HOME
DETAILS

ഈ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ ഭാവിസൂചകങ്ങള്‍

  
backup
October 10 2023 | 01:10 AM

these-elections-are-indicators-of-the-future-of-the-country

ഈ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ ഭാവിസൂചകങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം, പെരുമാറ്റച്ചട്ടം, നാമനിര്‍ദേശ പത്രിക സമര്‍പ്പണം, പോളിങ് സമയക്രമം, ഫലപ്രഖ്യാപനം തുടങ്ങിയ വിവിധ ഘട്ടങ്ങളെകുറിച്ച് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി കഴിഞ്ഞു. അഞ്ചിടത്തും കൂടി 679 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുന്നത്. രാജ്യത്തെ ആകെയുള്ള നിയമസഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നാണ് ഈ അഞ്ചിടങ്ങള്‍ എന്നത്, ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചത്തീസ്ഗഡില്‍ സുരക്ഷാ കാരണങ്ങളാല്‍ രണ്ടു ഘട്ടമായും ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ഘട്ടമായും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ രാജ്യത്തെ ആറിലൊന്ന് ജനങ്ങളുടെ ഹിതപരിശോധനക്കാണ് അവസരമൊരുക്കുന്നത്. 16.14 കോടി വോട്ടര്‍മാരാണ് ജനവിധി നിര്‍ണയിക്കുക.

2024ല്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അതിനു മുമ്പായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കും വിശാല പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്കും ഒരുപോലെ നിര്‍ണായകമാണ്. രാജ്യത്ത് ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷ സഖ്യം ഇന്‍ഡ്യാ മുന്നണി രൂപീകരിച്ച ശേഷമുള്ള ആദ്യ അഗ്‌നിപരീക്ഷ കൂടിയാണ് ഈ പോരാട്ടം. ആഭ്യന്തര വൈരുദ്ധ്യങ്ങളും ആശയ ഭിന്നതകളും പല സംസ്ഥാനങ്ങളിലും പ്രകടമായി നിഴലിക്കുമ്പോഴും അത് വിശാല അടിസ്ഥാനത്തില്‍ ദേശീയ തലത്തിലേക്ക് ബാധിക്കാതിരിക്കാനുള്ള കരുതല്‍ കോണ്‍ഗ്രസുള്‍പ്പെടെ ഓരോ പാര്‍ട്ടികളും കാണിക്കുന്നതും അവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. ഒരു പക്ഷെ പട്‌നയിലും ബംഗളൂരുവിലും പിന്നെ മുംബൈയിലും ഇന്‍ഡ്യാ സഖ്യം ചേര്‍ന്നതോടെ വലിയ സന്ദേശം രാജ്യത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനെ ഒറ്റമനസോടെ നേരിടാനും ഇന്‍ഡ്യാ സഖ്യത്തിന് കഴിയണം. ചത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസില്‍ കേന്ദ്രീകരിച്ചാണ് പോരാട്ടമെങ്കിലും തങ്ങളാലാവുന്ന പിന്തുണ ഇന്‍ഡ്യാ സഖ്യം നല്‍കേണ്ടതുണ്ട്. അവരെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസും വിശാല താല്‍പര്യത്തോടെ നിലപാട് സ്വീകരിക്കാന്‍ മറ്റ് കക്ഷികളും തയാറാവുക തന്നെവേണം.

