കായികതാരങ്ങള്‍ക്ക് കുതിപ്പിന്റെ മന്ത്രം പകര്‍ന്ന പരിശീലകന്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരേ ഒരു ഉഷ എന്നതുപോലെ പരിശീലനത്തിന്റെ ചരിത്രത്തില്‍ ഒരേ ഒരു നമ്പ്യാര്‍ എന്ന ചൊല്ലും കായികകേരളം ഏറ്റു പറഞ്ഞ ഒരുകാലമുണ്ടായിരുന്നു.
രാജ്യത്തിന്റെ എക്കാലത്തെയും മികച്ച അത്‌ലറ്റ് പി.ടി ഉഷ അടക്കം ഒട്ടേറെ താരങ്ങളെ സുവര്‍ണനേട്ടങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തിയ ഒ.എം നമ്പ്യാര്‍ ദേശീയ ശ്രദ്ധ നേടിയ പരിശീലകരിലൊരാളായി പതിറ്റാണ്ടുകളോളം തിളങ്ങിനിന്നു. പയ്യോളി എക്‌സ്പ്രസ് എന്നു പേരുകേട്ട ഉഷയെ പയ്യോളി കടപ്പുറത്ത് പരിശീലനം നല്‍കിയ നമ്പ്യാരുടെ ചിത്രം കായികപ്രേമികളുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നുണ്ട്.
32 വര്‍ഷം കേരളത്തിന്റെ സ്വന്തം കോച്ചായിരുന്നു അദ്ദേഹം. ഉഷയെ കൂടാതെ ഷൈനി വില്‍സന്‍, വന്ദന റാവു, ബീന അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങളെ പരിശീലിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ കായികതാരമായിരുന്ന നമ്പ്യാര്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ അത്‌ലറ്റിക് ചാംപ്യനായിരുന്നു. 1955ല്‍ എയര്‍ഫോഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ചു. സര്‍വീസസിനായി ഒട്ടേറെ മെഡലുകള്‍ നേടി. എന്നാല്‍, രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം പൂവണിഞ്ഞില്ല. ആ നിരാശയില്‍ നിന്നാണ് കോച്ച് നമ്പ്യാര്‍ എന്ന പരിശീലകന്‍ പിറക്കുന്നത്. പട്യാല നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നു 1968ല്‍ കോച്ചിങ് ഡിപ്ലോമ നേടി. സര്‍വീസസിന്റെ കോച്ചായാണ് പുതിയ ജീവിതം ആരംഭിച്ചത്.
എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച ശേഷം കേണല്‍ ജി. വി രാജയുടെ ക്ഷണപ്രകാരം നമ്പ്യാര്‍ 1970ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായി ചുമതലയേറ്റു. 1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യ കോച്ചായി.
തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ ട്രയല്‍സിനിടെ നന്നേ മെലിഞ്ഞ ഒരു പെണ്‍കുട്ടി നമ്പ്യാരുടെ ശ്രദ്ധയില്‍പ്പെട്ടു. സെലക്ഷന്‍ ലഭിച്ച ആ പെണ്‍കുട്ടിയുമായി നമ്പ്യാര്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെത്തി. അവിടെ നിന്നായിരുന്നു നമ്പ്യാര്‍ ഉഷയെ രാഗി മിനുക്കാന്‍ തുടങ്ങിയത്.
1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസില്‍ ഉഷ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരുജന്മം ശിഷ്യയുടെ നേട്ടത്തിനു വേണ്ടി സമര്‍പ്പിച്ചതായിരുന്നു. ഉഷ മെഡലുകള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യന്‍ കായികരംഗത്തു തന്നെ ഏറ്റവുമധികം വിജയം കൊണ്ടുവന്ന ഗുരുശിഷ്യ ബന്ധമായി അത് വിലയിരുത്തപ്പെട്ടു. തന്റെ മകളായാണ് ഉഷയെ നമ്പ്യാര്‍ കണ്ടിരുന്നത്. ഉഷയുടെ മിന്നുന്ന നേട്ടങ്ങള്‍ക്കെല്ലാം സാക്ഷിയായി നമ്പ്യാര്‍ ഗാലറിയിലിരുന്ന് അഭിമാനിച്ചു. 1984 ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ ഉഷയ്ക്കു മെഡല്‍ നഷ്ടമായതിനെക്കുറിച്ച് പറയുമ്പോഴെല്ലാം നമ്പ്യാര്‍ വികാരാധീനാകുക പതിവായിരുന്നു.
37 വര്‍ഷത്തിനു ശേഷം നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയ അത്‌ലറ്റിക് സുവര്‍ണ മെഡല്‍ നേട്ടത്തിന്റെ സന്തോഷം പങ്കിടാന്‍ ഏതാനും ദിവസം മുമ്പാണ് പി. ടി ഉഷ വടകര മണിയൂര്‍ മീനത്തുകരയിലെ ഒതയോത്തു വീട്ടിലെത്തിയത്. തൊണ്ണൂറിന്റെ നിറവില്‍, പക്ഷാഘാതത്തില്‍ തളര്‍ന്ന അദ്ദേഹം ഉഷയുടെ വാക്കുകളെ ആഹ്ലാദത്തോടെയാവും നെഞ്ചേറ്റിയത്; അപ്പോഴേക്ക് ഓര്‍മ്മകള്‍ മങ്ങിയിരുന്നു.
നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയ, തലമുറകളെ പരിശീലിപ്പിച്ച മനുഷ്യ സ്‌നേഹിയായ ഗുരുവര്യനാണ് നമ്പ്യാരുടെ വിയോഗത്തോടെ നഷ്ടമാവുന്നത്.
1985ല്‍ കേന്ദ്രസര്‍ക്കാര്‍ ദ്രോണാചാര്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി അതിനു അര്‍ഹത നേടിയ മൂന്നു പേരിലൊരാള്‍ ഒ.എം നമ്പ്യാരായിരുന്നു ; പത്മശ്രീ ഉള്‍പ്പെടെ വേറെയും അംഗീകാരങ്ങള്‍. എന്നാല്‍ ശിഷ്യര്‍ ചാര്‍ത്തിയ ചിരമുദ്രകളാണ് നമ്പ്യാര്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."