സി.പി.എം സ്വന്തക്കാർക്ക് തുറന്നുവച്ച പിൻവാതിൽ
പിൻവാതിൽ നിയമനം പടിക്കുപുറത്താണെന്ന സർക്കാർ വാദത്തിൽ ആത്മാർഥതയുടെ തരിമ്പുമില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ് കിലയിലെ പാർട്ടിക്കാരുടെ 'തൊഴിലുറപ്പ്' വഴി. പിരിച്ചുവിടണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ട ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉൾപ്പെടെയുള്ള 11 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിതന്നെ നേതൃത്വം നൽകിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. നിയമനങ്ങൾക്ക് പാർട്ടി പട്ടിക ചോദിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ എഴുതിയ കത്ത് പുറത്തുവന്നപ്പോൾ ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ ജോലിയെന്ന ഇടതുസർക്കാരിന്റെ ഇരട്ടമുഖം വെളിപ്പെട്ടതായിരുന്നു. വിവാദങ്ങളിൽ നിന്നും തൊഴിലില്ലാപടയുടെ കണ്ണീരിൽ കുതിർന്ന പ്രതിഷേധങ്ങളിൽ നിന്നും ഈ സർക്കാർ ഒന്നും പഠിച്ചില്ലെന്നും തിരുത്തിയില്ലെന്നുമാണ് പുതിയ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.
മുൻകൂർ അനുമതിയില്ലാതെ നിയമനം പാടില്ലെന്ന് ഒന്നാംപിണറായി മന്ത്രിസഭയുടെ 2019 ഓഗസ്റ്റിലെ തീരുമാനമാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിതന്നെ അട്ടിമറിച്ചിരിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ വേലി തന്നെ വിള തിന്നുന്നുവെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ജനങ്ങൾക്കുവേണ്ടിയല്ല പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നതല്ലേ ഈ നടപടികളൊക്കെ.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനി(കില)ൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ പിൻവാതിൽ നിയമനമാണ് ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി. ശിവൻകുട്ടി, കില ചെയർമാനായിരിക്കെയാണ് ഡി.വൈ.എഫ്.ഐ നേതാവ് സൂര്യാ ഹേമൻ അടക്കമുള്ള പാർട്ടി അനുയായികൾക്ക് താൽക്കാലിക ജോലി നൽകിയത്.
അധിക സാമ്പത്തിക ബധ്യത വരുന്നതുമായിരുന്നു നിയമനം. പുതിയ നിയമനങ്ങൾ നടന്നതോടെ കിലയിലെ ശമ്പള ചെലവ് 39 ലക്ഷത്തിൽനിന്ന് 64 ലക്ഷമായി ഉയർന്നു. അതിനാൽ പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താൻ ധനവകുപ്പ് നിർദേശം നൽകി. എന്നാൽ അതു പാലിച്ചില്ലെന്ന് മാത്രമല്ല, സ്ഥിരനിയമന ശുപാർശയാണ് കില നൽകിയത്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി സ്ഥാനമേറ്റ വി. ശിവൻകുട്ടിക്ക് മുന്നിൽ ഈ ശുപാർശ എത്തി. തന്റെ കാലത്ത് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന നിർദേശം വകുപ്പുമന്ത്രി ശിവൻകുട്ടിയും ശരിവച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാർട്ടി അനുഭാവികളാണെന്നാണ് മനസിലാക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കമുള്ളവർക്ക് ലഭിച്ച കരാർ നിയമനങ്ങൾ വിവാദമായപ്പോൾ തന്റെ വകുപ്പിന് കീഴിലുള്ള താൽക്കാലിക നിയമനങ്ങൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെതന്നെ സമീപിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നു. ഏതെങ്കിലും സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. ഇത് സൗകര്യപൂർവം മറന്ന് കിലയിലെ അനധികൃത നിയമനങ്ങളെ സ്ഥിരപ്പെടുത്താൻ മന്ത്രി തന്നെയാണിപ്പോൾ കാർമികനായിരിക്കുന്നത് എന്നതാണ് ദൗർഭാഗ്യകരം.
