്‍ക്കു മുന്നിലും കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ജനക്കൂട്ടമുണ്ടായി. എല്ലാവര്‍ക്കും കിറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ടായി.
16 ഇനം സാധനങ്ങളടങ്ങുന്ന സര്‍ക്കാരിന്റെ സൗജന്യ കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്.
ഒരു ലക്ഷത്തോളം ഉപ്പേരി പാക്കറ്റുകള്‍ സപ്ലൈകോയ്ക്ക് കുടുംബശ്രീ കൈമാറി. 7,50,000 പാക്കറ്റുകളുടെ ഓര്‍ഡര്‍ കൂടിയുണ്ടെങ്കിലും ഇതു ലഭ്യമാക്കാനാവാത്ത സ്ഥിതിയിലാണ് കുടുംബശ്രീ. വന്‍തോതില്‍ ശര്‍ക്കരവരട്ടിയും ഉപ്പേരിയും തയാറാക്കാന്‍ കുടുംബശ്രീയുടെ കീഴിലുള്ള കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ പര്യാപ്തമല്ല.
തുടര്‍ന്ന് 5,00,000 ശര്‍ക്കരവരട്ടിക്ക് പുറത്തുള്ള സൊസൈറ്റികള്‍ക്ക് കുടുംബശ്രീ ഓര്‍ഡര്‍ നല്‍കി. അതും ലഭിച്ചില്ല.
ഇതു ലഭിച്ചാലും ഒരു ലക്ഷത്തോളം പാക്കറ്റുകള്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇക്കുറി ഓണക്കിറ്റ് പൂര്‍ണമായി വിതരണം ചെയ്യാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."