വനിതാ സംവരണ ബില്‍ പാസാക്കിയതും ഇനി വരാനിരിക്കുന്ന ചില പ്രഖ്യാപനങ്ങളുമാകും ബി.ജെ.പിയുടെ പ്രചരണായുധം. മോദിയെന്ന മാജിക്കില്‍ അധികകാലം പിടിച്ചുനില്‍ക്കാനാകില്ലെന്ന കര്‍ണാടക പാഠം അവര്‍ക്കുമുന്നിലുണ്ട്. എങ്കിലും മോദിയല്ലാതെ പടനയിക്കാന്‍ മറ്റൊരാള്‍ ബി.ജെ.പിയില്‍ നിലവിലില്ല എന്നതാണ് യാഥാര്‍ഥ്യം. തെലങ്കാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇതിനകം മോദി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, വികസന പദ്ധതികളുടെ ഉദ്ഘാടനതറക്കല്ലിടലുകള്‍ക്കപ്പുറത്ത് ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ മോദിയും കൂട്ടരും മൗനം തുടരുകയാണ്. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, പിന്നോക്ക, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം, മണിപ്പൂരിലെ വംശഹത്യ തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളില്‍ മറുപടിയില്ലാത്ത വിധം പ്രതിരോധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കടുത്ത ജനവികാരത്തെ നേരിടേണ്ടി വരുമ്പോള്‍ പഴയതുപോലെ ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് വോട്ടാക്കാമെന്ന മോഹവും വേണ്ടതുപോലെ ഫലിക്കണമെന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമിഫൈനലായാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ ഭരണപ്രതിപക്ഷ മുന്നണികള്‍ കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസും മിസോറാമില്‍ ബി.ജെ.പി സഖ്യകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടും തെലങ്കാനയില്‍ ഭാരത് രാഷ്ട്രസമിതിയുമാണ് അധികാരത്തിലുള്ളത്. 2019ല്‍ മധ്യപ്രദേശില്‍ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ബി.ജെ.പി പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഭരണം പിടിച്ചെടുത്തത്.
ചത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലുള്ള കോണ്‍ഗ്രസിനും തെല്ലെന്നുമല്ല ആഭ്യന്തര പ്രതിസന്ധികള്‍. പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ ഒരു വിധം പരിഹരിച്ചെങ്കിലും തരം കിട്ടിയാല്‍ തലപൊക്കിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ജനപ്രിയ പദ്ധതികളുടെ പേരിലും സാമൂഹ്യ സുരക്ഷാ മേഖലയിലെ ഇടപെടലിനാലും തങ്ങള്‍ക്ക് തുടര്‍ഭരണം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. തെലങ്കാനയില്‍ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇവിടെ തുടര്‍ഭരണം ലക്ഷ്യമിട്ട് ചന്ദ്രശേഖര റാവുവും ഭരണത്തിലേറാന്‍ കോണ്‍ഗ്രസും അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മിസോറാമിലും സമാനമായ രാഷ്ട്രീയ പോരിലാണ് ഭരണമുന്നണിയും കോണ്‍ഗ്രസും. പട്ടികവര്‍ഗ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മിസോറാമില്‍ സാമുദായിക ഘടകങ്ങളാണ് വിധി നിര്‍ണയിക്കുക. മണിപ്പൂരിലടക്കം ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കെതിരായി ഭരണകൂട പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളില്‍ മിസോറാമിലെ ജനങ്ങളും തികഞ്ഞ ആശങ്കയിലാണ്.

അഞ്ചോ ആറോ ശതകോടീശ്വരന്‍മാരുടെ ഇംഗിതത്തിനൊപ്പമല്ല, നാടിന്റെ ജീവനാഡിയായ കര്‍ഷകരെ കാണാത്ത ഭരണകൂടങ്ങളോട് കണക്കു ചോദിക്കുന്ന ഒരവസരം കൂടിയായി തെരഞ്ഞെടുപ്പ് മാറിയേക്കും. പ്രത്യേകിച്ച് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ,് തെലങ്കാന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ അത്രമേല്‍ ആഴത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. കര്‍ഷകരെ പരിഗണിക്കാത്ത, അവരുടെ പരാതികള്‍ക്ക് ചെവികൊടുക്കാത്ത കേന്ദ്ര ഭരണകൂടത്തോട് ജീവന്‍കൊണ്ട് സമരം ചെയ്യേണ്ട ഗതികേടിലെത്തിയിട്ടും വരണ്ടുണങ്ങിയ പാടത്തിന്റെ നേര്‍പകര്‍പ്പായി കര്‍ഷക മനസുകള്‍ നീറുകയാണ്.
സ്ഥിതിസമത്വത്തെകുറിച്ച് പ്രബന്ധ സമാനമായ പ്രസംഗങ്ങളല്ലാതെ പ്രാവര്‍ത്തിക തലത്തില്‍ അതനുഭവിക്കാന്‍ ജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം ഇനിയും ഭരണകര്‍ത്താക്കള്‍ക്ക് വിസ്മരിക്കാനാകില്ല. പിന്നോക്ക, ആദിവാസി, ദലിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥകളെ തുറന്നുകാട്ടപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയായിരിക്കും വരാനിരിക്കുന്നത്. കാരണം ബിഹാറില്‍ തുടക്കമിട്ട ജാതി സെന്‍സസ് രാജ്യത്തെ സമൂഹിക യാഥാര്‍ഥ്യത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. അത് വിസ്മരിക്കാന്‍ ഒരു സംഘടനയ്ക്കും സമൂഹത്തിനും സാധ്യമല്ല. ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ അവര്‍ അതിനായി ഉത്തരവിറക്കുകയും ചെയ്തു. രാജ്യത്തുടനീളം ജാതി സെന്‍സസ് എന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നതോടെ സാമൂഹിക ശാക്തീകരണം അനിവാര്യമായ ബഹുഭൂരിപക്ഷം പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ രാഷ്ട്രീയം അഭിസംബോധന ചെയ്യപ്പെടും. രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളും സാമൂഹിക സ്ഥിതിയും സജീവ പ്രചാരണ വിഷയങ്ങളായി നിറഞ്ഞു നില്‍ക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ഇന്ത്യയുടെ ഭാവിയിലേക്കുള്ള ദിശാസൂചിയായി മാറുക തന്നെ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago