ഒഴിയണം വിഴിഞ്ഞത്ത് സമരത്തിര
തീരശോഷണത്തിനു പരിഹാരം ഉള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്തു നടക്കുന്ന സമരം 102 ദിവസം പിന്നിട്ടു. നൂറാം ദിനത്തിൽ കടലും കരയും ഉപരോധിച്ചായിരുന്നു പ്രതിഷേധം. മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍, കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ടു. പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. പിന്നാലെ സമരക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
സമരമുഖം കൂടുതല്‍ കലുഷിതമായതോടെ മുന്നറിയിപ്പുമായി ഇന്നലെ ഹൈക്കോടതിയും രംഗത്തെത്തി. അക്രമാസക്ത സമരങ്ങളോട് ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടിയിലേക്കു കടക്കേണ്ടിവരുമെന്നും വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ഉത്തരവിട്ടു. തുറമുഖ നിര്‍മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി സ്വരം കടുപ്പിച്ചത്. മുമ്പ് സമരപ്പന്തല്‍ പൊളിച്ചുകളയാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം തള്ളിയ സമരക്കാര്‍ പന്തല്‍ നില്‍ക്കുന്നതു സ്വകാര്യ ഭൂമിയിലാണെന്നും അതു പൊളിക്കാനാവില്ലെന്നും നിലപാടെടുത്തിരുന്നു.
കരയിലൂടെ മാത്രമല്ല കടലിലൂടെയും തുറമുഖം ഉപരോധിക്കുമെന്ന നിലയിലേക്കാണ് സമരം എത്തിനില്‍ക്കുന്നത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ നിര്‍മാണപ്രവൃത്തി പൂര്‍ണമായും നിലച്ചിട്ട് നാളുകളായി. മന്ത്രിമാരുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.
വിഴിഞ്ഞം, വലിയതുറ, ശംഖുമുഖം മേഖലകളില്‍ തീരശോഷണവും കടലേറ്റവും അതിരൂക്ഷമായിട്ട് വര്‍ഷങ്ങളായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടുകിടക്കുന്ന ശംഖുമുഖം കടപ്പുറത്തിന്റെ കുറേഭാഗം കടലെടുത്തു. ഓഖി ദുരന്തത്തിനു പിന്നാലെയുണ്ടായ തീരശോഷണം കാരണം വിഴിഞ്ഞത്ത് വീടുനഷ്ടപ്പെട്ട ഒട്ടേറെ കുടുംബങ്ങളെ താല്‍ക്കാലിക ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ട് മൂന്നു കൊല്ലമാകുന്നു. കടലോരത്തുതന്നെ അവര്‍ക്ക് പുനരധിവാസമൊരുക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. സ്‌കൂളുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലുമാണ് ഒട്ടേറെ കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത്. പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വഹിക്കാനാവാതെയാണ് താല്‍ക്കാലിക കെട്ടിടങ്ങളിലുള്ള ഈ ദുരിതജീവിതം. മഴ, കാറ്റ്, ചുഴലി മുന്നറിയിപ്പുകളെ തുടര്‍ന്ന് കടലില്‍ പോകാനാവാത്ത സാഹചര്യവും മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പലപ്പോഴായി അഭിമുഖീകരിക്കുന്നു. കൂനിന്‍മേല്‍ കുരുപോലെ, കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയ്ക്ക് അടിക്കടി വില വര്‍ധിപ്പിക്കുമ്പോള്‍ സബ്‌സിഡി പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാരും മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാക്കുകയാണ്.
ഇതെല്ലാമാണ് അനിശ്ചിതകാല സമരത്തിന് തൊഴിലാളികുടുംബങ്ങളെ നിര്‍ബന്ധിച്ചത്. തീരശോഷണത്തിന് പ്രധാന കാരണം വിഴിഞ്ഞം തുറമുഖപദ്ധതിയാണെന്ന് സമരസമിതി ആരോപിക്കുന്നു. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു മാറിത്താമസിക്കാന്‍ വാടക നല്‍കണമെന്നതാണ് സമരസമിതിയുടെ മറ്റൊരാവശ്യം. 5500 രൂപ മാസവാടക നല്‍കുന്ന പദ്ധതിക്കു തുടക്കം കുറിച്ചതായും 282 കുടുംബങ്ങളില്‍ 54 പേരുടെ അക്കൗണ്ടില്‍ പണമെത്തിയതായും സര്‍ക്കാരും പറയുന്നു.