ശിവൻകുട്ടി കില ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലയിൽ നടത്തിയ മുഴുവൻ നിയമനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകിയ മന്ത്രി, സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.പിൻവാതിലിലൂടെ ഇഷ്ടക്കാരെ സർക്കാർ ജോലികളിൽ തിരുകിക്കയറ്റൽ എക്കാലവും നടക്കാറുണ്ട്. എന്നാൽ ഇടതു സർക്കാരുകളുടെ കാലത്തിലേതുപോലെ എല്ലാ വകുപ്പിലും കടന്നുകയറുന്ന രീതി ഒരിക്കലും ഉണ്ടായിട്ടില്ലെന്ന ആരോപണം ഉദ്യോഗാർഥികൾക്കിടയിൽ ഉയർന്നിട്ടുണ്ട്. വലിയ തസ്തിക മുതൽ സ്വാധീനമില്ലാത്തവരുടെ പ്രതീക്ഷയായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങളിൽ പോലും രാഷ്ട്രീയ ഇടപെടലുകളുമായി ഭരണാനുകൂല സംഘങ്ങൾ കടന്നുകൂടിയിരിക്കന്നു.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ ബന്ധുനിയമന വിവാദമോ അല്ലെങ്കിൽ പിൻവാതിൽ നിയമനമോ രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയും വിവാദവുമായിരുന്നു. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ തന്റെ ബന്ധുവിനെ നിയമിക്കാൻ മന്ത്രി ഇ.പി ജയരാജൻ നടത്തിയ ശ്രമത്തെ തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം തന്നെ രാജിവയ്‌ക്കേണ്ടിവന്നു. എന്നിട്ടൊന്നും ആരും പഠിക്കുകയോ തിരുത്തുകയോ ചെയ്തില്ലെന്നാണ് കില സംഭവവും സൂചിപ്പിക്കുന്നത്. പിൻവാതിൽ, ബന്ധുനിയമനങ്ങളിലൂടെ അഭ്യസ്തവിദ്യരായ വിദ്യാർഥികൾക്കാണ് നഷ്ടം സംഭവിക്കുന്നത്. പി.എസ്.സിയിൽ പ്രതീക്ഷ അർപ്പിച്ച് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിലകൊള്ളുമ്പോഴാണ് ഈ നിയമന തട്ടിപ്പിന് സർക്കാർ കുടപിടിക്കുന്നത്.
കേരളത്തിൽ ഇടതുസർക്കാർ കാലത്ത് മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നുവെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചത്. ഓരോ വർഷവും തൊഴിൽ തേടി മൂന്നു ലക്ഷത്തിലേറെ പേർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുമ്പോഴാണ് ഈ തിരുകിക്കയറ്റൽ. ഏതെങ്കിലും കാലത്ത് പാർട്ടിപ്രവർത്തകനോ അനുഭാവിയോ ആയ ഏതൊരാൾക്കും നിയമനത്തട്ടിപ്പ് നടത്താൻ സൗകര്യമൊരുക്കും വിധത്തിലുള്ള സംവിധാനമാണ് സി.പി.എമ്മിലുള്ളതെന്ന് തോന്നിപ്പോകും ഇപ്പോഴത്തെ സംഭവങ്ങൾ വിലയിരുത്തുമ്പോൾ.
തട്ടിപ്പു കേസുകളിൽ പ്രതിയാകുന്നവരുടെ പാർട്ടിബന്ധം നിഷേധിക്കാൻ നേതാക്കൾ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യങ്ങൾ ഭരണത്തിന്റെ ഇടനാഴികളിൽ എങ്ങനെ ഉണ്ടായെന്ന് ഇനിയെങ്കിലും പരിശോധിക്കണം. അവതാരങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ പിണറായി വിജയൻ പാർട്ടി പ്രവർത്തകരെ ഓർമപ്പെടുത്തിയിട്ടെന്തായി! പാർട്ടി സ്ഥാനങ്ങളിലിരുന്ന അഖിൽ സജീവൻമാർ തൊഴിൽതട്ടിപ്പു കേസുകളിൽ പെടുമ്പോൾ പാർട്ടിക്ക് പങ്കില്ലെന്ന് ജനം വിശ്വസിക്കണമെങ്കിൽ ആദ്യം മന്ത്രിമാരെങ്കിലും സുതാര്യത ഉറപ്പുവരുത്തണം. അതില്ലാതാകുമ്പോഴാണ് നിയമന തട്ടിപ്പുകളുടെ സംശയ പുകമറയിൽ നേതാക്കളും പാർട്ടിയും വരുന്നത്.
Content Highlights:Back door opened for CPM owners
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."