50 ദിര്‍ഹം കൊണ്ട് ഒമാനില്‍ നിന്ന് യുഎഇയിലേക്ക് ഒരു ബസ് യാത്ര; അറിയേണ്ടതെല്ലാം
മസ്‌കറ്റ്: ഈ മാസം ഒക്ടോബര്‍ 6 മുതലാണ് ഒമാന്‍- യുഎഇ രാജ്യങ്ങളെ ബന്ധിപ്പിച്ച് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍എകെടിഎ) പുതിയ അന്താരാഷ്ട്ര ബസ് റൂട്ട് പ്രഖ്യാപിച്ചത്. ഉയര്‍ന്ന നിരക്കിലുള്ള വിമാനയാത്രയ്ക്ക് കാത്തുനില്‍ക്കാതെ 50 ദിര്‍ഹത്തിന് മനോഹരമായ റോഡ് ട്രിപ്പ് നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം മൂന്നു മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും രണ്ട് യാത്രകളാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒമാനിലെ മുസന്‍ദം മുതല്‍ യുഎഇയിലെ റാസല്‍ഖൈമ വരെയാണ് ബസ് സര്‍വീസ്. ഇതേസമയങ്ങളില്‍ ഒമാനിലെ ഖസബ് പ്രവിശ്യയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും യാത്ര ആരംഭിക്കും.
പ്രകൃതി സുന്ദരമായ ഒമാനിലെ സലാല ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാന്‍ പോകുന്ന യുഎഇ നിവാസികള്‍ക്കും ദുബായ് ഉള്‍പ്പെടെയുള്ള യുഎഇയിലെ നഗരമനോഹാരിത ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം ബസ് യാത്ര ഏറെ ഉപകാരപ്പെടും. ജോലി ആവശ്യാര്‍ത്ഥം ഇടയ്ക്കിടെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ട സ്വദേശി-വിദേശി തൊഴിലാളികള്‍ക്കാണ് സര്‍വീസ് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം.
ഒമാനിലെ മുസന്‍ദം ഗവര്‍ണറേറ്റുമായി സഹകരിച്ചാണ് റാസല്‍ഖൈമ ഗവര്‍ണറേറ്റ് സര്‍വീസ് നടത്തുന്നത്. 2023 ഓഗസ്റ്റ് 30നാണ് ഗവര്‍ണറേറ്റുകള്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചത്. റാസല്‍ഖൈമയില്‍ മൂന്നും ഒമാനില്‍ അഞ്ചും സ്ഥലങ്ങളിലാണ് ബസ് നിര്‍ത്തുക. വെബ്‌സൈറ്റ് വഴിയും ആപ്ലിക്കേഷനിലൂടെയും ബസ് സ്റ്റേഷനിലും ടിക്കറ്റ് ബുക്ക് ചെയ്യാനും ബസ്സിനുള്ളില്‍ വച്ച് നേരിട്ട് ടിക്കറ്റെടുക്കാനും യാത്രക്കാര്‍ക്ക് സാധിക്കും.
ബസ് സ്റ്റോപ്പുകള്‍
ഒമാനിലെ ബസ് സ്റ്റോപ്പുകള്‍
തിബാത്ത് ഏരിയ
ബുഖ പ്രവിശ്യ
ഹാര്‍ഫ് ഏരിയ
ഖദ ഏരിയ
ഖസബ് പ്രവിശ്യ
യുഎഇയിലെ ബസ് സ്റ്റോപ്പുകള്‍
റാസല്‍ ഖൈമ ബസ് സ്റ്റേഷന്‍ (അല്‍ദൈത്ത് സൗത്ത്)
അല്‍ റാംസ് ഏരിയ
ഷാം ഏരിയ
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
താഴെ പറയുന്ന ചാനലുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
RAKBus ആപ്ലിക്കേഷന്‍
RAKBsu വെബ്‌സൈറ്റ്
ബസ്സില്‍ നേരിട്ട്
റാസല്‍ഖൈമ ബസ് സ്റ്റേഷന്‍
സമയവും ചെലവും
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും രണ്ട് യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. മൊത്തം യാത്രാ സമയം ഏകദേശം 3 മണിക്കൂര്‍. ദിര്‍ഹം 50 ആണ് വണ്‍വേ യാത്രാ നിരക്ക്.
Content Highlights : uae oman bus service ras al khaimah musandam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."