ഫലസ്തീന്‍ യുദ്ധവും സഊദി അറേബ്യയും
ഫലസ്തീന്‍ യുദ്ധവും സഊദി അറേബ്യയും
റജിമോന്‍ കുട്ടപ്പന്‍
സഊദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ ഇസ്‌റാഈല്‍ കാബിനറ്റ് മന്ത്രിയാണ് ഹയിം കാറ്റ്‌സ്. റിയാദില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായിരുന്നു കഴിഞ്ഞമാസം കാറ്റ്‌സ് സഊദിയിലെത്തിയത്. വാഷിങ്ടണില്‍ നടക്കുന്ന വന്‍ പദ്ധതികളുടെ ഭാഗമായിരുന്നു ആ സന്ദര്‍ശനം എന്നതില്‍ ഒരു സംശയവും വേണ്ട. കൊവിഡ്19ന്റെ ആഘാതങ്ങളില്‍നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച സംബന്ധിച്ചുള്ള ചര്‍ച്ചകളെ മുന്‍നിര്‍ത്തിയായിരുന്നു ഇസ്‌റാഈല്‍ ടൂറിസം മന്ത്രി ഹയിം കാറ്റ്‌സിന്റെ സഊദി സന്ദര്‍ശനമെന്ന് പറയുന്നു. ഗള്‍ഫ് അറബ് രാജ്യങ്ങളിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായ സഊദിയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി കാലങ്ങളായി അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു ഈ സന്ദര്‍ശനവും എന്ന് വ്യക്തം. അമേരിക്കയെ സംബന്ധിച്ച് അവരുടെ പ്രധാന രണ്ടു സഖ്യകക്ഷികളാണ് സഊദിയും ഇസ്‌റാഈലും. ഇസ്‌റാഈലുമായുള്ള യു.എ.ഇ, മൊറോക്കോ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ ട്രംപ് അധികാരത്തിലിരിക്കേ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സഊദിയുടെ ആദ്യത്തെ ഫലസ്തീന്‍ അംബാസഡര്‍ തന്റെ നയതന്ത്ര യോഗ്യതകള്‍ സമര്‍പ്പിക്കുന്നതിന് രാമല്ലയിലെത്തിയതിനു പിന്നാലെയാണ് ഇസ്‌റാഈലിന്റെ സഊദി സന്ദര്‍ശനം. മുപ്പതു വര്‍ഷത്തോളമായി സഊദിക്ക് ഫലസ്തീനുമായി നയതന്ത്രബന്ധങ്ങളില്ല. അതേസമയം, ആദ്യ അംബാസഡറായ നയിഫ് അല്‍ സുദേരി ഫലസ്തീനില്‍ തങ്ങിക്കൊണ്ടായിരിക്കില്ല പ്രവര്‍ത്തിക്കുക. ഇസ്‌റാഈലുമായി ഏതുതരത്തിലുള്ള നയതന്ത്രബന്ധത്തിന്റെയും മുഖ്യധാരണ കിഴക്കന്‍ ജറൂസലം ആസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അല്‍ സുദേരി പറഞ്ഞിരുന്നു.
സഊദി ഇസ്‌റാഈല്‍ ബന്ധം ശക്തമാവുകയാണെന്നും എന്നാല്‍ ഫലസ്തീനു വേണ്ടിയുള്ള പിന്തുണ ഉപേക്ഷിക്കില്ലെന്നും സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫോക്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ഫലസ്തീന്റെ സായുധസംഘമായ ഹമാസ് അപ്രതീക്ഷിതമായി ഇസ്‌റാഈലിനുനേരെ ആരംഭിച്ച ആക്രമണം മനപ്പൂര്‍വമാണെന്നുതന്നെ മനസ്സിലാക്കണം. 2023 ഒക്ടോബര്‍ 7 നാണ് ഹമാസ് ഗസ്സ മുനമ്പില്‍നിന്നു ഇസ്‌റാഈലിനെതിരേ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചത്. ഗസ്സഇസ്‌റാഈല്‍ അതിരുകള്‍ തകര്‍ക്കുകയും അതിര്‍ത്തി മാര്‍ഗങ്ങള്‍, സമീപപ്രദേശത്തെ ഇസ്‌റാഈലി നഗരങ്ങള്‍, സൈനിക സ്ഥാപനങ്ങള്‍, പൗരകുടിയേറ്റങ്ങള്‍ എന്നിവയെ കടന്നാക്രമിക്കുകയുമായിരുന്നു ഹമാസ് ചെയ്തത്. 1948ലെ അറബ്ഇസ്‌റാഈല്‍ യുദ്ധത്തിനുശേഷം ഇസ്‌റാഈലിന്റെ നിയമാധികാരമുള്ള പ്രദേശത്ത് ഹമാസ് നേരിട്ടു നടത്തുന്ന ആദ്യത്തെ സംഘര്‍ഷമാണിത്. അതിരാവിലെ തന്നെ ഇസ്‌റാഈലിനെതിരേ റോക്കറ്റാക്രമണവും അവരുടെ പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തിക്കൊണ്ടുള്ള നുഴഞ്ഞുകയറ്റവും ആരംഭിച്ചിരുന്നു. ഇസ്‌റാഈല്‍ സൈന്യത്തിനും ജനങ്ങള്‍ക്കും നേരെ നിരവധി ആക്രമണങ്ങളുമുണ്ടായി. മൂന്നാം ഫലസ്തീനിയന്‍ ഇന്‍തിഫാദയുടെ തുടക്കമായാണ് ചില നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഹമാസിനെ കൂടാതെ, ഇസ് ലാമിക് ജിഹാദ്, പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്നീ സംഘടനകളും ആക്രമണത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളാരംഭിച്ചതിനുശേഷം വെസ്റ്റ്ബാങ്കില്‍ നടന്ന അടിയന്തര യോഗത്തില്‍ പങ്കെടുത്ത ഫലസ്തീന്‍ പ്രതിനിധി മഹ്മൂദ് അബ്ബാസ്, ഗസ്സന്‍ നുഴഞ്ഞുകയറ്റത്തിനു പിന്തുണ പ്രകടിപ്പിച്ചു. ഇസ്‌റാഈലിന്റെ കൈയേറ്റത്തെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും ഫലസ്തീനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസ് സായുധസേനാംഗങ്ങള്‍ അതിര്‍ത്തി കടന്ന് ഇസ്‌റാഈലിന്റേതെന്ന് അവകാശപ്പെടുന്ന പ്രദേശത്തേക്ക് 2200 റോക്കറ്റുകള്‍ തൊടുത്തതായും മുന്നൂറോളം ഇസ്‌റാഈലുകളെ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഇസ്‌റാഈല്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ, രാജ്യം യുദ്ധത്തിലാണെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതെഴുതുമ്പോള്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഗസ്സ മുനമ്പില്‍ 500 പേര്‍ കൊല്ലപ്പെടുകയും 1800ഓളം പേര്‍ക്ക് പരുക്കല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 700 പേര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ അറിയിച്ചു. ഹമാസ് ആക്രമണമുണ്ടായ സ്ഥിതിയും സാഹചര്യവും തീവ്രതയും കണക്കാക്കി നിരീക്ഷിക്കുമ്പോള്‍, ഈ ആക്രമണത്തില്‍ ഹമാസിന്റെ ലക്ഷ്യം ഇസ്‌റാഈല്‍ തന്നെയോ അതോ സഊദി അറേബ്യയോ എന്നൊരു സംശയം ഈ ലേഖകനുണ്ട്. രണ്ട് വിശുദ്ധ ആരാധനാഗേഹങ്ങള്‍ സ്ഥിതിചെയ്യുന്ന സഊദി അറേബ്യ അമേരിക്കയുടെ മാധ്യസ്ഥത്തില്‍ ഇസ്‌റാഈലുമായി അടുക്കുന്നതിനു ഫലസ്തീനു യാതൊരു താത്പര്യവുമില്ലെന്നും വിരോധം തന്നെയാണെന്നും വേണം മനസ്സിലാക്കാന്‍. ഇസ്‌റാഈലും ഫലസ്തീനും യുദ്ധസാഹചര്യത്തിലാവുന്നതോടെ ഫലസ്തീനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള പൂര്‍വരാഷ്ട്രീയ നിലപാടിലേക്ക് നീങ്ങാന്‍ സഊദി നിര്‍ബന്ധിതരാവും. ഇതിനകംതന്നെ ഈ നിലപാടിലേക്ക് എത്തിയ സഊദി മുന്‍ സാഹചര്യങ്ങളിലേതിനു സമാനമായുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 'ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളില്‍ തുടര്‍ച്ചയായ അധിനിവേശവും നിഷേധവും നടത്തിയതിന്റെ ഫലമായി ഇത്തരത്തിലുള്ള സ്‌ഫോടനാത്മക സാഹചര്യം ഉണ്ടാകും' എന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായി സഊദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഊദി അറേബ്യ ഇസ്‌റാഈലിനെ അംഗീകരിക്കുകയാണെങ്കില്‍, 'ഫലസ്തീനെന്ന ലക്ഷ്യം ഫലസ്തീന്റെ വീക്ഷണത്തില്‍ പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന' ഭയം മൂലമാകാം ഹമാസ് ഇത്തരമൊരു ആക്രമണത്തിനു മുന്നിട്ടത്.
ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്ന സഊദിയും മറ്റുള്ളവരും ഫലസ്തീന്‍ വിഷയവും അവരുടെ പോരാട്ടവും ഉപവിഷയമാക്കി മാറ്റരുതെന്ന കനത്ത സന്ദേശം ഇതിനകം തന്നെ വ്യക്തമാണ്. ഇസ്‌റാഈല്‍ ശക്തമായി തിരിച്ചടി ആരംഭിച്ചതോടെ, പൊതുവികാരത്തിന് അനുസൃതമായി കൂടുതല്‍ കഠിനമായ നിലപാട് സ്വീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാവും എന്നും നിരീക്ഷിക്കാവുന്നതാണ്.
