രണ്ട് കഥകൾ
എ.കെ അനിൽകുമാർ
തിരസ്കരണത്തിന്റെ മണം
ഒരിക്കൽ നിന്റെ കവിതയും ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരുമെന്ന് പറഞ്ഞത് ഫാദറായിരുന്നു.
ഫാദറിന്റെ ശരിക്കുള്ള പേര് എന്താണെന്ന് അന്നും ഇന്നും അറിയില്ല.ഫാദറിനെ കാണാൻ പോകുമ്പോഴൊക്കെ കൈയിൽ ആഴ്ചപ്പതിപ്പ് ചുരുട്ടിപ്പിടിച്ചിട്ടുണ്ടാവുമായിരുന്നു.
ഒരിക്കലും അച്ചടിച്ചു വരാത്ത കവിതയുടെ മണം ആഴ്ചപ്പതിപ്പിന്റെ ഏതോ താളിൽ ഉറക്കമറ്റു കിടപ്പുണ്ടായിരുന്നു. ഏതോ രാവിന്റെ മറവിൽ എന്നെയാദ്യം തൊടുമ്പോൾ ഫാദറിന് കിട്ടിയത് ഇതേ മണമാണെന്ന് ഫാദറെപ്പോഴും ഓർത്തെടുക്കാറുണ്ട്. ഉറ്റവരുടെയും ഉടയവരുടെയും തിരസ്കരണത്തിന്റെ മണം !
തിരസ്കരണത്തിന്റെ മണത്തിന് ഇത്രയേറെ ആസ്വാദ്യത ഉണ്ടെന്നറിഞ്ഞത് പുതിയ പുതിയ മുഖങ്ങൾ ഫാദറിന്റെ കൈകളിലേക്കും ആഴ്ചപ്പതിപ്പിന്റെ താളുകളിലേക്കും എത്തിക്കൊണ്ടിരുന്നപ്പോഴാണ്.
ഇപ്പോൾ ഫാദർ കിടപ്പിലാണ്. എന്നാലും എന്റെ കാൽപ്പെരുമാറ്റം കേട്ടാൽ തല ചെരിച്ച് നോക്കും. എന്റെ കൈപ്പടം പിടിച്ച് മണത്തുനോക്കും. മറുകൈയിൽ ചുരുട്ടിപ്പിടിച്ച ആഴ്ചപ്പതിപ്പിൽ ഞാനും മണത്തുനോക്കും. തിരസ്കരണത്തിന്റെ മണത്തിന് സ്വാദ് കൂടിക്കൊണ്ടേയിരിക്കുന്നു, എപ്പോഴും.
കട്ടെടുത്ത കവിത
വൈകുന്നേരത്ത് കടൽക്കരയിൽ കാറ്റുകൊണ്ടിരിക്കുമ്പോഴാണ് ഒരു തിര വന്ന് കാലിലൊരു കവിതയെഴുതിയത്.
കവിതയിലാകെ കടലാഴത്തിന്റെ ദീർഘ മൗനം. കടൽക്കിതപ്പുകൾ ഉള്ളിലാവാഹിച്ച ശംഖിന്റെ മുനതേഞ്ഞ നൊമ്പരം വിരലുകൾക്കിടയിൽ വരികളായി പറ്റിപ്പിടിച്ചു. മായ്ച്ചാലും മായാത്ത അക്ഷരങ്ങൾ ഉള്ളിൽപ്പേറി മണൽത്തരികളുടെ ചില്ലടയാളങ്ങൾ.
പുതിയൊരു കവിതയുമായി അടുത്തൊരു തിര വന്ന നേരം പഴയ വരികൾ ഉള്ളംകാലിലൊന്നു വിരലോടിച്ച് തിരിഞ്ഞൊന്നു നോക്കാതെ പുത്തൻ ഞണ്ടിൻ മാളങ്ങളിലൊളിച്ചു. വെയിൽ താണ കടലറ്റങ്ങളിൽ ഒരായിരം പുതു കവിതകൾ ചുവന്നു തുടുത്തു.
കടലുപേക്ഷിച്ച് തിരികെ കൂടാരമണയുന്ന നേരം അന്ധകാരപ്പുതപ്പിനുള്ളിലെ കാൽ ശിഖരങ്ങളിലൊരു വിങ്ങൽ. പാതിരാക്കിളിയുടെ കുറുകൽ.
അവസാന തിരയിൽ നിന്ന് കട്ടെടുത്ത കവിതയുടെ ദീർഘ നിശ്വാസത്തിൽ ചുട്ടുപൊള്ളുന്ന കാൽവിരൽ മിടിപ്പുകൾ ഏതോ തിരയൊച്ചകൾക്കായി ഉറങ്ങാതെ കാതോർത്തു കിടക്കുകയായിരുന്നു അപ്പോൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."