യുഎഇയിൽ ലൈസൻസില്ലാത്ത നാല് റിക്രൂട്ട്‌മെന്റ് ഏജൻസികൾ അടച്ചുപൂട്ടി; 50,000 ദിർഹം വീതം പിഴ
യുഎഇയിൽ ലൈസൻസില്ലാത്ത നാല് റിക്രൂട്ട്‌മെന്റ് ഏജൻസികൾ അടച്ചുപൂട്ടി; 50,000 ദിർഹം വീതം പിഴ
അബുദാബി: ലൈസൻസില്ലാതെ പ്രവർത്തിച്ച യുഎഇയിലെ നാല് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികൾ അടച്ചുപൂട്ടി. നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഉടമകൾക്ക് 50,000 ദിർഹം പിഴ ചുമത്തി. അൽ ഐൻ ആസ്ഥാനമായുള്ള നാല് ഏജൻസികളാണ് അടച്ചുപൂട്ടിയത്.
ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഏജൻസികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. സാമ്പത്തിക വികസന വകുപ്പ് ഏജൻസികളുടെ സ്ഥാപനത്തിൽ നോട്ടീസ് പതിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിലെ ഗാർഹിക തൊഴിലാളികൾക്ക് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി, അബുദാബി അൽ ഐൻ ശാഖയിലെ സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് രണ്ടാഴ്ച മുമ്പ് ഏജൻസികൾ പിടിയിലായത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് 2022 മുതൽ ഇന്നുവരെ മൊത്തം 45 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കും ഗാർഹിക തൊഴിലാളി ഏജൻസികൾക്കും MoHRE പിഴ ചുമത്തിയിട്ടുണ്ട്.
ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപഴകരുതെന്നും അത്തരം സ്ഥാപനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."