മീഡിയാവൺ, കൈരളി വിലക്ക് ഏകാധിപത്യം; ഗവർണറുടെ വസതിയിലേക്ക് നാളെ പത്രപ്രവർത്തകരുടെ മാർച്ച്
തിരുവനന്തപുരം: കൈരളിയേയും മീഡിയവണ്ണിനെയും വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഏകാധിപത്യപരമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വിലക്കിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ നാളെ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. രാവിലെ പതിനൊന്നരക്കാണ് മാർച്ച് നടത്തുക.
ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയ്ക്ക് എടുക്കാൻ പാടില്ലാത്ത നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്ന് കെയുഡബ്ല്യൂജെ പ്രസിഡന്റ് എം.വി വിനീത പറഞ്ഞു. മാധ്യമങ്ങളോടുള്ള ഏകാധിപത്യപരമായ നടപടികളിൽ നിന്നും ഗവർണർ പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച്. കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലുമുള്ള പ്രതിനിധികളോട് മാർച്ചിൽ പങ്കെടുക്കാൻ ആവശ്യപ്പെടും. വാർത്താസമ്മേളനം ബഹിഷ്‌കരിക്കുക എന്നത് പ്രയോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗവർണറുടെ സമീപനത്തിൽ കെയുഡബ്ല്യുജെയുടെ പ്രതിഷേധം ഇന്ന് തന്നെ രേഖാമൂലം അറിയിക്കുമെന്നും വിനീത പറഞ്ഞു.
ഇന്ന് രാവിലെ നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളെ അദ്ദേഹം ഇറക്കിവിട്ടിരുന്നു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്ന് ആരെങ്കിലും വാർത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കിൽ പുറത്ത് പോകണമെന്നാണ് പറഞ്ഞത്. ഗവർണർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി വാർത്താസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."