'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ പദ്ധതികള്‍ ഇല്ല, ഉള്ളത് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' എന്ന് പൊലിസ്
തിരുവനന്തപുരം: 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ നിലവില്‍ പദ്ധതികള്‍ ഒന്നുമില്ലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' എന്ന പദ്ധതിയാണെന്നും പൊലീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. അയല്‍വീടുകള്‍ നിരീക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് രംഗത്തുവന്നിരിക്കുന്നത്.
അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' എന്നും പത്രക്കുറിപ്പില്‍ പറയുന്നു. നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍പക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
സുഹൃദ് ബന്ധങ്ങളും കൂട്ടായ്മകളും വര്‍ദ്ധിപ്പിച്ച് അയല്‍പക്കങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. ഫഌറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും.
കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു. അയല്‍ക്കാരുടെ അസ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ അറിയിക്കാനായി 'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി ആരംഭിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."