കേരള മുസ്ലിംകളുടെ സാമൂഹിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്
ദുബൈ: കേരളത്തിന്റെ മത സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അവിസ്മരണീയമാണ്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള മോഡല്‍ സമര്‍പ്പിക്കാന്‍ സാധിച്ചതിന് പിന്നില്‍ കേരള മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ദേശീയ അന്തര്‍ ദേശീയ തലങ്ങളിലേക്ക് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കേരളേതര മുസ്ലിം സമൂഹം സമസ്തയുടെ വിദ്യാഭ്യാസ സാംസ്‌കാരിക ഇടപെടലുകളെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പണ്ഡിതന്മാരും ഉമറാക്കളും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ശോഭനമായ ഇസ്ലാമികാന്തരീക്ഷം. പ്രവാസികളുടെ ആത്മീയ വൈജ്ഞാനിക ഉന്നമനത്തിന് വേണ്ടി ദുബൈ സുന്നി സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രിയാത്മ ഇടപെടലുകള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി സംഗമം ഉദ്ഘാടനം ചെയ്തു. സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട് ജലീല്‍ ഹാജി ഒറ്റപ്പാലം അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥനാസദസ്സിന് നേതൃത്വം നല്‍കി. ജലീല്‍ ദാരിമി വടക്കേകാട്, സൂപ്പി ഹാജി കടവത്തൂര്‍, ഷക്കീര്‍ ഹുസൈന്‍ തങ്ങള്‍, ഇബ്രാഹീം ഫൈസി ചപ്പാരപ്പടവ്, ഹൈദര്‍ ഹുദവി, ഷറഫുദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു. ഷഫീഖ് ഹുദവി സ്വാഗതവും അലി ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."