വെല്ലുവിളി നേരിടുന്ന മനുഷ്യാവകാശങ്ങൾ
ഗിരീഷ് കെ. നായർ
വീട്ടിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തവർക്ക് എങ്ങനെ നാട് നന്നാക്കാനാകുമെന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ചോദ്യം പ്രസക്തമാകുന്നത് അതുകൊണ്ടാണ്. ആഗോളതലത്തിൽ ഇന്ത്യ ഉയർത്തുന്ന മനുഷ്യാവകാശ വിഷയത്തിൽ മറ്റു രാജ്യങ്ങളുടെ വിശ്വാസ്യതയും അതുവഴി ഇന്ത്യക്ക് ആധിപത്യവും ലഭിക്കണമെങ്കിൽ ആദ്യം നമ്മുടെ രാജ്യത്ത് മനുഷ്യാവകാശം പുലരുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെ വേണമെന്ന ഗുട്ടെറസിന്റെ ഉപദേശം ഗൗരവമായി ഇന്ത്യൻ ഭരണാധികാരികൾ കണക്കിലെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.
മുംബൈയിൽ വന്ന ഗുട്ടെറസ് ഈ നാട്ടിൽ വച്ചുതന്നെ നമ്മുടെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നെങ്കിൽ അത് ഗൗനിക്കാതെ പോകാനാവില്ലല്ലോ. പ്രത്യേകിച്ച് മനുഷ്യാവകാശ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്ക് അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിയേണ്ട സന്ദർഭത്തിലുള്ള യു.എൻ സെക്രട്ടറി ജനറലിൻ്റെ ഈ പ്രതികരണം. നാട്ടിൽ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഗുട്ടെറസ് നിർദേശ രൂപേണ ചൂണ്ടിക്കാട്ടുമ്പോൾ നമ്മുടെ രാജ്യത്ത് കാര്യങ്ങളുടെ കിടപ്പ് ലോകത്തിന് മനസിലായെന്നുവേണമല്ലോ കരുതേണ്ടത്.
നാനാത്വത്തിൽ ഏകത്വമെന്ന ആപ്തവാക്യമുയർത്തുന്ന ഇന്ത്യയിൽ ബഹുസ്വരത എന്നും പുലരേണ്ടതുണ്ട്. ഇവിടെയാണ് ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി. വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും അന്തസും എന്നും പരിപാലിക്കപ്പെടേണ്ടതാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഏറ്റവും മോശം പരിതസ്ഥിതിയിലുള്ളവരെയും ഒരുപോലെ സംരക്ഷിക്കുന്ന സമീപനം നമുക്കുണ്ടോ എന്ന് ഈ അവസരത്തിൽ പുനർചിന്ത ഉണ്ടാവേണ്ടിയിരിക്കുന്നു. ബഹുസ്വരതയിൽ അഭിരമിക്കുന്നതിലൂടെ ലോകത്ത് വലിയ മാതൃക സൃഷ്ടിക്കേണ്ട ഇന്ത്യയിൽ ഇന്ന് അത് നടപ്പാകുന്നുണ്ടോ എന്ന സംശയം ഗുട്ടെറസിനെ പോലെ ഇന്ത്യക്കാർക്കും ലോകർക്കും ഉണ്ടെന്നത് കാണാതെ പോകരുത്. കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ അന്താരാഷ്ട്ര വേദികളിൽ ഇടിച്ചുകയറി ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. വ്യത്യസ്ത സംസ്‌കാരങ്ങളെയും വിവിധ ഭാഷകളെയും മതങ്ങളെയും ജനവിഭാഗങ്ങളെയും ഒരേ ചരടിലെ മുത്തുകളായി കൊണ്ടുപോകുക എളുപ്പമുള്ള കാര്യമാണെന്ന് ആരും കരുതുന്നുമില്ല. പക്ഷേ വിദ്വേഷ പ്രസ്താവന പോലും തടയപ്പെടുന്നില്ലെന്ന ഗുട്ടെറസിന്റെ വാക്കുകളിൽ എല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓർക്കണം. പരമോന്നത നീതിപീഠവും കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിരുന്നതല്ലേ. ഭരണാധികാരികൾ മാത്രം എന്തേ ഇതൊന്നും കാണാതെ പോകുന്നു എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
മനുഷ്യാവകാശം പറയുമ്പോൾ മറ്റു പലതും അതിനെ തൊട്ടുരുമ്മിവരുന്നുണ്ട്. നിർഭയമായ പത്രപ്രവർത്തനം നടക്കുന്നുണ്ടോ. മനുഷ്യാവകാശ പ്രവർത്തർക്ക് ഭീകരവാദികളെന്ന ലേബലിൽ പെടാതെ പ്രവർത്തിക്കാനാവാവുന്നുണ്ടോ. സമീപകാലങ്ങളിൽ നമ്മുടെ നാട്ടിലുണ്ടായ ചില സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ ഇതൊക്കെയും മനസിലാക്കാവുന്നതേയുള്ളൂ.
