മില്‍മയില്‍ പാലെത്തിച്ചതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; കരാറുകാരന് 46 ലക്ഷം അധികം നല്‍കി
മില്‍മയില്‍ പാലെത്തിച്ചതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; കരാറുകാരന് 46 ലക്ഷം അധികം നല്‍കി
തിരുവനന്തപുരം:മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും പാലുകൊണ്ടുവന്നതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഇന്ദാപൂരില്‍ നിന്നും പാല്‍ കൊണ്ടുവരാന്‍ ഓം സായി ലോജിസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കില്‍ കരാര്‍ നല്‍കിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍.
പാലെത്തിക്കുന്നതിനായുള്ള വാഹനക്കരാര്‍ നിലവിലെ നിരക്കില്‍ നിന്ന ഉയര്‍ന്ന തുകയ്ക്കു നല്‍കിയതാണ് നഷ്ടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാല്‍ കൊണ്ടുവന്ന വാഹനം അധികദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരില്‍ നിന്നും തിരിച്ചുപിടിക്കാനും ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തു.
മഹാരാഷ്ട്രയിലെ സോനായി ഡയറിയില്‍ നിന്നും പാലെത്തിക്കുന്നതിനായി കിലോമീറ്ററിന് 60 രൂപ നിരക്കിലാണ് 'ഓം സായി ലോജിസ്‌ററികി'ന് കരാര്‍ നല്‍കിയത്. 2022 ഒക്ടോബര്‍ 23മുതല്‍ 2023 മാര്‍ച് 25 വരെ നടത്തിയ 155 ട്രിപ്പുകളില്‍ 46 ലക്ഷത്തി പതിനെണ്ണായിരത്തി തൊള്ളായിരത്തി ഇരുപതു രൂപ അധികം ചെലവഴിച്ചു. കരാറുകാരന്‍ 52 രൂപയ്ക്ക് മലബാര്‍ യൂണിയനിലടക്കം പാലെത്തിക്കുമ്പോഴാണ് തിരുവനന്തപുരം യൂണിയന്‍ കൂടുതല്‍ തുക നല്‍കിയത്
മഹാരാഷ്ട്രയിലെ സ്ഥാപനത്തില്‍ നിന്നും തിരുവനന്തപുരം ഡയറിയിലേക്ക് ദേശീയപാത44 വഴി സഞ്ചരിച്ചാല്‍ ഗൂഗിള്‍ മാപ്പ് പ്രകാരം ദൂരം 1481. പക്ഷെ 3066 കിലോമീറ്റര്‍ യാത്ര ചെയ്തതായി രേഖയുണ്ടാക്കി കരാറുകാരന്‍ അധികം തുക വാങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.
പാല്‍ക്ഷാമമുണ്ടായപ്പോഴാണ് മഹാരാഷ്ട്രയിലെ സോനായി ഡയറിയില്‍ നിന്നും പാല്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. പാലെത്തിക്കാന്‍ കരാര്‍ നല്‍കിയത് ഓം സായി ലൊജസ്റ്റിക് എന്ന സ്ഥാപനത്തിനാണ്. ടെണ്ടര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയത്. ഓഡിറ്റിംഗ് സമയത്ത് ടെണ്ടറോ കരാര്‍ രേഖയോ ഹാജരാക്കിയുമില്ല. തിരുവനന്തപുരം മുതല്‍ ആലപ്പുഴ നീളുന്ന തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."