'പ്രതിഷേധത്തീ അണയാന്‍ പ്രത്യാക്രമണം കടുക്കണം'; ഗസ്സക്കെതിരായ ആക്രമണം കടുപ്പിക്കുന്നതില്‍ നെതന്യഹുവിന് രാഷ്ട്രീയ ലക്ഷ്യവും
'പ്രതിഷേധത്തീ അണയാന്‍ പ്രത്യാക്രമണം കടുക്കണം'; ഗസ്സക്കെതിരായ ആക്രമണം കടുപ്പിക്കുന്നതില്‍ നെതന്യഹുവിന് രാഷ്ട്രീയ ലക്ഷ്യവും
ടെല്‍അവീവ്: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗസ്സയ്‌ക്കെതിരേ പ്രത്യാക്രമണം കടുപ്പിക്കുന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയില്‍ രാജ്യതാല്‍പര്യങ്ങള്‍ക്കു പുറമെ രാഷ്ട്രീയ ലക്ഷ്യങ്ങളും. ജുഡീഷ്യല്‍ പരിഷ്‌കരണങ്ങളുടെ പേരില്‍ നെതന്യാഹു സര്‍ക്കാരിനെതിരേ ഇസ്‌റാഈലില്‍ ജനരോഷം ആളിപ്പടരുന്നതിനിടെയാണ് ഞായറാഴ്ച ഹമാസിന്റെ പൊടുന്നനെയുള്ള ആക്രമണം.
സുപ്രിംകോടതിയടക്കം നീതിപീഠങ്ങളുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള നെതന്യാഹു ഭരണകൂട തീരുമാനത്തിന് ജനങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. കോടതികളുടെ അധികാരങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതോടെ തങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാവുമെന്ന ചിന്തയില്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ സഖ്യകക്ഷി സര്‍ക്കാരിനുമെതിരേ എല്ലാ ആഴ്ചയിലും ഇസ്‌റാഈലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം നടക്കേണ്ട പ്രതിഷേധം ഹമാസിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധരംഗത്തുള്ള സൈന്യത്തിന് പിന്തുണ അര്‍പ്പിച്ച് സംഘാടകര്‍ റദ്ദുചെയ്തിരുന്നു.
ഭരണകൂട നയങ്ങളെയും തീരുമാനങ്ങളെയും റദ്ദുചെയ്യാനുള്ള സുപ്രിംകോടതിയുടെ അധികാരം എടുത്തുകളയുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ബില്‍ ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസെറ്റ് ഈയിടെ പാസാക്കിയിരുന്നു. ജഡ്ജിമാരുടെ നിയമനത്തിലും നിലവിലെ വ്യവസ്ഥയില്‍ ഭേദഗതിവരുത്തി കമ്മിറ്റിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. ഇതിനെതിരേയാണ് ഇസ്‌റാഈലില്‍ പ്രതിഷേധം ആളിപ്പടരുന്നത്.
എന്നാല്‍ ഹമാസിന്റെ ആക്രമണത്തോടെ രാജ്യം യുദ്ധരംഗത്തേക്കിറങ്ങിയതോടെ താല്‍ക്കാലികമായെങ്കിലും ജനരോഷം ഹമാസിനെതിരേ തിരിക്കാന്‍ നെതന്യാഹുവിനായി. ഗസ്സയെ 'ആളില്ലാ തുരുത്താ'ക്കുമെന്ന അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ പ്രസ്താവന ഈ ലക്ഷ്യം ഉള്ളില്‍ ഒളിപ്പിച്ചാണ്; യുദ്ധം അനിശ്ചിത കാലത്തേക്ക് തുടരുകതന്നെ.
അതേസമയം, രാജ്യത്തെ ജനാധിപത്യത്തിന്റെ കാതലായ നിയമനിര്‍മാണങ്ങളെയും ജുഡിഷ്യറിയെയും തകര്‍ക്കുന്ന പരിഷ്‌കാരങ്ങളെ ഒരു ഘട്ടത്തിലും അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇസ്‌റാഈലിലെ പ്രതിപക്ഷവും ബഹുഭൂരിപക്ഷം ജനങ്ങളും. അതിനെതിരായ പ്രതിഷേധങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നും അവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഗസ്സയ്‌ക്കെതിരായ 'പോര്‍വിളി' എത്രകണ്ട് നെതന്യാഹുവിന് ഗുണകരമാവുമെന്ന് കണ്ടറിയണം. നിലവില്‍ ഫലസ്തീനെതിരേ രാജ്യത്തെ തീവ്രവലതുപക്ഷം നടത്തുന്ന തുടര്‍ച്ചയായ വംശീയ പ്രകോപനങ്ങളാണ് ഹമാസിന്റെ തിരിച്ചടികള്‍ക്കു പിന്നിലെന്ന് ഇസ്‌റാഈലിലെ ഇടതുപക്ഷം ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. കൂടാതെ, ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി പ്രതിരോധിക്കാന്‍ നെതന്യാഹുവിനും സര്‍ക്കാരിനും കഴിഞ്ഞില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നു. ഒരുപരിധിവരെ ഇതെല്ലാം 'മറയ്ക്കാനുള്ള' നീക്കമായിരിക്കും ഗസ്സയ്‌ക്കെതിരായ ആക്രമണങ്ങളിലൂടെ നെതന്യാഹു ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."