ഇനി മണിക്കൂറുകള്‍ കൂടി ഉപയോഗിക്കാനുള്ള വൈദ്യുതി മാത്രം; ഗസ്സയെ പൂര്‍ണമായും ഇരുട്ടിലാക്കി ഇസ്‌റാഈല്‍
ഇനി മണിക്കൂറുകള്‍ കൂടി ഉപയോഗിക്കാനുള്ള വൈദ്യുതി മാത്രം; ഗസ്സയെ പൂര്‍ണമായും ഇരുട്ടിലാക്കി ഇസ്‌റാഈല്‍
ഗസ്സ: ഇസ്‌റാഈലിന്റെ നിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കും കടുത്ത ഉപരോധത്തിനും പിന്നാലെ ഗസ്സ പൂര്‍ണമായും ഇരുട്ടിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയിലെ എല്ലാ അടിസ്ഥാന സേവനങ്ങളും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ജനജീവിതം കൂടുതല്‍ ദുരിതമയമാകുമെന്നാണ് കണക്കുകൂട്ടല്‍.
റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്‌റാഈല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായിപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മേഖല ഇരുട്ടിലേക്ക് പോകുന്നത്. ഹമാസ് തിരിച്ചടിക്ക് പ്രതികാരമായി ഗസ്സയെ സമ്പൂര്‍ണ ഉപരോധത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം നിര്‍ത്തിവെക്കുമെന്ന് ഇസ്‌റാഈല്‍ അധികൃതരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
The Government Media Office in Gaza: "The Gaza Strip is facing a humanitarian catastrophe, with the power station shutting down within hours due to the running out of fuel." pic.twitter.com/9MqQBfN0tq
— Quds News Network (@QudsNen) October 11, 2023
അതിനിടെ, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഗസ്സയില്‍ വ്യോമ, നാവിക ഉപരോധവും ഇസ്‌റാഈല്‍ തുടരുകയാണ്. ഗസ്സയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും വ്യോമാക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. ആക്രമണത്തില്‍ മരണസംഖ്യ 900 കടന്നു. മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. 4500 പേര്‍ക്കാണ് പരിക്ക്. രാത്രി നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാന്‍ പോലും സാധിച്ചില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ഗസ്സയില്‍ വീടുകള്‍ നഷ്ടപ്പെട്ടതായി യു.എന്‍ അറിയിച്ചു.
140 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗസ്സ 17 വര്‍ഷമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."