രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു
ഹരിപ്പാട്: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഹരിപ്പാടിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
2017ല്‍ സാക്ഷരത മിഷന് നടത്തിയ 'അക്ഷരലക്ഷം' പരീക്ഷ ഒന്നാം റാങ്കില്‍ കാര്‍ത്ത്യായനിയമ്മ പാസായിരുന്നു. 40440 പേര് എഴുതിയ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്ത്യായനിയമ്മ ജേതാവായത്. 96ാം വയസിലായിരുന്നു കാര്‍ത്ത്യായനിയമ്മ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍.പി സ്കൂളില്‍ കാര്‍ത്ത്യായനിയമ്മ പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അക്ഷര ലക്ഷം സാക്ഷരത പരീക്ഷയില്‍ ഒന്നാം റാങ്കോടെ വിജയിച്ച കാര്‍ത്ത്യായനിയമ്മയെ 2018ലെ നാരീശക്തി പുരസ്കാരം തേടിയെത്തി. രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നത് രാജ്യാന്തര മാധ്യമങ്ങള്‍ അന്ന് വാര്‍ത്തയാക്കിയിരുന്നു. പത്താം ക്ലാസ് തുല്യതാ പരീക്ഷ എന്ന ആഗ്രഹം ബാക്കി നിര്‍ത്തിയാണ് കാര്‍ത്ത്യായനിയമ്മ വിട പറഞ്ഞിരിക്കുന്നത്.
പരിപൂര്‍ണ സാക്ഷരത എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതമിഷന്‍ ആവിഷ്കരിച്ചതാണ് 'അക്ഷരലക്ഷം' പദ്ധതി. എഴുത്തും വായനയും കണക്കും ഉള്‍പ്പെടുത്തി നടത്തിയായിരുന്നു പരീക്ഷ. അക്ഷരലക്ഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യത കോഴ്സിന് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."