HOME
DETAILS
MAL
ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍
backup
August 24 2021 | 03:08 AM
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍.
ഓണം ഉള്‍പ്പെടെ ആഘോഷങ്ങള്‍, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന രോഗികളുടെ എണ്ണം നിലവിലെ പ്രതിദിന വര്‍ധനയുടെ മൂന്നു മുതല്‍ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ്. 40,000 മുതല്‍ 60,000ന് മുകളില്‍ വരെ പ്രതിദിന രോഗികളുണ്ടാകും. ഐ.സിയു വെന്റിലേറ്റര്‍ എന്നിങ്ങനെയുള്ള അതിതീവ്ര പരിചരണം എന്നതിനേക്കാള്‍ ഓക്‌സിജന്‍ നല്‍കിയുള്ള ചികിത്സയാകും കൂടുതല്‍ വേണ്ടിവരിക. അതിനാല്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം പരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.
നിലവില്‍ അഞ്ചു ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഈ ജില്ലകളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ വാക്‌സിന്‍ പരമാവധി പേരില്‍ എത്തുന്നുണ്ടെന്ന് ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ടു ലക്ഷം വരെ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യണം. ഇതിന് ആരോഗ്യവകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കണമെന്ന നിര്‍ദേശവുമുണ്ട്.
വാക്‌സിനേഷന് പരമാവധി വേഗം കൂട്ടണം. പ്രായാധിക്യമുള്ളവരില്‍ രണ്ടാം ഡോസ് അതിവേഗം എത്തിക്കാനുള്ള നടപടി ഉണ്ടാകണം. വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്‌സിനേഷനുള്ള നടപടികള്‍ സ്വീകരിക്കണം. മൂന്നാം തരംഗം കുട്ടികളില്‍ വലിയ തോതില്‍ മരണനിരക്ക് ഉണ്ടാക്കില്ലെന്നാണ് പഠനങ്ങളെല്ലാമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. സുല്‍ഫി നൂഹു പറഞ്ഞു.
കൊച്ചുകുട്ടികളില്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് കഴിയുമ്പോള്‍ തന്നെ റിസപ്റ്ററുകളുടെ വ്യത്യസ്ത ഘടനമൂലം വൈറസ് തുടക്കത്തില്‍ തന്നെ നിര്‍വീര്യമാക്കപ്പെടാനുള്ള സാധ്യത ഉള്ളതിനാലാണിത്. അതുകൊണ്ടുതന്നെ ശ്വസകോശത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് ഗുരുതരമാകാറില്ലെന്നും ഡോ. സുല്‍ഫി നൂഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."