നവദമ്പതികൾ തലമുറകൾക്ക് മാതൃകയാവണം: പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാർ
ബംഗ്ലൂരു: വൈവാഹിക ജീവിതം സമൂഹത്തിന്റെ അടിത്തറയാണെന്ന് സമസ്ത കേരള ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ല്യാർ. ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിൽ നടക്കുന്ന ദശദിന മഗല്യ മേള ആദ്യ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം.
ഓരോ ദമ്പതിമാരും തലമുറകൾക്ക് മാതൃകയാവേണ്ടവരാണ്. സുദൃഢമായ കുടുംബ ബന്ധമാണ് സമ്പുഷ്ടമായ രാജ്യത്തെ സൃഷ്ടിക്കുന്നത്. പ്രതിസന്ധിയുടെ കാലത്തും എഐകെഎംസിസി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. കേരളത്തിന്റെ സമുദായിക ഐക്യത്തിന്റെയും മാനവ സൗഹാർദ്ദത്തിന്റെയും മഹത്തായ സന്ദേശം മറുനാടുകളിലേക്ക് പ്രചരിപ്പിക്കുന്നതിൽ എഐകെഎംസിസി പ്രവർത്തകർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഏതു ജീവിത പരിസരങ്ങളിലായാലും ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള ദാമ്പത്യ ജീവിതം നയിക്കാൻ വധുവരന്മാർക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാമലിംഗ റെഡ്ഡി എം.എൽ.എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേഠ് മുഖ്യപ്രഭാഷണം നടത്തി. പ്രസാർഭാരതി ബംഗ്ലൂരു സ്‌റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ, വി.സി കരീം, സി.പി സദഖത്തുല്ല സംസാരിച്ചു. വിവാഹ ചടങ്ങുകൾക്ക് മൗലാന അഷ്‌റഫ് അലി, ഹാജീബ എന്നിവർ നേതൃത്വം നൽകി. അതീഖ് മസ്ജിദ് ഇമാം മൗലാനാ മുഫ്തി ഇർഷാദ് അഹമ്മദ് നികാഹ് കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.
ജയനഗർ, ഗൗരിപാളയം ഏരിയാ കമ്മിറ്റികൾ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.
എഐകെഎംസിസി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ടി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ നൗഷാദ് സ്വാഗതവും സെക്രട്ടറി എം.എ അമീറലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."