വിഴിഞ്ഞം തുറമുഖം വരുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും തീരശോഷണത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നവര്‍ക്കുമായി 475 കോടി രൂപയുടെ പാക്കേജാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുവരെ മുടക്കിയതാകട്ടെ 100 കോടി രൂപയും. തൊഴില്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ബദൽജീവിതമാർഗങ്ങളുമായിട്ടില്ല. ഇപ്പോഴത്തെ തീരശോഷണം തുറമുഖ നിര്‍മാണത്തിന്റെ ഭാഗമാണെന്നു കണ്ടെത്തിയാല്‍, അതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരെ പാക്കേജിന്റെ ഭാഗമായി പുനരധിവസിപ്പിക്കേണ്ടിവരും. മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാരിൻ്റെ നിഷേധ നിലപാടിനു കാരണം അതാണെന്നു സമരസമിതി വാദിക്കുന്നു.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്‌മെന്റ് പ്രൊജക്ട് കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്നപദ്ധതിയാണ്. അന്താരാഷ്ട്ര കപ്പല്‍ച്ചാലിന്റെ സാമീപ്യം, ഏറ്റവും ആഴമുള്ള സ്വാഭാവിക തുറമുഖം എന്നീ സവിശേഷതകളുള്ള വിഴിഞ്ഞത്ത് വിഭാവനം ചെയ്ത തരത്തില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ പ്രധാനകേന്ദ്രമായി തിരുവനന്തപുരം മാറുമെന്നാണ് പ്രതീക്ഷ. കൊളംബോ, സിങ്കപ്പൂര്‍, ദുബൈ തുറമുഖങ്ങളെപ്പോലെ പ്രാധാന്യം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ദക്ഷിണസമുദ്രത്തിലെ സാധ്യതകള്‍ മനസ്സിലാക്കി ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയില്‍ ചൈനീസ് കമ്പനികള്‍ വന്‍ മുതല്‍മുടക്കില്‍ തുറമുഖം വികസിപ്പിച്ചത് അടുത്തിടെയാണ്.
വിഴിഞ്ഞം പദ്ധതിക്ക് ഇങ്ങനെ വലിയ സാധ്യതകള്‍ കണക്കുകൂട്ടുമ്പോഴും അതിന്റെ ഭാഗമായി 3.1കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ മൂന്നിലൊന്നുഭാഗം പൂര്‍ത്തിയാകുമ്പോഴേക്കുതന്നെ പ്രദേശത്ത് വലിയ പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടായി എന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് തീരശോഷണമില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടെന്നും ന്യൂനമര്‍ദവും ചുഴലിക്കാറ്റും മൂലമാണ് തീരശോഷണമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
പാരിസ്ഥിതികാനുമതി ലഭിച്ചശേഷം സുപ്രിം കോടതിയിലും ഹരിതട്രൈബ്യൂണലിലും പദ്ധതിക്കെതിരേ കേസുകളും വന്നു. വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയതിനൊപ്പം ഏഴംഗ വിദഗ്ധസമിതി സ്ഥിരമായി നിരീക്ഷിച്ച് ആറുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വിഴിഞ്ഞത്തെ തീരശോഷണത്തിന്റെ കാരണവും പരിഹാരമാര്‍ഗവും പരിശോധിക്കാന്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധരും പ്രദേശവാസികളുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
വിഴിഞ്ഞത്തെ സമരം വേഗത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ എല്ലാഭാഗത്തുനിന്നും ശ്രമമുണ്ടാകണം. സമരം സമാധാനപരമാകുമെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് ചര്‍ച്ചനടത്തണം. ലോകത്തെങ്ങും തീരസംരക്ഷണത്തിനു പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മണല്‍ റീ സൈക്ലിങ്, ബൈപാസിങ്, റീചാര്‍ജിങ് എന്നിങ്ങനെ കൂടുതല്‍ പ്രായോഗികവും സുസ്ഥിരവുമായ വഴികളിലേക്കു സര്‍ക്കാര്‍ പോകണം. വാഗ്ദാനങ്ങള്‍ കേട്ടുപഴകിയ മത്സ്യത്തൊഴിലാളി സമൂഹം ഇനി ആഗ്രഹിക്കുന്നത് നടപടികൾ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."