ഏലത്തോട്ടങ്ങളിലെ ഓണപ്പിരിവ്: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്
ഇടുക്കി: ഏലത്തോട്ടമുടമകളില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാന്‍ട്രി ടോം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു.
ഓണപ്പിരിവ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടന്മേട് സെക്ഷന്‍ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പരാതി നല്കിയ കാര്‍ഡമം ഗ്രോവേഴ്സ് അസ്സോസിയേഷന് ജനറല്‍ സെക്രട്ടറിയുടെയും പിരിവ് നല്കിയ തോട്ടമുടമകളില്‍ ഒരാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സസ്പെന്‍ഷനിലായ രണ്ടു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോട്ടയം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാര്‍ഡമം ഗ്രോവേഴ്സ് അസ്സോസിയേഷന് വിവരം നല്‍കിയിരിക്കുന്നത്.
മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലന്‍സ് വിഭാഗം അടുത്ത ദിവസങ്ങളില്‍ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടര്‍ന്ന് പണം തിരികെ നല്കി ഒത്തു തീര്‍പ്പിലാക്കാനുള്ള ശ്രമങ്ങളും വനപാലകര്‍ നടത്തുന്നുണ്ട്. കേസില്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."