ഇസ്റാഇൗലിന്റെ ക്രൗര്യവുംഗസ്സയുടെ മന്ദസ്മിതവും
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
ഏതെന്നോ എവിടെയെന്നോ തിരിച്ചറിയാതെ കുമിഞ്ഞുകൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ എല്ലാമെല്ലാം മണ്ണടിഞ്ഞുപോയി എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോഴും നിഷ്ക്രിയത്വത്തിലേക്കോ വിലാപങ്ങളിലേക്കോ വഴിമാറാതെ അതിൽനിന്ന് തന്റെ ആയുധമായ കൽച്ചീന്തുകൾ കരുതിവയ്ക്കുന്ന ഫലസ്തീനികളെ നിങ്ങൾ കണ്ടുവോ? ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഉറ്റവരുടെയും ഉടയവരുടെയും മരണം ഉറപ്പുവരുത്തുമ്പോഴും അവരുടെ മുഖത്ത് വിരിയുന്ന മന്ദസ്മിതത്തിൻ്റെ രസതന്ത്രം നിങ്ങൾ വായിച്ചുവോ? സർവായുധ വിഭൂഷിതരായ ഇസ്റാഇൗൽ പട്ടാളത്തിന്റെ ക്രൗര്യത്തിനു മുമ്പിൽ പിറന്നുവീണ മണ്ണിന്റെ സ്വാതന്ത്ര്യന്തിനുവേണ്ടി വാദിക്കുന്ന പിഞ്ചോമനകളുടെ ഉശിരും ഉൾബലവും ശ്രദ്ധിച്ചുവോ?
യുദ്ധം നാശമാണ്. നഷ്ടമാണ്. ഓരോ ജീവനും പവിത്രമാണ്. അമൂല്യമാണ്. കിടപ്പാടം നഷ്ടമായി തെരുവോരങ്ങളിലോ അഭയാർഥി ക്യാംപുകളിലോ അന്തിമയങ്ങേണ്ടിവരുന്നവൻ്റെ പകലുകൾപോലും കലുഷിതമായ രാവുകളിൽനിന്ന് ഏറെ ഭിന്നമല്ല. പഠിക്കാനോ തൊഴിലെടുക്കാനോ സ്വസ്ഥത ലഭിക്കാതെ, നിന്ന് തിരിയാൻപോലും സ്വാതന്ത്ര്യം ലഭിക്കാതെ സദാ പട്ടാളക്കാരുടെയും സി.ഐ.ഡികളുടെയും നോട്ടപ്പുള്ളികളായി കഴിയേണ്ടിവരുന്നത് മരണോന്മുഖമാണ്.
ജനസാന്ദ്രതയേറെയുള്ള ഒരു പ്രദേശം ബാക്കിവയ്ക്കാൻ ഒന്നുമില്ലാത്തവിധം അതിനിഷ്ഠുരമായി തകർത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ എന്തുമാത്രം ഭീതിദമാണ്.
അതോടൊപ്പം ലോക രാജ്യങ്ങളിലേറിയ കൂറും നീതിയുടെ പക്ഷം പിടിക്കുന്നതിനുപകരം അവരവരുടെ താൽപര്യത്തിനായി വേട്ടക്കാരന് പിന്തുണ പ്രഖ്യാപിച്ച് പീഡിതരുടെ രക്തത്തിൽ പങ്കുപറ്റാൻ മാത്സര്യം പ്രകടിപ്പിക്കുകയാണ്. ഫലസ്തീൻ ജനത ഇരന്നുവാങ്ങിയ യുദ്ധമെന്ന് അവഹേളിക്കുകയും തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ഫലസ്തീൻ ജനതയുടെ ചരിത്ര പശ്ചാത്തലവും ഇസ്റാഇൗലിന്റെ ഇന്നലെകളും അറിവില്ലാത്തതിനാൽ അല്ലല്ലോ ഇങ്ങനെയുള്ള നിലപാടെടുക്കുന്നത്. ഇസ്റാഇൗൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ അന്താരാഷ്ട്ര ഏജൻസികൾ അടിക്കടി റിപ്പോർട്ട് ചെയ്യാറുണ്ട്.
കൂടാതെ, അതതു രാജ്യങ്ങളുടെതന്നെ എംബസികൾ വഴിയും വിശ്വസനീയ വിവരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അവരവർ നോക്കുന്നത് തങ്ങളുടെ രാഷ്ട്രീയലാഭമാണ്. അവർ ഭയക്കുന്നത് ലോക പൊലിസിനെ പിണക്കിയാലുണ്ടായേക്കാവുന്ന നയതന്ത്ര ഭീഷണികളാണ്.
