ഉളിക്കലില്‍ കാട്ടാന ഓടിയവഴിയില്‍ മൃതദേഹം; ദേഹമാസകലം പരുക്കേറ്റ പാടുകള്‍
ഉളിക്കലില്‍ കാട്ടാന ഓടിയവഴിയില്‍ മൃതദേഹം; ദേഹമാസകലം പരുക്കേറ്റ പാടുകള്‍
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഒരു കൈ അറ്റ നിലയിലാണ്. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാന്‍ പ്രദേശത്ത് വലിയ ജനക്കൂട്ടം തമ്പടിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഓട്ടത്തിനിടെ വീണുപോയതാകാമെന്നാണ് സൂചന.
ഇന്നലെ രാവിലെയാണ് ജോസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടിലെത്താതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കര്‍ണാടക വനമേഖലയില്‍ നിന്ന് 12 കി.മീ അകലെയുള്ള ഉളിക്കല്‍ ടൗണിലാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കടകളും സ്‌കൂളുകളും അടപ്പിക്കുകയും ചെയ്തിരുന്നു.24 മണിക്കൂറോളം ഉളിക്കലില്‍ നിലയുറപ്പിച്ച ശേഷം വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."