അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍: സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് അമേരിക്ക; പൗരന്‍മാരെ ഒഴിപ്പിക്കല്‍ വേഗത്തിലാക്കി രാജ്യങ്ങള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗിമിക്കുന്നു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ കാബൂളില്‍ എത്തി. വിവിധ കക്ഷി നേതാക്കളുമായും മുന്‍ ഭരണത്തലവന്‍മാരുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് താലിബാന്‍ വൃത്തങ്ങള്‍ പറയുന്നത്.
അതേ സമയം കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് നിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു. എല്ലാവരും സുരക്ഷിതരാണ്. ഇവരെയും വഹിച്ചുള്ള വിമാനം ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യ എത്തിക്കും.
വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാന്‍ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരെ താലിബാന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നുമായിരുന്നു വിവരം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം താലിബാന്‍ നിഷേധിച്ചിരുന്നു.
എന്നാല്‍ കാബൂള്‍ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നില്‍ക്കുകയാണ്.
അമേരിക്കന്‍ പൗരന്മാര്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നല്‍കി. താലിബാന്‍ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യു.എന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങള്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. താലിബാന്‍ വഴി തടയുന്നതിനാല്‍ പലര്‍ക്കും കാബൂളില്‍ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് കാബൂളില്‍ നടക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."