ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയുടെ അന്തകനോ? കോട്ടയത്ത് സേവ് കോണ്‍ഗ്രസ് പോസ്റ്റര്‍
സ്വന്തം ലേഖകന്‍
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്കെതിരേ പോസ്റ്റര്‍ പതിച്ച് പ്രതിഷേധം. ഡി.സി.സി അധ്യക്ഷന്റെ സാധ്യതാപട്ടികയെച്ചൊല്ലി കോട്ടയത്താണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ഡി.സി.സി ഓഫിസിലും നഗരത്തിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്ന ചോദ്യമുന്നയിക്കുന്ന പോസ്റ്ററില്‍ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരേയും പരാമര്‍ശമുണ്ട്. പരിഗണിക്കുന്നത് കഞ്ചാവ് കടത്തും ചൂതാട്ടകേന്ദ്രവും നടത്തുന്നവരെയാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു.
സ്വന്തം തട്ടകത്തില്‍നിന്ന് ആദ്യമായാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ പ്രതിഷേധമുയരുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ ഹൈക്കമാന്‍ഡിനു കൈമാറിയ ഡി.സി.സി അധ്യക്ഷരുടെ പട്ടികയെച്ചൊല്ലി എ, ഐ വിഭാഗങ്ങള്‍ ഇടഞ്ഞുനില്‍ക്കുകയാണ്. തങ്ങളോട് ആലോചിക്കാതെ പട്ടിക തയാറാക്കിയതിനെതിരേ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിഷേധത്തിലാണ്. കോട്ടയത്തുള്‍പ്പെടെ ആരുടെയും പേരുകള്‍ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.
നിലവില്‍ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരെയാണ് ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസിന്റെയും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പിന്തുണയോടെ സുരേഷിന് പട്ടികയില്‍ മുന്‍തൂക്കം ലഭിച്ചു. ഇതോടെയാണ് ജില്ലയിലെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായത്. യൂജിന്‍ അധ്യക്ഷനാകണമെന്നാണ് എ ഗ്രൂപ്പിന്റെ താല്‍പര്യം. ഇതിനിടെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."