മധ്യപൂര്‍വേഷ്യയിലെ തന്നെ ഏറ്റവും വലിയ സൈന്യമാണ് ഇസ്‌റാഈലിന്റേത്. പക്ഷേ, തന്ത്രാടിസ്ഥാനത്തിലെങ്കിലുമുള്ള വിജയം ഫലസ്തീനുണ്ടായാല്‍ ഇനിയെന്ത് എന്ന ചോദ്യം ഇസ്‌റാഈലിനു മുമ്പിലുണ്ടാവും. ഗസ്സ മുനമ്പില്‍ എക്കാലവും തുടരണം എന്നൊരു ആഗ്രഹം ഇസ്‌റാഈലികള്‍ക്കുണ്ടാവുമെന്ന് കരുതിക്കൂടാ. അങ്ങനെ സംഭവിക്കുന്നിടത്തോളം അവര്‍ക്ക് കൂടുതല്‍ ജീവനഷ്ടങ്ങള്‍ സംഭവിക്കുകയും യുദ്ധകുറ്റകൃത്യങ്ങളുടെ പഴി ഇസ്‌റാഈല്‍ സൈന്യത്തിനുമേല്‍ കുമിഞ്ഞുകൂടുകയും ചെയ്യും. അഥവാ, ബദല്‍ മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലേക്കാണ് ഇസ്‌റാഈലിന്റെ പോക്ക്. ഹമാസിന്റെ ഈ ആക്രമണത്തോടെ ഫലസ്തീനികളുടെ ജീവിതം കൂടുതല്‍ ക്ലേശകരമാകുമെന്നത് പരമമായ സത്യം. എന്നാല്‍, ലോകത്തിലെ തന്നെ പരമദരിദ്രമായൊരിടമാണിതെന്ന് ഓര്‍ക്കണം. ഹമാസ് സൈനികസന്നാഹങ്ങള്‍ ശേഖരിക്കുന്നത് തടയുന്ന ഇസ്‌റാഈല്‍ഈജിപ്ത്ത് ഉപരോധമാണ് ഫലസീതിനെ ഇത്രമേല്‍ ദുരിതത്തിലാഴ്ത്തിയത്. ഫലസ്തീന്‍ ദേശത്തെ ദുരിതജീവിതം മൂലം യുവാക്കളില്‍ നിന്നൊട്ടേറെപ്പേര്‍ ഹമാസിനു വേണ്ടി പോരാളികളാവാന്‍ തയാറാണ്. രക്തസാക്ഷികളാവുക എന്നതിലപ്പുറം മെച്ചപ്പെട്ടൊരു ഭാവിജീവിതം അവര്‍ക്കു മുമ്പിലില്ലാതാവുമ്പോള്‍ മറ്റെന്ത് മാര്‍ഗമാണുള്ളത്? ഉണ്ട്, ഒരു മാര്‍ഗ്ഗം ഇനിയും അവശേഷിക്കുന്നുണ്ട്. ഇസ്‌റാഈലും ഫലസ്തീനും, ഇരുകൂട്ടരും പരസ്പരം അംഗീകരിച്ച്, സമാധാനത്തോടെ ഇരുവശത്തായി ജീവിക്കുക എന്നതുമാത്രമാണത്.
നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷത്തിന്റെ ഭാഗമല്ലാത്ത, ഉത്തരവാദബോധമുള്ള ഇസ്‌റാഈലികള്‍ക്ക് ഇതേപ്പറ്റി വിചാരമുണ്ട്. ഭാവിയില്‍ ആക്രമണവും ഹിംസയും ഇല്ലാതിരിക്കണമെങ്കില്‍ ഫലസ്തീന്‍ ജീവിതങ്ങള്‍ മെച്ചപ്പെടണമെന്ന ബോധം അവരിലുണ്ട്. എന്നാല്‍, ഇറാന്‍ ഹമാസിനെ സഹായിക്കുകയും ലെബനന്‍ അവര്‍ക്കു വേണ്ട പരിശീലനം നല്‍കുകയും വരാന്‍ പോകുന്ന അഭയാര്‍ഥികളെ കുറിച്ചോര്‍ത്ത് ജോര്‍ദാന്‍ വ്യസനിക്കുകയും ചെയ്യുമ്പോള്‍ സഊദി അറേബ്യക്ക് എന്താണ് ചെയ്യാന്‍ ബാക്കിയുള്ളത്? കാത്തിരിക്കേണ്ടിവരും. പക്ഷേ അതിനുള്ളില്‍ ഇരുവശത്തും എത്ര ജീവന്‍ നഷ്ടപ്പെടും. സമാധാനത്തിന് നീതി സംസ്ഥാപനമാണ് വേണ്ടതെന്ന തത്വം ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ ക്രൂരതകള്‍ക്ക് അന്ത്യമുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."