'ഇന്ന് ഞങ്ങളുടെ കല്ല്യാണമാണ്'; ഷാരോണിന്റെയും ഗ്രീഷ്മയുടേയും താലി ചാര്‍ത്തിനു ശേഷമുള്ള വീഡിയോ പുറത്ത്
തിരുവനന്തപുരം: പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണും പ്രതിയായ കാമുകി ഗ്രീഷ്മയും വിവാഹിതരായ ദിവസം ചിത്രീകരിച്ച വീഡിയോ പുറത്ത്. താലി കെട്ടിയ ശേഷം ഇരുവരും ചേര്‍ന്ന് നിന്ന് ഇന്ന് ഞങ്ങളുടെ കല്ല്യാണമാണ് എന്ന് ഷാരോണ്‍ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ഈ ദൃശ്യങ്ങള്‍ ഗ്രീഷ്മയുടെ വീട്ടില്‍ വെച്ച് എടുത്തിരിക്കുന്നതാണ്.
കഴിഞ്ഞ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയതിന് തെളിവ് ഇല്ലെന്ന് പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിന്റെ കുടുംബം ഈ വീഡിയോ പൊലീസിന് കൈമാറിയത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒരു സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിക്കുന്നത്. ഇതിനുശേഷം മേയിലാണ് ഗ്രീഷ്മയുടെ വീട്ടിലെത്തി ഷാരോണ്‍ ഈ വീഡിയോ ചിത്രീകരിച്ചത്. ഇരുവരും താലിചാര്‍ത്തി നില്‍ക്കുന്ന ചിത്രം നേരത്തതന്നെ പുറത്തുവന്നിരുന്നു.
ഇതിനിടെ, പൊലിസ് കസ്റ്റഡിയിലിരിക്കെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചത്.
ഷാരോണിന്റെ കൊലപാതകത്തില്‍ ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.ഇരുവരും തമ്മിലുള്ള പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ പിന്മാറാന്‍ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ പിന്മാറിയില്ല. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളില്‍ തിരഞ്ഞതായും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പേരെ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായി വീണ്ടും ചോദ്യംചെയ്തു. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അതിനാല്‍തന്നെ ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.കേസില്‍ ഗ്രീഷ്മയുടെ അമ്മയേയേയും പ്രതിചേര്‍ക്കണമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് ആവശ്യപ്പെട്ടു. അവളുടെ അമ്മ അറിയാതെ ഒന്നും ചെയ്യില്ല. അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, ഗ്രീഷ്മയുടെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പാറശ്ശാലയിലെ തമിഴ്‌നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."