കാക്കനാട് ഒരുകോടിയുടെ മയക്കുമരുന്ന് വേട്ട സ്ത്രീയുള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍
കാക്കനാട്: ഒരുകോടി രൂപ വിലയുള്ള മാരക മയക്കുമരുന്ന് എം.ഡി.എം.എയുമായി അഞ്ചുപേര്‍ പിടിയില്‍. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, ഫവാസ്, ഷബ്‌ന, കാസര്‍കോട് സ്വദേശി അജു എന്ന അജ്മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് 90 ഗ്രാം എം.ഡി.എം.എ, ഐ ട്വന്റി കാര്‍ എന്നിവയും പിടികൂടി. മറ്റൊരു യുവതിയേയും യുവാവിനേയുംകൂടി കസ്റ്റഡിയിലെടുത്തെങ്കിലും കേസില്‍ പങ്കില്ലെന്ന വിലയിരുത്തലില്‍ വിട്ടയച്ചു.
ലഹരിക്കടത്തിന് മറയായി ഉപയോഗിച്ചിരുന്ന മൂന്ന് വിദേശ ഇനത്തില്‍പെട്ട നായ്ക്കളെയും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡില്‍ മര്‍ഹബ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും, ഉപയോഗിച്ചിരുന്ന കാറില്‍ നിന്നുമായാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചെന്നെയില്‍നിന്ന് ആഡംബര കാറില്‍ കുടുംബസമേതമെന്ന രീതിയിലാണ് സംഘം മയക്കുമരുന്നുമായി കേരളത്തിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്ത്രീകളും വിദേശ ഇനത്തില്‍പെട്ട നായ്ക്കളും കാറിലുള്ളത് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ സഹായിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ഫ്‌ളാറ്റുകള്‍ വാടക ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
10 ഗ്രാമിന് മുകളില്‍ എം.ഡി.എം.എ കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചു. എക്‌സൈസ് സി.ഐ ടി അനികുമാര്‍, ആലുവ എക്‌സൈസ് സി.ഐ ജി കൃഷ്ണകുമാര്‍, കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണറേറ്റ് കൊച്ചി സൂപ്രണ്ട് വി വിവേക്, കസ്റ്റംസ് പ്രിവന്റിവ് ഇന്‍സ്‌പെക്ടര്‍മാരായ റെമീസ് റഹീം, ഷിനുമോന്‍ അഗസ്റ്റിന്‍, ലിജിന്‍, കമാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബസന്ത് കുമാര്‍, അരുണ്‍കുമാര്‍, അനൂപ്, ഡ്രൈവര്‍ ശ്രാവണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."