ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍; കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു
കാബൂള്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍. ഇന്ത്യയില്‍ നിലേക്കുള്ള കയറ്റുമതിയും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയും അഫ്ഗാന്‍ നിര്‍ത്തിവെച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍(എഫ്.ഐ.ഇ.ഒ) ഇക്കാര്യം സ്ഥിരീകരിച്ചു.
അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്' ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് പറഞ്ഞു.
ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2021ല്‍ അഫ്ഗാനിലേക്കുള്ള നമ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400ഓളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു. അഫ്ഗാന്റെ നടപടി രാജ്യത്ത് വിലക്കയറ്റത്തിനിടയാക്കുമെന്ന സൂചനയും സഹായ് നല്‍കി.
അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഇതുസംബന്ധിച്ച് മുല്ലാ അബ്ദുല്‍ഗനി ബരാദര്‍ അടക്കമുള്ള നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, അഫ്ഗാനില്‍ താലിബാനെതിരായ പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പാഞ്ച് ഷീര്‍ പ്രവിശ്യയില്‍ സംഘര്‍ഷമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ജലാലാബാദില്‍ അഫ്ഗാന്‍ പതാകയുമേന്തി പ്രതിഷേധിച്ചവര്‍ക്കിടയിലേക്ക് താലിബാന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."