ഒഴിപ്പിക്കല്‍ വേഗത്തിലാക്കി രാജ്യങ്ങള്‍
കാബൂള്‍: അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന് ഏറ്റെടുത്തതോടെ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കി മറ്റു രാജ്യങ്ങള്‍. ഇന്ത്യയെക്കൂടാതെ അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങി മിക്ക രാജ്യങ്ങളും പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ആര്‍ക്കെതിരേയും പ്രതികാര നടപടി ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം താലിബാന് വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ രാജ്യങ്ങള്‍ ഒഴിപ്പിക്കലിന് വേഗം കൂട്ടി. അഫ്ഗാന് പൗരന്മാരുടെ കൂട്ടപ്പലായനവും തുടരുകയാണ്.
ഫ്രാന്‍സ് 25 ഫ്രഞ്ച് പൗരന്മാരെയും 184 അഫ്ഗാനികളെയും ഇന്നലെ രക്ഷപ്പെടുത്തിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയും വ്യക്തമാക്കി. 2,200ലേറെ പേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സ് ഒഴിപ്പിച്ചു.
ബ്രിട്ടന് ഓരോ ദിവസവും ആയിരത്തിലേറെ പേരെ ഒഴിപ്പിക്കുന്നുണ്ട്. ഇതില്‍ ബ്രിട്ടിഷ് പൗരന്മാരും അഫ്ഗാനികളും ഉള്‍പ്പെടും. എന്നാല്‍, തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെയെത്തിക്കുന്നതിനുള്ള നെതര്‍ലാന്‍ഡിന്റെ ശ്രമം കഴിഞ്ഞ ദിവസം വിജയിച്ചില്ല.
കാബൂള്‍ വിമാനത്താവളത്തിനു പുറത്തെ തിരക്ക് കാരണമാണ് ഒഴിപ്പിക്കാന്‍ സാധിക്കാതിരുന്നത്. അമേരിക്ക, ജര്‍മനി, ജപ്പാന്, ആസ്ത്രേലിയ, കാനഡ അടക്കമുള്ള മറ്റു രാജ്യങ്ങളും ഒഴിപ്പിക്കല്‍ തുടരുന്നു. അഫ്ഗാനിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും പൗരന്മാര്ക്കും സുരക്ഷ നല്‍കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."