ഹ്യൂമൻ റൈറ്റ്‌സ് വാച്ച് എന്ന ആഗോള സംഘടന ഇന്ത്യയിൽ നടമാടുന്ന രാഷ്ട്രീയ അരാജക നീക്കത്തിനെതിരേ അവരുടെ വാർഷിക റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയതാണ്. മാധ്യമപ്രവർത്തകർക്കെതിരേയും സർക്കാരിനെ വിമർശിക്കുന്നവർക്കെതിരേയും രാഷ്ട്രീയപ്രേരിതമായി കുറ്റം ചുമത്തപ്പെടുന്ന കാഴ്ച എന്നും വാർത്തകളായി കാണുമ്പോൾ ഗുട്ടെറസിന്റെ വേവലാതിക്ക് കാരണമുണ്ടെന്നതിന് മറ്റു തെളിവുകളൊന്നും വേണ്ട.
തീവ്രവാദം മതത്തിന്റെ പേരിലായാലും വിശ്വാസത്തിന്റെയോ വർഗത്തിന്റെയോ പേരിലായാലും എതിർക്കപ്പെടണമെന്നത് നിസ്തർക്കമാണ്. എന്നാൽ, സർക്കാരിനെ വിമർശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കപ്പെടാറുണ്ട്. തീവ്രവാദത്തോട് സന്ധി ചെയ്യാൻ ആരും ആവശ്യപ്പെടുന്നില്ല. പക്ഷേ വിമർശകരെയെല്ലാം തീവ്രവാദത്തിന്റെ പരിധിയിലെത്തിച്ചാൽ കാര്യങ്ങൾ എളുപ്പമാണെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്.
മതന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം, ഭരണവിരുദ്ധ വിമർശനങ്ങളെ ഗുരുതര കുറ്റകൃത്യമായി കണ്ട് കേസെടുക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തിന് തുരങ്കംവയ്ക്കുമാറ് സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ അടിച്ചമർത്തുക- ഇതൊക്കെ ചൈനയിൽ മാത്രമല്ല സംഭവിക്കുന്നത്. ഇവിടെയും നടക്കുന്നു എന്ന് കോടതികൾ പോലും ചൂണ്ടിക്കാണിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ബഹുഭാഷ, വർഗ, ജാതി, മത ചിന്താധാരകളാണ് ഇവിടെയുള്ളതെന്നും കാരണമതാണെന്നും വാദിക്കുന്നത് മൗഢ്യമാണ്. ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളായ യു.എസ്, ജപ്പാൻ, ആസ്‌ത്രേലിയ എന്നിവ ഒരിക്കൽപോലും നമ്മുടെ രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങളെ ചൂണ്ടിക്കാണിച്ചിട്ടില്ല. പകരം ഇവരെല്ലാം കൂടി ചൈനയ്‌ക്കെതിരേ വിരൽ ചൂണ്ടുന്നു. സ്വന്തം രാജ്യത്തെ മനുഷ്യാവകാശം പ്രാവർത്തികമാക്കിയിട്ടുവേണം അയൽരാജ്യത്തെ വിഷയത്തിൽ ഇടപെടാനെന്ന പ്രാഥമിക ചിന്തപോലും ഇവർക്കില്ലാതാകുന്നതെന്തേ? ജി7 ഉച്ചകോടിയിലും മറ്റും നമ്മുടെ പ്രധാനമന്ത്രി ഘോരഘോരം പ്രസംഗിച്ചത് ലോകത്ത് മനുഷ്യാവകാശം പുലരണമെന്നുതന്നെയാണ്. ഇതിനു തൊട്ടുപിന്നാലെയാണ് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റ് ചെയ്യപ്പെട്ടത്. അതും 2018ലെ കേസിൽ. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ലോകർക്ക് ബോധ്യപ്പെട്ടത് സുബൈറിനെ സുപ്രിംകോടതി മോചിപ്പിച്ചപ്പോഴായിരുന്നു. മാത്രമല്ല, സുബൈറിന്റെ പ്രവർത്തനങ്ങൾ തടയേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനർഥം ഇവിടെ തടവിലാക്കപ്പെടുന്നത് യാതൊരു തത്വദീക്ഷയുമില്ലാതെയാണെന്നല്ലേ. അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നുകയറാനുള്ള സർക്കാരുകളുടെ പ്രവണതകൾക്ക് കോടതികൾക്ക് തടയിടേണ്ട സ്ഥിതി ചൂണ്ടിക്കാട്ടുന്നത് മനുഷ്യാവകാശം ഇന്നും ഇവിടെ അന്യമാണെന്നതിലേക്കല്ലേ?
ക്വാഡ് സുഹൃദ് രാജ്യങ്ങൾക്ക് ഉൾപ്പെടെ ചെയ്യാവുന്ന ഒന്നുണ്ട്. അംഗരാജ്യങ്ങളിലുണ്ടാകുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ നീക്കങ്ങളെ അതെന്തെന്ന് മനസിലാക്കി ചൂണ്ടിക്കാട്ടണം. സൗഹൃദം കാത്തുസൂക്ഷിച്ചുതന്നെ ഇതൊക്കെയാകാമല്ലോ. ഇക്കാര്യത്തിൽ പരസ്പരം വിലയിരുത്തലെങ്കിലും നടത്തിയാൽ മനുഷ്യാവകാശ ലംഘനങ്ങൾ ഒരുപരിധിവരെ തടയാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."