'ഇസ്റാഇൗലിൽ ഇപ്പോൾ നടക്കുന്നത് പ്രകോപനമില്ലാതെയുള്ള ആക്രമണമല്ല. മറിച്ച്, പതിറ്റാണ്ടുകളായി വെസ്റ്റുബാങ്കിലെ സൈനികഭരണത്തിൻ കീഴിലും ഗസ്സയിലെ ഉപരോധത്തിലും നിരന്തരമായുണ്ടായ ആക്രമണങ്ങളിലും ഫലസ്തീൻ ജനത അനുഭവിച്ച വീർപ്പുമുട്ടലിന്റെ തിരിച്ചടിയാണ്.
ഇന്ന് പല ഇസ്റാഇൗലികളും ഫലസ്തീനികളെ കാട്ടാളന്മാരെന്നും കൊലയാളികളെന്നും പറയുന്നതുപോലെ അധിനിവേശ ഫലസ്തീനികൾ ഇസ്റാഇൗലിനെക്കുറിച്ച് എണ്ണമറ്റ തവണ ഇതുപറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഫലസ്തീനികളോട് സംസാരിക്കാതെയും വിട്ടുവീഴ്ച ചെയ്യാതെയും സമാധാനം കൈവരിക്കാമെന്ന് വർഷങ്ങളായി പ്രധാനമന്ത്രി നെതന്യാഹു വാദിച്ചിരുന്നു. രണ്ടായിരത്തിൻ്റെ തുടക്കം മുതൽ രണ്ടാം ഇൻതിഫാദയ്ക്കുശേഷം കഴിഞ്ഞ ഒരു വർഷത്തിലുടനീളം മറ്റു ഏതു വർഷത്തേക്കാളും കൂടുതൽ ഫലസ്തീനികളും ഇസ്റാഇൗലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഫലസ്തീൻ നഗരങ്ങളിലും അഭയാർഥി ക്യാംപുകളിലും ഇസ്റാഇൗൽ സൈന്യം ആക്രമണം നടത്തുന്നത് പതിവാണ്. പട്ടാളക്കാർ ഫലസ്തീനികളെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഗസ്സയിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഉപരോധം രണ്ടു ദശലക്ഷത്തിലധികം ഫലസ്തീനികളുടെ ജീവിതം തുടർച്ചയായി താറുമാറാക്കുന്നുണ്ടായിരുന്നു'- ഇസ്റാഇൗൽ മാഗസിനായ 972 വിൽ എഡിറ്റർ Haggai Matar എഴുതിയതാണിത്(2023 ഒക്ടോബർ 07).
ഹമാസ് നടത്തിയ സൈനികാക്രമണത്തെ തുടർന്ന് ഒക്ടോബർ ഏഴിനു ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസ്താവനയിൽ ഞങ്ങൾ യുദ്ധത്തിലാണെന്ന് പരാമർശിക്കുകയുണ്ടായി. ഫലസ്തീനികൾക്കെതിരേയുള്ള സംഘർഷത്തെ ഇസ്റാഇൗൽ യുദ്ധമെന്ന് വിളിക്കുന്നത് പരിചിതമല്ല. എന്നാൽ ഫലസ്തീൻ പൗരന്മാർ ഏഴര പതിറ്റാണ്ടായി യുദ്ധമുഖത്ത് തന്നെയാണ്. ശാന്തിയുടെ വെള്ളരിപ്രാവുകൾ അവർക്കെന്നും കിനാവും കൊതിയുമായിരുന്നു.
ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണച്ചും ഇസ്റാഇൗലിന്റെ ഏകാധിപത്യത്തെ അപലപിച്ചും ആഗോളതലത്തിൽ വലിയ ജനവികാരം ഉണർന്നിട്ടുണ്ട്. നൂറുകണക്കിന് നഗരങ്ങളിലാണ് വൻ പ്രതിഷേധങ്ങൾ നടന്നത്.
ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പുകളുടെ ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ഉപരോധം ആഗോളതലത്തിൽ ഇസ്റാഇൗൽവിരുദ്ധ വികാരം വർധിപ്പിച്ചിട്ടുണ്ട്. ഗസ്സയിൽ, 'വൈദ്യുതിയോ ഭക്ഷണമോ ഇന്ധനമോ ഇല്ല, എല്ലാം അടച്ചിരിക്കുന്നു'- ഇസ്റാഇൗൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഫലസ്തീനികളെ 'മനുഷ്യമൃഗങ്ങൾ' എന്നും അദ്ദേഹം വിളിച്ചു. ഫലസ്തീനികൾക്കെതിരേ ഇസ്റാഇൗൽ വൈറ്റ് ഫോസ്ഫറസ് എന്ന നിയമവിരുദ്ധ രാസായുധം പ്രയോഗിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ഇസ്റാഇൗൽ അടിച്ചമർത്തൽ കാരണം, ഫലസ്തീൻ സന്നദ്ധ സംഘടന ഹെൽത്ത് വർക്ക് കമ്മിറ്റി(എച്ച്.ഡബ്ല്യു.സി)യുടെ ഭൂരിഭാഗം മൊബൈൽ ക്ലിനിക്കുകളും അടച്ചുപൂട്ടേണ്ടി വന്നു. പീപ്പിൾസ് ഹെൽത്ത് മൂവ്‌മെന്റിന് ലഭ്യമായ പ്രാഥമിക ഡാറ്റയനുസരിച്ച്, ഫലസ്തീനികൾക്കും ഇസ്റാഇൗലികൾക്കും ഇടയിലുള്ള ആയുർദൈർഘ്യത്തിലും ശിശുമരണനിരക്കിലുമുള്ള വ്യത്യാസങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട ചില ആരോഗ്യ സൂചകങ്ങളിൽ അക്രമങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ (OPT) ഫലസ്തീനികളുടെ ശരാശരി ആയുർദൈർഘ്യം 74 വർഷമാണ്. ഇസ്റാഇൗലിൽ താമസിക്കുന്ന ഒരു ജൂത ഇസ്റാഇൗലി പൗരൻ ശരാശരി 82.7 വയസിൽ എത്തുന്നു - ഏകദേശം 10 വർഷത്തെ വ്യത്യാസം.
ശിശുമരണങ്ങളുടെ കണക്കുകളും ഒരുപോലെ ഞെട്ടിപ്പിക്കുന്നതാണ്. OPT-കളിലെ പലസ്തീൻ കുട്ടികൾക്ക്, ശിശുമരണ നിരക്ക് 16.6/1000 ആണ്, അതേസമയം, ജൂത ഇസ്റാഇൗലികൾക്ക് ഇത് 2.7/1000 മാത്രമാണ്. നിഗമനം കൂടുതൽ വ്യക്തമാണ്: വിവേചനവും അധിനിവേശവും ആരോഗ്യത്തിനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കുന്നു.അടിച്ചമർത്തലിനും വിവേചനത്തിനുമെതിരായ ചെറുത്തുനിൽപ്പ് ഫലസ്തീനികളുടെ മൗലികാവകാശമാണ്. ഫലസ്തീൻ അവർക്ക് പാരമ്പര്യവും പൈതൃകവുമുള്ള ജന്മനാടാണ്.
മുൻഗാമികളുടെ രക്തത്തിന്റെയും വിയർപ്പിന്റെയും ഗന്ധമുള്ള മണ്ണ്. ആദ്യ ഖിബ്‌ലയും പദവിയേറെയുള്ള മൂന്ന് മസ്ജിദുകളിലൊന്നുമായ മസ്ജിദുൽ അഖ്സ്വായുടെ സാന്നിധ്യം സമ്പന്നമാക്കിയ ഭൂമി. മുഹമ്മദ് നബി(സ്വ)യുടെ ജീവിതചരിത്രത്തിലെ വിസ്മയായ രാപ്രയാണത്തിന് സാക്ഷിയായ ഇടം. ഇബ്‌റാഹീം(അ), ഇസ്ഹാഖ്(അ), യഅഖൂബ്(അ), യൂസുഫ്(അ), ശുഐബ്(അ), ലൂഥ്(അ), ദാവൂദ്(അ), സുലൈമാൻ(അ), സകരിയ്യ(അ), യഹ്‌യ(അ) തുടങ്ങിയ അനേകം നബിമാരുടെ പ്രബോധന ജീവിതത്തിൽ ഇടംപിടിച്ച പ്രദേശം. അതുകൊണ്ടൊക്കെത്തന്നെ മാതൃരാജ്യമെന്നതിലുപരി അവരുടെ വിശ്വാസത്തിന്റെകൂടി ഭാഗമാണീ ഭൂമി.
അവർ പൊരുതുന്നത് ജീവിക്കാൻ വേണ്ടി മാത്രമല്ല, അധിനിവേശത്തിനു മുമ്പിൽ മട്ടുമടക്കാൻ അവർക്കാവില്ല. അതിനാൽ അവസാന ശ്വാസംവരെ അരുതായ്മകൾക്കെതിരേ ജ്വലിച്ചുനിൽക്കും. അണയും മുമ്പ് ആയിരങ്ങളിലേക്ക് ആ ജ്വാല പടർന്നിട്ടുണ്ടാവും. അതിനാൽ അവരെ കരയിക്കാനാവില്ല. ആ മുഖങ്ങളിൽ ജീവിതത്തിലും മരണത്തിലും ആ മന്ദസ്മിതമുണ്ടാവും.
Content Highlights:Israel's cruelty and Gaza's indolence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."